നികുതിദായകർ സ്വന്തമായാണ് ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുന്നതെങ്കിൽ സൂക്ഷ്മതയോടെ ഇക്കാര്യം ചെയ്യേണ്ടതുണ്ട്. ആദായ നികുതി സങ്കീർണമായ വിഷയമായതിനാൽ കൃത്യതയോടെ ഇവ പൂർത്തിയാക്കുന്നത് തുടർ ചോദ്യങ്ങളോ നടപടികളോ ഒഴിവാക്കാനാകും.
2022-23 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി ജൂലായ് 31 വരെയാണ്. സ്വന്തമായി സമർപ്പിക്കുന്നവർ വേഗത്തിൽ തന്നെ റിട്ടേൺ സമർപ്പിക്കാൻ ആരംഭിച്ചിട്ടുണ്ടാകും. റിട്ടേൺ സമർപ്പിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിവിടെ വിശദമാക്കുന്നത്.
തെറ്റായ ഐടിആർ ഫോം തിരഞ്ഞെടുക്കുന്നു
ഐടിആർ ഫയൽ ചെയ്യുന്നവർക്കിടയിലെ സർവ സാധാരണമായ തെറ്റുകളിലൊന്ന് തെറ്റായ ഐടിആർ ഫോം ഉപയോഗിക്കുന്നത്. വരുമാന സ്രോതസുകളെ ആശ്രയിച്ചാണ് ആദായ നികുതി റിട്ടേൺ ഫോം തിരഞ്ഞെടുക്കേണ്ടത്.

തെറ്റായ ഫോമിൽ റിട്ടേൺ ഫയൽ ചെയ്താൽ അവ നിരസിക്കും. ശമ്പളക്കാരായ നികുതിദായകർക്ക് ഐടിആർ ഫോം 1 ഉപയോഗിച്ച് റിട്ടേൺ ഫയൽ ചെയ്യാം. ശമ്പള വരുമാനത്തോടൊപ്പം നിക്ഷേപത്തിൽ നിന്നുള്ള മൂലധന നേട്ടം കൂടി ഉണ്ടെങ്കിൽ ഐടിആർ ഫോം 2 ഉപയോഗിക്കണം. ബിസിനസ് ലാഭം വ്യക്തികൾക്കാണ് ഫോം4 ഉപയോഗിക്കേണ്ടത്.
വരുമാനം ഒഴിവാകുന്നത്
എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വരുമാനം ആദായ നികുതി റിട്ടേണിൽ റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെടുന്നതാണ് മറ്റൊരു തെറ്റ്. ശമ്പളം, ബിസിനസ്/പ്രൊഫഷൻ വരുമാനം, വസ്തുവിൽ നിന്നുള്ള വരുമാനം, മൂലധന നേട്ടം, നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനം തുടങ്ങിയ റിട്ടേണിൽ ഉൾപ്പെടുത്തണം.
ഏതെങ്കിലും വരുമാനം ഒഴിവാക്കുന്നത് വഴി പിഴ ലഭിക്കാം. അതോടൊപ്പം, നികുതി വരുമാനം കുറയ്ക്കുന്നതിന് ആദായനികുതി നിയമത്തിന്റെ വിവിധ കിഴിവുകളും ഇളവുകളും ക്ലെയിം ചെയ്യാം.
ബാങ്ക് അക്കൗണ്ട് വാലിഡേറ്റ് ചെയ്യണം
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുമ്പോഴുണ്ടാകുന്ന പിഴവുകളിലൊന്ന് ബാങ്ക് അക്കൗണ്ട് മുൻകൂട്ടി വാലിഡേറ്റ് ചെയ്യാത്തത്. നികുതിദായകർ അടച്ച നികുതിക്ക് നികുതി റീഫണ്ട് പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ ബാങ്ക് അക്കൗണ്ട് വാലിഡേറ്റ് ചെയ്യണം. അല്ലാത്തപക്ഷം, നികുതിദായകന് നൽകാനുള്ള റീഫണ്ട് ക്രെഡിറ്റ് ചെയ്യാൻ ആദായ നികുതി വകുപ്പിന് സാധിക്കില്ല.
തെറ്റായ അസസ്മെന്റ് ഇയർ
പലർക്കും ആശയകുഴപ്പമുണ്ടാകുന്ന പദങ്ങളാണ് അസെസ്‌മെന്റ് ഇയറും ഫിനാൻഷ്യൽ ഇയറും. ആദായ നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ സാമ്പത്തിക വർഷം എന്നത് വരുമാനം നേടിയ വർഷത്തെയാണ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, 2023 ജൂലായ് 31ന് മുൻപ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ 2022 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷത്തിൽ നേടിയ വരുമാനത്തിന്റെ റിട്ടേണുകളാണ് ഫയൽ ചെയ്യുന്നത്.
ഏപ്രിൽ മുതൽ മാർച്ച് വരെയുള്ള ഈ കാലയളവ് 2022-23 അല്ലെങ്കിൽ 2022-23 സാമ്പത്തിക വർഷം എന്നാണ് വിളിക്കുന്നത്. അതേസമയം, നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന സാമ്പത്തിക വർഷത്തിന് ശേഷമുള്ള വർഷമാണ് അസസ്മെന്റ് ഇയർ. 2022-23 സാമ്പത്തിക വർഷത്തിന്റെ അസസ്മെന്റ് ഇയർ 2023-24 ആണ്.
വെരിഫൈ ചെയ്യാൻ മറക്കുക
ആദായനികുതി റിട്ടേൺ സമർപ്പിക്കും മുൻപ് വെരിഫൈ ചെയ്യാൻ മറക്കുന്നതാണ് പ്രധാന തെറ്റ്. ആദായനികുതി വകുപ്പിൽ നിന്ന് അറിയിപ്പ് ലഭിക്കുമ്പോൾ മാത്രമേ നികുതിദായകർ പലപിപോഴും ഈ പിശക് തിരിച്ചറിയുകയുള്ളൂ. നിലവിൽ, പൂരിപ്പിച്ച ഫോം സമർപ്പിച്ചതിന് ശേഷം നികുതിദായകർക്ക് 30 ദിവസം വരെ പരിശോധിക്കാൻ സമയമുണ്ട്.
ബാധകമായ തീയതിക്കുള്ളിൽ ആദായനികുതി ഫോമുകൾ സമർപ്പിക്കാതെ കിഴിവുകൾ, ഇളവുകൾ എന്നിവ ക്ലെയിം ചെയ്യൽ, അപൂർണമായ, തെറ്റായബാങ്ക് വിശദാംശങ്ങൾ നൽകൽ, ഫോം 26എഎസ് പ്രകാരം വരുമാനവും ടിഡിഎസും പൊരുത്തപ്പെടാതിരിക്കൽ എന്നിവ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഒഴിവാക്കേണ്ട തെറ്റുകളാണ്.


Click it and Unblock the Notifications