നിക്ഷേപത്തിന് പല ആവശ്യങ്ങളുണ്ടാകും. ചിലർ ഭാവിയിൽ ഉണ്ടാവാൻ സാധ്യതയുള്ള ആവശ്യങ്ങൾക്കായാണ് നിക്ഷേപം നടത്തുന്നത്. മറ്റു ചിലർ ആവശ്യം അറിഞ്ഞ് അതിനായി തുക മാറ്റിവെയ്ക്കുന്നു. രക്ഷിതാക്കളുടെ നിക്ഷേപത്തിന്റെ ലക്ഷ്യങ്ങള്‍ മിക്കവാറും മക്കളുടെ വിദ്യാഭ്യാസവും വിവാഹമോ മികച്ച ജീവിത നിലവാരം നല്‍കലോ ആയിരിക്കാം. ഭാവി ആവശ്യങ്ങള്‍ നേരത്തെ മനസിലാക്കിയാൽ നേരത്തെ നിക്ഷേപം തുടങ്ങുന്നതാണ് അനുയോജ്യം. രാജ്യത്ത് 2.8 ശതമാനം രക്ഷിതാക്കള്‍ മക്കള്‍ക്ക് വേണ്ടി സമ്പാദിക്കാൻ തുടങ്ങുന്നത് മക്കളുടെ 12 വയസിന് ശേഷമാണ്. എന്നാല്‍ ഇത് മികച്ച തീരുമാനമാണന്ന് പറയാൻ സാധിക്കില്ല. ആവശ്യം പടിവാതിക്കലെത്തി നിൽക്കെ കയ്യിൽ ഒന്നുമില്ലാത്ത അവസ്ഥ വരുത്തി വെയ്ക്കരുതെന്ന് സാരം.
ഒരുങ്ങാം നേരത്തെ
ഒരു ഉദാഹരണം നോക്കാം. 12 വയസുള്ളപ്പോൾ മകന്റെ ഉന്നത പഠനത്തിനായി പിതാവ് നിക്ഷേപം ആരംഭിക്കുകയാണ്. 18ാം വയസില്‍ ഉന്നത വിദ്യാഭ്യാസത്തിന് ചേരാനിരിക്കുന്ന കുട്ടിക്ക് വേണ്ടിയാണ് നിക്ഷേപം. കുട്ടിക്ക് ചേരേണ്ട കോഴ്‌സിന് ഇന്നത്തെ ചെലവ് 5 ലക്ഷമാണ്. ഇപ്പോഴത്തെ പണപ്പെരുപ്പ നിരക്ക് കൂടി കണക്കാക്കി 6 വര്‍ഷത്തിന് ശേഷം 7.3 ലക്ഷം വേണ്ടി വരും പഠനത്തിന്. ഇങ്ങനെയാണെങ്കില്‍ വര്‍ഷത്തില്‍ 1 ലക്ഷത്തിലധികം രൂപ രക്ഷിതാവ് കണ്ടെത്തണം. ഇന്നത്തെ ചെലവേറിയ സാഹചര്യത്തില്‍ ഒരു മധ്യ വർഗ കുടുംബത്തിന് ഇത് താങ്ങാന്‍ പറ്റുന്ന തുകയല്ല. ഈ രീതിക്ക് പകരം കുട്ടിയുടെ ഒന്നാം വയസിൽ രക്ഷിതാവ് നിക്ഷേപം തുടങ്ങിയാൽ വര്‍ഷത്തില്‍ 40,555 രൂപാണ് മാറ്റിവെക്കേണ്ടി വരിക. മാസത്തിലിത് 3,379 രൂപയായിരിക്കും.
നിക്ഷേപിക്കനൊരുങ്ങുമ്പോൾ പല കാര്യങ്ങളെ പറ്റി രക്ഷിതാക്കൾക്ക് ആകുലതകളുണ്ടാകും. ആദായം എത്ര തിരച്ചു കിട്ടുമെന്നും ഭാവിയില്‍ ഈ തുക ആവശ്യത്തെ നിറവേറ്റുമോയെന്നും സംശയങ്ങളുണ്ടാകാം. നിക്ഷേപത്തിൽ റിസ്കെടുക്കുന്നത് കൊണ്ട് എന്താണ് ലാഭം എന്നിവയെ പറ്റി കൃത്യമായി മനസിലാക്കിയിട്ട് വേണം പണം നിക്ഷേപിക്കാൻ. ഇതിനായി ചില ദീർഘകാല പ്ലാനുകളെ പരിചയപ്പെടാം.
