അടിയന്തരഘട്ടങ്ങളിൽ വലിയ തുക ആവശ്യമായി വരുമ്പോഴാണ് സമ്പാദ്യത്തിന്റെ പ്രാധാന്യം മനസിലാക്കുന്നത്. എമർജൻസി ഫണ്ട് ഇല്ലാത്തൊരാൾക്ക് പണത്തിന് പെട്ടന്നുണ്ടാകുന്ന ആവശ്യത്തിന് വായ്പകള്‍ മാത്രമാണ് സഹായകമാവുക. ഒരു വായ്പ എടുക്കുക എന്നത് എല്ലാവർക്കും എളുപ്പത്തിൽ നടക്കുന്ന കാര്യമല്ല. ബാങ്കുകളിലെ കടലാസ് പണികൾ കഴിഞ്ഞ് വായ്പ തുക കയ്യിലെത്താൻ സമയമെടുക്കും.
ഈ ഘട്ടത്തിൽ എളുപ്പത്തിൽ പണം ലഭിക്കുന്നവയെ പറ്റിയാണ് അറിഞ്ഞിരിക്കേണ്ടത്. കുറഞ്ഞ പലിശ നിരക്കിൽ അനുയോജ്യമായ തിരിച്ചടവ് കാലാവധിയിൽ എളുപ്പത്തിൽ വായ്പ ലഭിക്കാൻ ഇൻഷൂറൻസ് പോളിസികൾ സഹായിക്കും. പോളിസി ഈട് നൽകി വായ്പയെടുക്കുന്നത് എങ്ങനെയെന്ന് നോക്കാം.
പോളിസി വായ്പ
ഒരു ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി ഉടമയാണെങ്കില്‍ പോളിസിക്ക് മേല്‍ വായ്പ നേടാം. ബാങ്കിലോ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലോ ഇൻഷൂറൻസ് കമ്പനികളിൽ നിന്ന് തന്നെയോ പോളിസി ഈട് നല്‍കി വായ്പ എടുക്കാം. വേഗത്തില്‍ കുറഞ്ഞ പലിശ നിരക്കില്‍ വായപ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. മൂന്ന് വർഷം കാലവധി പൂർത്തിയായ സറണ്ടർ വാല്യുവുള്ള പോളിസികൾക്കാണ് വായ്പ ലഭിക്കുക.
മണി ബാക്ക്, എന്‍ഡ്വണ്‍മെന്റ് പോളിസികളില്‍ മാത്രമാണ് വായ്പ സൗകര്യം ലഭിക്കുന്നത്. സമ്പാദ്യത്തിനൊപ്പം ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നവ കൂടിയാണി പോളിസികള്‍. പോളിസി സറണ്ടര്‍ വാല്യുവിന്റെ 85-90 ശതമാനം വരെയാണ് വായ്പ അനുവദിക്കുന്നത്.
പലിശ നിരക്ക്
ഇന്‍ഷൂറന്‍ പോളിസിയില്‍ പ്രീമിയം തുകയും പ്രീമിയം അടച്ച കാലയളവും പരിഗണിച്ചാണ് പലിശ നിരക്ക് കണക്കാക്കുക. ഉയര്‍ന്ന പ്രീമിയം കൂടുതല്‍ കാലം അടച്ച പോളിസിയില്‍ പലിശ നിരക്ക് കുറവായിരിക്കും. ബാങ്കുകളിലെ ഈട് നല്‍കിയുള്ള വായ്പകളേക്കാളും വ്യക്തിഗത വായ്പകളെക്കാളും ഇൻഷൂറൻസ് പോളിസി വായ്പകൾക്ക് പലിശ നിരക്ക് കുറവായിരിക്കും.
10-12 ശതമാനം വരെ പലിശയില്‍ വായ്പകള്‍ ലഭിക്കും. എല്‍ഐസി 9 ശതമാനായാണ് പലിശ കണക്കാക്കുന്നത്. ഇത് അര്‍ധ വാര്‍ഷിക നിരക്കാണ്. 6 മാസത്തിന് മുൻപ് വായ്പ അടച്ചു തീർത്താലും 6 മാസത്തേക്കുള്ള പലിശ നൽകേണ്ടി വരും.
നടപടി ക്രമങ്ങൾ
ഇന്‍ഷൂറന്‍സ് പോളിസിയെടുത്ത കമ്പനിയില്‍ നിന്ന് തന്നെ വായ്പ സ്വീകരിക്കാം. അടച്ച പ്രീമിയത്തിന് അടിസ്ഥാനമാക്കിയാണ് വായ്പ തുക നിശ്ചയിക്കുന്നത്. ബാങ്കിനേക്കാള്‍ കുറഞ്ഞ പലിശ നിരക്കില്‍ ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്ന് വായ്പ വാങ്ങാം. വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ബാക്കിയുള്ള പോളിസി പ്രീമിയത്തില്‍ നിന്ന് ഈടാക്കും.
പോളിസി ഈടായി നല്‍കി വായ്പയെടുക്കുന്ന കാര്യം ആദ്യം ഇന്‍ഷൂറന്‍സ് കമ്പനിയെ അറിയിക്കണം. കമ്പനി നല്‍കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കണം. ഇതോടൊപ്പം ബാങ്ക്, മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നാണ് വായ്പ എടുക്കുന്നതെങ്കില്‍ അവിടെയും അപേക്ഷ നല്‍കണം.
തിരിച്ചടവ്
പോളിസി ഈട് നല്‍കിയെടുക്കുന്ന വായ്പകളില്‍ തിരിച്ചടവ് കൂടുതല്‍ സൗകര്യപ്രദമാണ്. പലിശ മാത്രം അടയ്ക്കാനുള്ള സൗകര്യം എല്‍ഐസി നല്‍കുന്നുണ്ട്. വായ്പ തുക പോളിസി സെറ്റില്‍മെന്റ് തുകയില്‍ നിന്ന് ഈടാക്കും. വായ്പ തിരിച്ചടയ്ക്കുന്നതിന് മുൻപ് പോളിസി ഉടമ മരണപ്പെട്ടാൽ ആശ്രിതർക്ക് വായ്പ ബാധ്യത കിഴിച്ച് മാത്രമെ തുക അനുവദിക്കുകയുള്ളൂ. പോളിസി നോമിനികൾക്ക് പൂർണമായുള്ള ആനുകൂല്യം ലഭിക്കില്ല.
വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ഇന്‍ഷൂറന്‍സ് പോളിസി റദ്ദാകുമെന്നത് വായ്പ എടുക്കുന്നവര്‍ സൂക്ഷിക്കേണ്ടതാണ്. പോളിസി ആരംഭിച്ച് 3 വര്‍ഷത്തിന് ശേഷം മാത്രമാണ് പോളിസിക്ക് മുകളില്‍ വായ്പ എടുക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനാൽ തന്നെ പോളിസിയുടെ തുടക്കകാലത്ത് എടുക്കുള്ള വായ്പയിലൂടെ വലിയ തുക നേടാന്‍ സാധിക്കില്ല.


Click it and Unblock the Notifications