ആദായ നികുതി നിയമങ്ങൾ മാറി കൊണ്ടിരിക്കുകയാണ്. 20 ലക്ഷത്തിന് മുകളിൽ പണമിടപാടിന് ഈയിടെയാണ് മാറ്റം വന്നത്. സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കുമ്പോഴോ പിന്‍വലിക്കുമ്പോഴോ ആധാര്‍ നമ്പറും പെര്‍മനന്റ് അക്കൗണ്ട് നമ്പറും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ പല നിയമങ്ങളും ആദായ നികുതി വകുപ്പ് പുതുതായി കൊണ്ടു വരുന്നത്. ഇത്തരത്തിൽ ജൂലായ് ഒന്നു മുതൽ നികുതി ഈടാക്കുന്നതിൽ വരുന്ന പുതിയൊരു മാറ്റമാണ് പറയാൻ പോകുന്നത്. സോഷ്യല്‍ മീഡിയയില്‍ അത്യാവശ്യം ഫോളോവര്‍മാരുള്ള വ്യക്തിയാണോ, സോഷ്യല്‍ മീഡിയ വഴി സെയില്‍സ് പ്രമോഷന്‍ നടത്തുന്നവരാണോ എങ്കില്‍ ഇനി നിങ്ങളും ആദായ നികുതി ചട്ടകൂടിനുള്ളില്‍ വന്നേക്കാം.

ആദായ നികുതി വകുപ്പിന്റെ പുതിയ നിയമപ്രകാരം സെയില്‍സ് പ്രമോഷനായി വാങ്ങുന്ന സൗജന്യങ്ങള്‍ക്ക് ജൂലായ് 1 മുതല്‍ ടിഡിഎസ് (ശ്രോതസില്‍ നിന്നുള്ള നികുതി) ഈടാക്കും. ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്ന സൗജന്യ മരുന്ന് സാമ്പിളുകള്‍ക്കും ഇതേ രീതിയില്‍ ടിഡിഎസ് ഈടാക്കും. ഇത്തരത്തിലുള്ള വരുമാനത്തിന് നികുതി ഈടാക്കാന്‍ 2022 ലെ ഫിനാൻസ് ആക്ടിൽ 194ആര്‍ എന്ന സെക്ഷന്‍ ഉൾപ്പെടുത്തിയിരുന്നു. ഇതുപ്രകാരം ഒരു സാമ്പത്തിക വർഷത്തിൽ റസിഡന്റായ ഒരു വ്യക്തിക്ക് നൽകുന്ന ആനുകൂല്യങ്ങളോ പെര്‍ക്വിസിറ്റോ 20,000 രൂപയില്‍ കൂടുതലായാൽ ലഭ്യമാക്കുന്ന വ്യക്തി ടിഡിഎസ് ഈടാക്കി സർക്കാറിലേക്ക് അടയ്ക്കണം.
Also Read: വരുമാനം 10 ലക്ഷമാണെങ്കിലും ചില്ലികാശ് നികുതി അടയ്ക്കേണ്ട; ഈ വഴി നോക്കൂ

