ചരിത്രത്തിലെ ഉയർന്ന നിലവാരത്തിൽ നിന്ന് പതിയെ താഴോട്ടിറങ്ങി സ്വർണ വില. വ്യാഴാഴ്ച സ്വർണ വില പവന് 480 രൂപ കുറഞ്ഞ് 46,000 രൂപയിലേക്ക് എത്തി. 60 രൂപ കുറഞ്ഞ് 5,750 രൂപയിലാണ് ഒരു ഗ്രാം സ്വർണം വ്യാപാരം നടക്കുന്നത്. ബുധനാഴ്ച ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 46,480 രൂപയിലേക്ക് പവന്റെ വില എത്തിയിരുന്നു. 600 രൂപയുടെ വർധനവാണ് ബുധനാഴ്ച സ്വർണ വിലയിലുണ്ടായത്. മാസത്തിലെ ഉയർന്ന നിലവാരമാണിത്.
ആഗോള വിപണിയിൽ
ആഗോള വിപണിയിൽ കാര്യമായ മുന്നേറ്റം വ്യാഴാഴ്ച സ്വർണ വിലയിലില്ല. സ്പോട്ട് ഗോൾഡ് ഔൺസിന് 0.07 ശതമാനം നേട്ടത്തിൽ 2,045.75 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കയിൽ പുറത്തു വരാനിരിക്കുന്ന പ്രധാന പണപ്പെരുപ്പ റിപ്പോർട്ടുകൾക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാലാണ് വ്യാഴാഴ്ച സ്വർണ വില സ്ഥിരത പാലിക്കുന്നത്. പണപ്പെരുപ്പ ഡാറ്റ അനുകൂലമായാൽ പലിശ നിരക്ക് പ്രതീക്ഷിച്ചതിലും വേഗത്തിൽ എത്തിയേക്കാമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.

നിലവിൽ ഏഴ് മാസത്തെ ഉയർന്ന നിലവാരത്തിലാണ് സ്വർണ വിലയുള്ളത്. തുടർച്ചയായ രണ്ടാമത്തെ പ്രതിമാസ നേട്ടത്തിലേക്കാണ് സ്വർണം നീങ്ങുന്നത്. ഡോളർ സൂചിക മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് നീങ്ങിയതോടെയാണ് സ്വർണം മികച്ച ഉയരത്തിലേക്ക് കുതിച്ചത്.
ഡോളറിന്റെ ഒരു വർഷത്തിനിടയിലെ ഏറ്റവും മോശം പ്രതിമാസ പ്രകടനമാണ് നവംബറിലേത്. 10 വർഷത്തെ ട്രഷറി ബോണ്ടിന്റെ ആദായം രണ്ടര മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.2210 ശതമാനത്തിലേക്കും എത്തി.
സ്വർണ വില ഉയരത്തിൽ തന്നെ
നംവബർ മാസത്തിലെ അവസാന ദിവസം പവന് 46,000 രൂപയിൽ സ്വർണം വ്യാപാരം നടത്തുമ്പോൾ 1,640 രൂപയാണ് വിലയിലുണ്ടായ മുന്നേറ്റം. നവംബർ 13 ന് 44,360 രൂപയിലേക്ക് താഴ്ന്ന ശേഷമാണ് സ്വർണ വില കുതിക്കാൻ തുടങ്ങിയത്. നവംബർ ഒന്നിന് 45,120 രൂപയിൽ വ്യാപാരം ആരംഭിച്ച ശേഷമാണ് സ്വർണ വിലയിൽ ഇടിവും മുന്നേറ്റവും ഉണ്ടായത്.
ഈ വാരത്തിൽ നാല് ദിവസത്തിനിടെ 120 രൂപയുടെ മുന്നേറ്റമാണ് നിലവിൽ സ്വർണ വിലയിൽ കാണാനുള്ളത്. തിങ്കളാഴ്ച 200 രൂപ വർധിച്ച് 45,880 രൂപയിലാണ് സ്വർണം വ്യാപാരം തുടങ്ങിയത്. ചൊവ്വാഴ്ച സ്വർണ വില മാറ്റമില്ലാതെ തുടർന്നു. ഇവിടെ നിന്നാണ് 800 രൂപയുടെ വമ്പൻ മുന്നേറ്റം സ്വർണ വിലയിലുണ്ടായത്. 46,480 രൂപയിലെത്തിയ സ്വർണ വില ഇന്നലത്തെ മുന്നേറ്റത്തിന്റെ ഭൂരിഭാഗവും ഇന്ന് നഷ്ടപ്പെടുത്തി.
സ്വർണത്തിന് മുന്നേറ്റ സാധ്യത
ഫെഡറൽ റിസർവ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം, വരാനിരിക്കുന്ന മാസങ്ങളിൽ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച യുഎസിലെ വ്യക്തിഗത ഉപഭോഗ ചെലവ് പണപ്പെരുപ്പ റിപ്പോർട്ടും തുടർന്ന് വെള്ളിയാഴ്ച ഫെഡറൽ ചെയർമാൻ ജെറോം പവലിന്റെ പ്രസ്താവനയും വിപണി പ്രതീക്ഷിക്കുന്നുണ്ട്. ഇതിൽ പലിശ നിരക്ക് കുറവിനെ പിന്തുണയ്ക്കുന്ന സൂചനകൾ ലഭിച്ചാൽ സ്വർണ വില പിടിവിട്ട് കയറുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications