പുതുവർഷത്തിലേക്ക് കടക്കുമ്പോൾ നികുതി നിയമങ്ങളിലും ഇത്തവണ കാര്യമായ മാറ്റങ്ങളുണ്ട്. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളും സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) പ്രഖ്യാപിച്ചതുമായ ചില സുപ്രധാന മാറ്റങ്ങൾ 2023ൽ ആദായനികുതി നിയമങ്ങളിൽ കണ്ടു. 2023-ലാണ് മാറ്റങ്ങൾ പ്രഖ്യാപിച്ചതെങ്കിലും 2024 ജൂലായിലും വരുന്ന സാമ്പത്തിക വർഷങ്ങളിലും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഈ നികുതി നിയമങ്ങളാണ് ബാധകമാകുന്നത്. ഇവ എന്തെല്ലാമാണെന്ന് നോക്കാം.
പുതിയ നികുതി വ്യവസ്ഥയുടെ സ്ലാബുകൾ മാറ്റി
പുതിയ ആദായ നികുതി വ്യവസ്ഥയെ കൂടുതൽ ആകർഷകമാക്കുന്നതിന് കഴിഞ്ഞ ബജറ്റിൽ പുതിയ നികുതി വ്യവസ്ഥയിലെ ആദായ നികുതി സ്ലാബുകൾ മാറ്റം വരുത്തിയിരുന്നു. . 3 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയൊന്നും നൽകേണ്ടതില്ല. 3 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെയാണ് വരുമാനമെങ്കിൽ 5 ശതമാനമാണ് നികുതി നിരക്ക്.
6 ലക്ഷം മുതൽ 9 ലക്ഷം വരെ 10 ശതമാനവും 9 ലക്ഷം മുതൽ 12 ലക്ഷം വരെ 15 ശതമാനവുമായിരുന്നു നികുതി നിരക്ക്. 12 ലക്ഷത്തിനും 15 ലക്ഷം രൂപയ്ക്കും ഇടയിൽ വരുമാനമുള്ളവർക്ക് 20 ശതമാനമാണ് നികുതി നിരക്ക്. 15 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർ 30 ശതമാനവും നികുതി നൽകണം.

അടിസ്ഥാന ഇളവ് പരിധി ഉയർത്തി
പുതിയ നികുതി വ്യവസ്ഥയിൽ സ്ലാബുകളിൽ മാറ്റം വരുത്തിയതിനൊപ്പം അടിസ്ഥാന ഇളവ് പരിധി 3 ലക്ഷം രൂപയായി ഉയർത്തി. നേരത്തെയിത് നേരത്തെ 2.5 ലക്ഷം രൂപയായിരുന്നു.
പുതിയ നികുതി വ്യവസ്ഥ ഇനി ഡിഫോൾട്ട്
2023 ഏപ്രിൽ 1 പുതിയ നികുതി വ്യവസ്ഥ ഡിഫോൾട്ട് നികുതി വ്യവസ്ഥയായി മാറി. ശമ്പളത്തിൽ നിന്ന് ടിഡിഎസ് ഈടാക്കുന്ന സമയത്തോ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്തോ ഒരു വ്യക്തി നികുതി വ്യവസ്ഥ വ്യക്തമാക്കുന്നില്ലെങ്കിൽ പുതിയ നികുതി വ്യവസ്ഥയ്ക്ക് ബാധകമായ ആദായനികുതി സ്ലാബുകളുടെ അടിസ്ഥാനത്തിൽ നികുതി ബാധ്യത കണക്കാക്കും.
പുതിയ നികുതി വ്യവസ്ഥയിലെ ആദായ നികുതി റിബേറ്റ്
പുതിയ നികുതി വ്യവസ്ഥയിൽ സെക്ഷൻ 87 എ പ്രകാരം റിബേറ്റ് തുകയിലും വർധനവുണ്ട്. പുതിയ നികുതി വ്യവസ്ഥയിൽ നേരത്തെ 12,500 രൂപയായിരുന്ന റിബേറ്റ് 25,000 രൂപയാക്കി ഉയർത്തി. അതായത് പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുകയും 7 ലക്ഷം രൂപ നികുതി നൽകേണ്ട വരുമാനമുള്ള വ്യക്തിക്ക് സെക്ഷൻ 87 എ പ്രകാരം റിബേറ്റ് ലഭിക്കും.
പുതിയ നികുതി വ്യവസ്ഥയിലും സ്റ്റാൻഡേർഡ് ഡിഡക്ഷൻ
പുതിയ നികുതി വ്യവസ്ഥയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ശമ്പളത്തിനും പെൻഷൻ വരുമാനത്തിലും 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ലഭ്യമാണ്. നേരത്തെ പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന നികുതിദായകർക്ക് മാത്രമെ ഈ കിഴിവ് ലഭിച്ചിരുന്നുള്ളൂ. 2023-24 സാമ്പത്തിക വർഷം (അസസ്മെന്റ് വർഷം 2024-25) മുതൽ 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ലഭ്യമാകും.
ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾക്ക് ദീർഘകാല മൂലധന നേട്ടം ലഭിക്കില്ല
2023 മാർച്ച് 31-ന് ശേഷം ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നവർക്ക് പിൻവലിക്കലിന് ദീർഘകാല മൂലധന നേട്ട നികുതി ആനുകൂല്യങ്ങൾക്ക് അർഹതയില്ല. നേരത്തെ 3 വർഷമോ അതിൽ കൂടുതലോ കൈവശം വച്ചിരിക്കുന്ന ഡെബ്റ്റ് മ്യൂച്വൽ ഫണ്ട് പിൻവലിക്കുമ്പോഴുള്ള മൂലധന നേട്ടങ്ങൾക്ക് ഇൻഡെക്‌സേഷനോട് കൂടിയാണ് ദീർഘകാല മൂലധന നേട്ട നികുതി ചുമത്തിയത്. 2023 മാർച്ച് 31 ന് ശേഷം നിക്ഷേപം നടത്തുന്നവർക്ക് സ്ഥിര നിക്ഷേപത്തിന് സമാനമായ നികുതിയാണ് ഈടാക്കുക.
സർചാർജിലും കുറവ്
ഒരു വ്യക്തിയുടെ നികുതി അടയ്‌ക്കേണ്ട വരുമാനം 50 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ അടയ്‌ക്കേണ്ട മൊത്തം നികുതിയുടെ സർചാർജ് ബാധകമാണ്. ഉയർന്ന വരുമാനക്കാർക്കുള്ള സർചാർജ് കുറച്ചതാണ് നിലവിലെ പുതിയ നികുതി വ്യവസ്ഥയിലെ മറ്റൊരു മാറ്റം. 5 കോടിക്ക് മുകളിലുള്ള വരുമാനത്തിന്റെ സർചാർജ് നിരക്ക് 37 ശതമാനത്തിൽ നിന്ന് 25 ശതമാനായി കുറച്ചു.
ഇത് നികുതി നിരക്ക് 42.74 ശതമാനത്തിൽ നിന്ന് 39 ശതമാനമായി കുറച്ചു. പുതിയ നികുതി വ്യവസ്ഥയിൽ ഉയർന്ന ലീവ് എൻക്യാഷ്‌മെന്റ് ഒഴിവാക്കൽ ലഭിക്കും. സർക്കാർ ഇതര ജീവനക്കാർക്കുള്ള ഇളവ് 3 ലക്ഷം രൂപയിൽ നിന്ന് 25 ലക്ഷം രൂപയായി വർധിപ്പിച്ചു.
ലൈഫ് ഇൻഷുറൻസ് മെച്യൂരിറ്റി തുകയ്ക്ക് നികുതി ഒഴിവാക്കില്ല
യുലിപ് ഇതര ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിന്ന് കാലാവധിയിൽ ലഭിക്കുന്ന നികുതി രഹിത തുകയുടെ പരിധി 2023 ബജറ്റ് പുതുക്കിയിട്ടുണ്ട്. ബജറ്റ് പ്രഖ്യാപനം അനുസരിച്ച് എല്ലാ നോൺ-യുലിപ് ലൈഫ് ഇൻഷുറൻസ് പോളിസികളിലും അടച്ച മൊത്തം പ്രീമിയം ഒരു സാമ്പത്തിക വർഷത്തിൽ 5 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ മെച്യൂരിറ്റി തുകയ്ക്ക് നികുതി നൽകേണ്ടിവരും.


Click it and Unblock the Notifications