വ്യക്തിഗത ഉപയോഗത്തിനും നിക്ഷേപത്തിനുമായി തന്നെയാണ് മലയാളികൾ സ്വർണം വാങ്ങിവെയ്ക്കുന്നത്. പെട്ടന്ന് പണത്തിന് ആവശ്യമായി വന്നാൽ പണയപ്പെടുത്താം എന്നൊരു വഴികൂടിയുള്ളതിനാലാണ് സ്വർണം ഏറ്റവും ജനപ്രിയ ലോഹമായി തുടരുന്നത്. സമീപകാല നിലവാരം പരിശോധിച്ചാൽ സ്വർണ വില ഉയർന്നിരിക്കുകയാണ്. ചാഞ്ചാട്ടം തുടരുന്ന സ്വർണ വില ശനിയാഴ്ചയാണ് വർധിച്ചത് കേരള വിപണിയില്‍ സ്വര്‍ണ വില, ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5535 രൂപയും പവന് 200 രൂപ വര്‍ധിച്ച് 44,280 രൂപയിലാണ്.
സ്വർണം വാങ്ങാനായി വിലയുടെ ചാഞ്ചാട്ടം പരിശോധിക്കുന്നവരാണ് ഭൂരിഭാഗവും. ഓരോ ദിവസവും സ്വർണ വില എത്ര രൂപയിലെത്തി എന്നറിയാനുള്ള ആകാംഷ സ്വർണവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലും ഉണ്ടാകണം. അതിൽ പ്രധാനമാണ് നികുതി ചെലവുകൾ. സ്വർണം വാങ്ങുമ്പോഴും വിൽക്കുമ്പോഴുമുള്ള നികുതി ഘടന അറിയാം.

സ്വർണം വാങ്ങുമ്പോൾ നികുതി
സ്വർണം വാങ്ങുമ്പോൾ പരോക്ഷ നികുതിയാണ് ബാധകമാകുന്നത്. അത് സ്വർണ്ണത്തിന്റെ തരത്തെയും അനുബന്ധ സേവനത്തെയും ആശ്രയിച്ച് വ്യത്യാസപ്പെടും. ഉദാഹരണത്തിന്, സ്വർണ്ണ ബാറുകൾ, നാണയങ്ങൾ, ആഭരണങ്ങൾ എന്നിവ വാങ്ങുന്നതിന് 3 ശതമാനം ചരക്ക് സേവന നികുതി നൽകണം. ജ്വല്ലറി, പണിക്കൂലി സേവനങ്ങൾക്ക് ജിഎസ്ടി നിരക്ക് 5 ശതമാനം ആണ്.
വിദേശത്ത് നിന്ന് സ്വർണം ഇറക്കുമതി ചെയ്യാൻ ഉദ്യേശിക്കുന്ന വ്യക്തികൾ കസ്റ്റംസ് ഡ്യൂട്ടി, കാർഷിക അടിസ്ഥാന സൗകര്യ വികസന സെസ്, വിജ്ഞാപനം ചെയ്ത നിരക്കിലുള്ള ചരക്ക് സേവന നികുതി എന്നിവ അടയ്ക്കാൻ ബാധ്യസ്ഥരാണ്. അതേസമയം, സ്വർണം വാങ്ങുന്നതിന് നേരിട്ട് നികുതിയില്ല.
സ്വർണം വിൽക്കുമ്പോൾ നികുതി
സ്വർണം വിൽക്കുമ്പോൾ, മൂലധന നേട്ട നികുതി ബാധകമാകും. ഇത് കാലാവധി അനുസരിച്ച് നിശ്ചയിക്കും. 3 വർഷത്തിന് മുകളിൽ സ്വർണം കൈവശം വെച്ച് വിൽപന നടത്തുമ്പോൾ ദീർഘകാല മൂലധന നേട്ടമാണ് കണക്കാക്കുക. ഇൻഡെക്സേഷൻ ആനുകൂല്യത്തോടെ 20 ശതമാനം നികുതിയാണ് നൽകേണ്ടി വരിക. 3 വർഷത്തിൽ കുറവ് കാലം സൂക്ഷിച്ച ആഭരണങ്ങൾ വിൽപന നടക്കുമ്പോഴുള്ള നേട്ടം ഹ്രസ്വകാല മൂലധന നേട്ടമായി കണക്കാക്കും. ഇവിടെ നികുതിദായകൻ വരുമാനത്തിന് ബാധകമായ നിരക്കിലാണ് നികുതി നൽകേണ്ടത്.
സ്വർണവും ആദായ നികുതി റിട്ടേണും
സ്വർണം വാങ്ങുന്ന സമയത്ത് നൽകുന്ന പാൻ വിശദാംശങ്ങളിലൂടെയാണ് സ്വർണ ഇടപാടിന്റെ വിശദാംശങ്ങൾ ആദായ നികുതി വകുപ്പ് അധികൃതർക്ക് ലഭിക്കും. അതിനാൽ സ്വർണ്ണം വൻതോതിൽ വാങ്ങുന്നവർക്ക് വരുമാന സ്രോതസ്സുകൾ വ്യക്തമാക്കാൻ സാധിക്കണം. നികുതിദായകന്റെ മൊത്തം വരുമാനം 50 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ആദായനികുതി റിട്ടേണിൽ കൈവശം വച്ചിരിക്കുന്ന ഗാർഹിക ആസ്തിയുടെ ഭാഗമായി സ്വർണം വെളിപ്പെടുത്തേണ്ടതുമുണ്ട്.
വരുമാന സ്രോതസ് കാണിക്കാതെ എത്ര സ്വർണം സൂക്ഷിക്കാം
സ്വർണം അധികമായി വാങ്ങി വെയ്ക്കുന്നവർ, ആദായ നികുതി പരിശോധന വന്നാൽ വരുമാന സ്രോതസ് കാണിക്കേണ്ടി വരും. സ്വർണം വാങ്ങിയ വരുമാന സ്രോതസ് വെളിപ്പെടുത്താൻ സാധിക്കുമെങ്കിൽ വീട്ടിൽ സൂക്ഷിക്കുന്ന സ്വർണത്തിന് പരിധിയൊന്നുമില്ല. വരുമാന സ്രോതസ് കാണിക്കാതെ വീട്ടിൽ സൂക്ഷിക്കാവുന്ന സ്വർണാഭരണങ്ങളുടെ അളവ് പരമാവധി 850 ഗ്രാമാണ്. ഇത് ഒരു വ്യക്തിക്ക് സൂക്ഷിക്കാവുന്ന അളവല്ല.
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് പറയുന്നത് പ്രകാരം, വിവാഹിതരായ സ്ത്രീകള്‍, അവിവാഹിതരായ സത്രീകള്‍, പുരുഷന്മാര്‍ എന്നിങ്ങനെ ഓരോരുത്തർക്കും വ്യത്യസ്ത അളവിലാണ് സ്വർണം രേഖകളില്ലാതെ സൂക്ഷിക്കാൻ സാധിക്കുക. വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാമാണ് വീട്ടിൽ രേഖകളില്ലാതെ സൂക്ഷിക്കാവുന്ന നിയമപരമായ സ്വർണത്തിന്റെ പരിധി. അവിവാഹതയ്ക്ക് 250 ഗ്രാമും പുരുഷന് 100 ഗ്രാം സ്വർണവും വീട്ടിൽ വെയ്ക്കാം. ഈ മൂന്ന് വിഭാഗങ്ങളിലായി 850 ഗ്രാം വീട്ടിൽ സൂക്ഷിക്കാം.


Click it and Unblock the Notifications