കയ്യിൽ പണമുള്ള സമയത്ത് സ്വർണം വാങ്ങി വെച്ചാൽ ഭാവിയിൽ ഗുണമായി മാറുന്നത് പല വഴിക്കാണ്. സ്വർണം വിറ്റാൽ വലിയ വില ലഭിക്കുന്നതിനൊപ്പം വായ്പയ്ക്ക് ഈട് നൽകാനും സ്വർണം ഉപയോഗിക്കാം. വ്യക്തിപരമോ ബിസിനസ് ആവശ്യങ്ങൾക്കോ ഫണ്ട് ആവശ്യമുണ്ടെങ്കിൽ സ്വർണത്തിന്മേൽ കടം വാങ്ങുന്നത് വേഗത്തിലും എളുപ്പത്തിലും പണം ലഭിക്കാൻ സഹായിക്കും.
എളുപ്പത്തിൽ പണം ലഭിക്കുമെങ്കിലും പലിശ ഓരോ ബാങ്ക് അനുസരിച്ചും വ്യത്യാസപ്പെടും. എങ്ങനെ സ്വർണ വായ്പയിൽ മികച്ച വില വാങ്ങിയെടുക്കും എന്ന് നോക്കാം. ഇതിനായി പലിശ നിരക്കിനെ ബാധിക്കുന്ന ഘടകങ്ങളെ തിരിച്ചറിയുകയും ഇവ അനുകൂലമാക്കി മാറ്റുകയാണ് വേണ്ടത്.
സ്വര്‍ണ വില
കേരളത്തില്‍ ചൊവ്വാഴ്ചയും സ്വര്‍ണ വില ഉയര്‍ന്നിട്ടുണ്ട്. 10 രൂപ ഗ്രാമിനും 80 രൂപ പവനും വര്‍ധിച്ചു. 1 ഗ്രാം സ്വര്‍ണത്തിന് 5675 രൂപയും പവന് 45400 രൂപയുമാണ് വില. മേയ് 5 ന് രേഖപ്പെടുത്തയ 45760 രൂപയാണ് സ്വര്‍ണത്തിന്റെ മേയ് മാസത്തിലെ ഉയര്‍ന്ന വില. ഇത് സര്‍വകാല റെക്കോര്‍ഡാണ്. മേയ് മാസത്തില്‍ 44560 രൂപയാണ് കുറഞ്ഞ നിരക്ക്.

വിവിധ ധനകാര്യ സ്ഥാപനങ്ങൾ തിരയുക
സ്വർണ വായ്പ പലിശ നിർണായ ഘടകമാണ്. മറ്റേതൊരു വായ്പയും പോലെ സ്വർണ വായ്പകളുടെ മികച്ച പലിശ നിരക്കുകൾക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങളിലെ പലിശ നിരക്കുകൾ താരതമ്യം ചെയ്യുന്നത് നന്നാകും. വിപണിയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ നിരക്കുകൾ കണ്ടെത്താൻ ഇത് സഹായിക്കും. പലിശ നിരക്ക് വായ്പയുടെ മൊത്തത്തിലുള്ള ചെലവിനെ നേരിട്ട് ബാധിക്കും. കൂടാതെ പലിശ നിരക്കുകളിലെ ചെറിയ വ്യത്യാസങ്ങൾ പോലും കാലക്രമേണ ചെലവുകളെ വർധിപ്പിക്കും.
വായ്പ തുക
സ്വർണ വായ്പയുടെ പലിശ നിരക്കിനെ ബാധിക്കുന്ന പ്രാഥമിക ഘടകങ്ങളിലൊന്നാണ് വായ്പ തുക. സാധാരണയായി ഉയർന്ന വായ്പാ തുകകൾ ആവശ്യമായി വരുമ്പോൾ ഉയർന്ന പലിശനിരക്ക് നൽകേണ്ടി വരുന്നു. കുറഞ്ഞ തുകകൾ കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കും.
കാലാവധി
സ്വർണ വായ്പ പലിശ നിരക്കിനെ ബാധിക്കുന്ന മറ്റൊരു ഘടകമാണ് കാലാവധി. വായ്പ തുക പോലെ കാലാവധി കുറയുന്തോറും പലിശ നിരക്ക് കൂടുകയാണ്. ഹ്രസ്വകാല വായ്പകൾക്ക് സാധാരണയായി ദീർഘകാല വായ്പകളേക്കാൾ ഉയർന്ന പലിശനിരക്ക് ഈടാക്കുന്നുണ്ട്.
ലോൺ-ടു-വാല്യൂ അനുപാതം
ഈട് നൽകുന്ന സ്വർണത്തിന്റെ വിപണി മൂല്യത്തിന് മുകളിൽ ധനകാര്യ സ്ഥാപനം എത്ര ശതമാനം വായ്പ നൽകാൻ തയ്യാറാകുന്നു എന്ന കാണിക്കുന്ന അളവാണ് ലോൺ-ടു-വാല്യു അനുപാതം. ഇത് ഓരോ ധനകാര്യ സ്ഥാപനം അനുസരിച്ചും വ്യത്യാസപ്പെടുകയും പലിശ നിരക്കിനെ ബാധിക്കുകയും ചെയ്യും.
ആർബിഐ ലോൺ-ടു-വാല്യൂ അനുപാതം 90 ശതമാനമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഉയർന്ന ലോൺ-ടു-വാല്യൂ അനുപാതം നൽകുന്ന ധനകാര്യ സ്ഥാപനങ്ങളിൽ ഉയർന്ന പലിശനിരക്ക് ബാധകമാകും. ഈട് നൽകിയ സ്വർണത്തിന് പരമാവധി വായ്പ നൽകുമ്പോൾ ബാങ്കിന് റിസ്ക് കൂടുകയാണ്.
Also Read: കെഎസ്എഫ്ഇ ചിട്ടിയിൽ നിന്ന് നേടാം 90 ലക്ഷം രൂപ വരെ; മാസ അടവ് എത്ര? എവിടെ ലഭിക്കും ചിട്ടി
ക്രെഡിറ്റ് സ്കോർ
സ്വർണ വായ്പകൾ സുരക്ഷിത വായ്പകളാണെങ്കിലും പലിശ നിരക്ക് നിർണയിക്കുന്നതിൽ ക്രെഡിറ്റ് സ്കോർ ഒരു ഘടകമാണ്. മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ ധനകാര്യ സ്ഥാപനങ്ങൾ കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യും. അതിനാൽ വായ്പ തിരിച്ചടവുകളുണ്ടെങ്കിൽ കൃത്യസമയത്ത് അടച്ച് ക്രെഡിറ്റ് സ്കോർ മികച്ചതായി നിലനിർത്താൻ ശ്രദ്ധിക്കുക.
വിപണി സാഹചര്യങ്ങൾ
പണപ്പെരുപ്പം, സർക്കാർ നയങ്ങളിലെ മാറ്റങ്ങൾ, സ്വർണത്തിന്റെ ആവശ്യകത, സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങിയ വിപണി സാഹചര്യങ്ങളിലെ അനിശ്ചിതത്വങ്ങളും സ്വർണ വായ്പകളുടെ പലിശ നിരക്കുകളെ സ്വാധീനിക്കും.


Click it and Unblock the Notifications