ചൈല്‍ഡ് ഇന്‍ഷൂറന്‍സ് പ്ലാന്‍
പേര് പോലെ കുട്ടികള്‍ക്കായുള്ള ഇന്‍ഷൂറന്‍സ് പ്ലാനാണിത്. പോളിസി ഉടമയായ രക്ഷിതാവിന്റെ മരണ ശേഷം കുട്ടിക്ക് നിശ്ചിത തുക ഈ പോളിസി വഴി ലഭിക്കും. അടയ്ക്കാനുള്ള പ്രീമിയം എഴുതി തള്ളുകയും ചെയ്യും. പോളിസി പ്രകാരം നിശ്ചിത ഇടവേളകളിലാണ് കുട്ടിക്ക് പണം ലഭിക്കുക. രക്ഷിതാക്കളുടെ മരണ ശേഷവും കുട്ടികളുടെ വിദ്യാഭ്യാസവും മറ്റു കാര്യങ്ങളും ബുദ്ധിമുട്ടില്ലാതെ ഈ സ്കീം വഴി നടക്കുന്നു.
ഗോള്‍ഡ് ഇടിഎഫ്
ഗോള്‍ഡ് ഇടിഎഫ് എന്നത് മ്യൂച്വൽ ഫണ്ട് രൂപത്തിൽ സ്വര്‍ണത്തിലുള്ള നിക്ഷേപമാണ്. ഓരോ ഗോള്‍ഡ് ഇടിഎഫ് യൂണിറ്റുകളും ഒരു ഗ്രാം സ്വര്‍ണത്തിന് തുല്യമായിരിക്കും. ഇത് ഡീമാറ്റ് അക്കൗണ്ട് വഴി വാങ്ങാനും വിൽക്കാനും സാധിക്കും. കമ്പനിയുടെ ഓഹരിപോലെ ട്രേഡ് ചെയ്യാനാകും. സ്വർണത്തിലുള്ള നിക്ഷേപം ഡിജിറ്റാലണെന്ന് മാത്രമാണ് വ്യത്യാസം.
പിപിഎഫ് , സ്ഥിര നിക്ഷേപം
ജനപ്രീയമായ ദീര്‍ഘകാല നിക്ഷേപ മാര്‍ഗമാണ് പബ്ലിക്ക് പ്രൊവിഡ്ന്റ് ഫണ്ട് (പിപിഎഫ്). പോസ്റ്റ് ഓഫീസ് വഴയോ ബാങ്ക് വഴിയോ പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. പിപിഎഫ് നിക്ഷേപങ്ങൾക്ക് നികുതിയിളവ് ലഭിക്കും. പതിനഞ്ച് വർഷമാണ് പിപിഎഫ് നിക്ഷേപങ്ങളുടെ കാലാവധി. ആവശ്യമെങ്കിൽ അഞ്ച് വർഷത്തേക്ക് കാലാവധി നീട്ടാം. സ്ഥിര നിക്ഷേപം നിക്ഷേപിച്ച തുകയ്ക്കൊപ്പം പലിശയും ചേർത്ത് തിരിച്ചു ലഭിക്കുമെന്ന ഗ്യാരണ്ടിയാണ് സ്ഥിര നിക്ഷേപത്തിന്റെ ആകർഷണം. പലിശയായി സ്ഥിര വരുമാനം ലഭിക്കും. പലിശ മാസത്തിലോ പാദ വർഷത്തിലോ ലഭിക്കും. വളരെ അധികം സുരക്ഷിതത്വമുണ്ടെങ്കിലും പണപ്പെരുപ്പത്തെ മറികടക്കാൻ സ്ഥിരനിക്ഷേപത്തിന് സാധിക്കില്ല.
ഓഹരി നിക്ഷേപം
ഓഹരി വിപണിയിലെ നിക്ഷേപത്തിന് നഷ്ട സാധ്യതയുണ്ടെങ്കിലും ഗുണങ്ങളുണ്ട്. ഇക്വുറ്റിയിൽ നിക്ഷേപിക്കുന്നത് ദീര്‍ഘകാലത്തേക്ക് മികച്ച ആദായം നൽകുന്നുണ്ട്. തിരഞ്ഞെടുക്കുന്ന കമ്പനികളും അവയുടെ പെർഫോൻസും അനുസരിച്ചാണ് വിപണിയിൽ നിന്ന് ലാഭമുണ്ടാകുന്നത്. കമ്പനിയുടെ സാമ്പത്തികം, വളർച്ച സാധ്യതകൾ എന്നിവ പരിശോധിച്ച് വേണം ഓഹരികൾ തിരഞ്ഞെടുക്കാൻ. ബാഹ്യഘടകങ്ങൾ വിപണിയെ ബാധിക്കുമെന്നതിനാൽ നഷ്ട സാധ്യത കൂടുതലാണ്. അതേസമയം ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കാൻ സാധിക്കാത്തവർക്ക് മ്യൂച്വൽ ഫണ്ടുകൾ വഴി നിക്ഷേപിക്കാം. ദീർഘകാലത്തേക്ക് മികച്ച ആദായം നൽകുന്ന നിരവധി ഇക്വുറ്റി ഫണ്ടുകളുണ്ട്.


Click it and Unblock the Notifications