സോഷ്യൽ മീഡിയ താരങ്ങൾ
പുതിയ നിയമപ്രകാരം സോഷ്യൽ മീഡിയ താരങ്ങൾക്ക് ഇക്കാര്യം എങ്ങനെ ബാധകമാകുമെന്ന് നോക്കാം. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ടിഡിഎസ് ഈടാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. മാര്‍ക്കറ്റിംഗ് ആവശ്യങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവന്‍സേഴ്‌സിന് നല്‍കുന്ന ഉത്പന്നങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ടിഡിഎസ് ഈടാക്കുന്നത്. കാര്‍, മൊബൈല്‍, കോസ്‌മെറ്റിക്‌സ് മുതലായവ അതിന്റെ മാർക്കറ്റിംഗിന് ശേഷം കമ്പനിക്ക് മടക്കി നല്‍കിയാല്‍ 194ആർ പ്രകാരം പെര്‍ക്വിസിറ്റ് വിഭാഗത്തില്‍പെടുന്നില്ല. ഇത് തുടർന്നും ഉപയോഗിക്കുമ്പോഴാണ് ടിഡിഎസ് ബാധകമാവുക. ക്യാഷ് ഡിസ്‌കൗണ്ട്, സെയില്‍സ് ഡിസ്‌കൗണ്ട്, റിബേറ്റ് എന്നിവ നൽകുകയാണെങ്കിൽ സെക്ഷൻ 194ആര്‍ പ്രകാരം ടിഡിഎസ് ഈടാക്കേണ്ടതില്ല. നേരെ മറിച്ച് കാര്‍, ടിവി, കമ്പ്യൂട്ടര്‍ സ്വര്‍ണ നാണയം, മൊബൈല്‍ ഫോണ്‍, യാത്ര സ്‌പോണ്‍സര്‍ ചെയ്യുമ്പോള്‍, സൗജന്യ ടിക്കറ്റ് എന്നിവ നൽകുന്ന വ്യക്തി 10 ശതമാനം ടിഡിഎസ് ഈടാക്കി സർക്കാറിലേക്ക് അടയ്ക്കേണ്ടതുണ്ട്.
Also Read: സുരക്ഷിത നിക്ഷേപം, 8.50% പലിശ; ഈ സർക്കാർ കമ്പനിയിൽ സ്ഥിര നിക്ഷേപം വേറെ ലെവൽ

ഡോക്ടർമാർ
ഡോക്ടര്‍മാർക്ക് എങ്ങനെയാണ് മെഡിക്കൽ സാമ്പിളുകൾ വഴി ടിഡിഎസ് ബാധകമാകുന്നതെന്ന് നോക്കാം. ഡോക്ടർ ആശുപത്രിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ വാങ്ങുന്ന സൗജന്യ മെഡിക്കല്‍ സാമ്പിളുകള്‍ ആശുപത്രിയുടെ കണക്കിലാണ് വരിക. ഇത്തരം സാഹചര്യങ്ങളില്‍ സാമ്പിള്‍ നല്‍കുന്ന കമ്പനി ആശുപത്രിയുടെ കയ്യില്‍ നിന്നാണ് സെക്ഷൻ 194ആര്‍ പ്രകാരം ടിഡിഎസ് ഈടാക്കേണ്ടത്. ഇവിടെ 20,000 രൂപ പരിധി ആശുപത്രിയ്ക്കും കണക്കാക്കും. ആശുപത്രിയില്‍ ജീവനക്കാരനായ ഡോക്ടര്‍ക്ക് മരുന്ന് കമ്പനി സാമ്പിള്‍ നല്‍കിയാല്‍ ആശുപത്രിയുടെ കയ്യില്‍ നിന്നാണ് ടിഡിഎസ് ഈടാക്കേണ്ടത്. ഡോക്ടര്‍ ആശുപത്രിയിലെ ജീവനക്കാരനായതിനാല്‍ ആനുകൂല്യം/ പെര്‍ക്വിസിറ്റ് നല്‍കുന്നത് ആശുപത്രിക്കാണ്. ആശുപത്രികള്‍ക്ക് സെക്ഷൻ 17 പ്രകാരം ഇത് തൊഴിലാളികള്‍ക്ക് നല്‍കുന്ന പെര്‍ക്വിസിറ്റായി കണക്കാക്കി 192 പ്രകാരം നികുതി ഇളവ് നേടാം. ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ് ആയ ഡോക്ടർ വാങ്ങുന്ന സാമ്പിളുകൾക്ക് നേരിട്ട് ഡോക്ടറിൽ നിന്ന് തന്നെ ടിഡിഎസ് ഈടാക്കാം. സര്‍ക്കാര്‍ ആശുപത്രി പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഇത്തരം ആനുകൂല്യം/ പെര്‍ക്വിസിറ്റ് എന്നിവയ്ക്ക് ടിഡിഎസ് ബാധകമല്ല.
Also Read: വിരമിക്കൽ കാലത്ത് കോടിപതിയാകണോ, ദിവസം 417 രൂപ കരുതാം, ബാക്കിയെല്ലാം നിസ്സാരം