ചാഞ്ചാട്ടങ്ങള്‍ക്കിടെ മൂന്നാം ദിവസവും ഒരേ വിലയില്‍ തുടര്‍ന്ന സ്വര്‍ണ വില. തിങ്കളാഴ്ച കേരള വിപണിയില്‍ സ്വര്‍ണ വില സ്ഥിരത പുലര്‍ത്തുകയാണ്. ശനിയാഴ്ച രേഖപ്പെടുത്തിയ ഗ്രാമിന് 5,515 രൂപയും പവന് 44,120 രൂപയുമാണ് തിങ്കളാഴ്ചയിലെയും വില. യുഎസ് ഫെഡ് റിസര്‍വ് യോഗം ഈ ആഴ്ച നടക്കാനിരിക്കെ ആഗോള വിപണിയില്‍ സ്വര്‍ണ വില ചാഞ്ചാടുകയാണ്. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
ഉയര്‍ന്ന നിലവാരം
കഴിഞ്ഞ ആഴ്ച സ്വര്‍ണ വിലയിലുണ്ടായ മുന്നേറ്റം വീണ്ടും 45,000 എന്ന നിലവാരത്തിലേക്കുള്ള കുതിപ്പാണോ എന്ന് സംശയമുണ്ടാക്കി. മൂന്ന് ദിവസങ്ങളിലായി 560 രൂപ കൂടിയ സ്വര്‍ണ വില പവന് 44,560 രൂപ എന്ന മാസത്തിലെ ഉയര്‍ന്ന നിലവാരത്തിലെത്തി. മേയ് ആദ്യവാരം രേഖപ്പെടുത്തിയ 45,760 രൂപയാണ് കേരളത്തിലെ ഉയര്‍ന്ന വില.
മാസത്തിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് രണ്ടു ദിവസം കൊണ്ട് 440 രൂപ കുറഞ്ഞതാണ് കഴിഞ്ഞ വാരത്തിലെ അവസാന ദിവസം 44,120 രൂപയിലേക്ക് സ്വര്‍ണ വില എത്തിയത്. ജൂലായ് മാസം മൂന്നാം തീയതി രേഖപ്പെടുത്തിയ 43,240 രൂപയാണ് ഏറ്റവും കുറഞ്ഞ വില.

ആഗോള വിപണിയിൽ സ്വർണ വില
നിക്ഷേപകർ യുഎസ് ഫെഡറൽ റിസർവ് മീറ്റിംഗിനായി കാത്തിരിക്കുന്നതിനാൽ തിങ്കളാഴ്ച സ്വർണ വില ഇടിഞ്ഞു. വെള്ളിയാഴ്ചയിലെ ക്ലോസിംഗ് നിലവാരമായി ഔണ്‍സിന് 1961.94 ഡോളറില്‍ നിന്ന് 0.07 ശതമാനം ഇടിവിൽ 1960.01 ഡോളറിലാണ് സ്വര്‍ണ വില. ജൂലായ്ക്ക് ശേഷം യുഎസ് സെൻട്രൽ ബാങ്ക് പലിശ നിരക്ക് വർധനവ് താൽക്കാലികമായി നിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡോളർ സൂചിക സ്ഥിരത നിലനിർത്തിയതും സ്വർണവിലയെ ബാധിച്ചു. ജൂലായ് 20 ന് എത്തിയ ഒരാഴ്ചത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ തന്നെയാണ് ഡോളർ സൂചികയുള്ളത്. ഇത് സ്വർണ വില വർധനവിനെ പരിമിതപ്പെടുത്തി. ഡോളർ ശക്തമാകുന്നതോടെ മറ്റ് കറൻസികൾ കൈവശമുള്ളവർക്ക് സ്വർണം വാങ്ങുന്നത് കൂടുതൽ ചെലവേറിയതാക്കും എന്നതാണ് രീതി.
വരാനിരിക്കുന്നത് വില വർധനവോ?
യുഎസ് സെൻട്രൽ ബാങ്കിന്റെ യോഗം ഈ വാരം നടക്കും. പലിശ നിരക്ക് വർധനവ് താൽക്കാലികമായി നിർത്തിയാൽ സ്വർണ വിലയെ മുന്നോട്ട് നയിക്കും. യുഎസ് നാണയപ്പെരുപ്പം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതിന് ശേഷം യുഎസ് ഡോളർ തുടർച്ചയായി വിൽപന സമ്മർദ്ദത്തിലാണ്. പലിശ നിരക്ക് വർധനവില്ലെങ്കിൽ നിക്ഷേപകർ കറൻസിയിൽ നിന്ന് സ്വർണത്തിലേക്കും ഇക്വിറ്റിയിലേക്കും പണം മാറ്റുന്നതിനാൽ സ്വർണ വില കുതിക്കും.
അതോടൊപ്പം ആഭ്യന്തര വിപണിയിൽ സ്വർണത്തിന്റെ ആവശ്യകത കൂടുന്ന സമയമാണ് വരാനിരിക്കുന്നത്. ഓണം, വിവാഹ സീസൺ എന്നിവ അടുത്ത് വരുന്ന സാഹചര്യത്തിൽ രാജ്യാന്തര വിപണി സാഹചര്യങ്ങൾ കൂടാതെ ആവശ്യകത ഉയരുന്നത് സംസ്ഥാന വിപണിയിൽ സ്വർണ വില ഉയരാൻ സാധ്യതയുണ്ട്. ഭേദപ്പെട്ട വിലയിൽ സ്വർണം ലഭിക്കുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങുകയോ, അഡ്വാൻസ് ബുക്ക് ചെയ്യുകയോ ചെയ്യുന്നത് അടുത്ത മാസങ്ങളിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനം ചെയ്യും.


Click it and Unblock the Notifications