ജൂലായ് 31 ന് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി അവസാനിച്ചു. അവസാന സമയത്ത് തിരക്കിട്ട് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനിടെയില്‍ തെറ്റുകള്‍ പറ്റാനുള്ള സാധ്യത കൂടുതലാണ്. തിരക്കിട്ട് റിട്ടേണ്‍ സമര്‍പ്പിച്ചവരാണെങ്കില്‍ പിന്നീട് ആദായ നികുതി വകുപ്പില്‍ നിന്ന് അറിയിപ്പ് വരുമ്പോഴാണ് ചില വിവരങ്ങള്‍ തെറ്റായ രേഖപ്പെടുത്തിയതോ ഒഴിവായതുമായ കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. റിട്ടേണിൽ എന്തെങ്കിലും പിശകുകൾ കണ്ടെത്തിയാൽ ആദായനികുതി വകുപ്പ് അറിയിപ്പ് അയയ്ക്കും.
ആദായനികുതി റീഫണ്ടിന് യോഗ്യരാണെങ്കിൽ പുതുക്കിയ റിട്ടേൺ സമർപ്പിച്ചതിന് ശേഷമെ റീഫണ്ട് ലഭിക്കുകയുള്ളൂ. റീഫണ്ടിനായി സമർപ്പിച്ച ബാങ്ക് അക്കൗണ്ട് പാൻ നമ്പറുമായി ലിങ്ക് ചെയ്യാത്ത ഘട്ടത്തിൽ ആദായ നികുതി വകുപ്പിൽ നിന്ന് അറിയിപ്പ് ലഭിക്കും. ഈ ഘട്ടത്തിൽ ആശയകുഴപ്പത്തിന്റെ ആവശ്യമില്ല. റിവൈസ്ഡ് ആദായ നികുതി റിട്ടേണ്‍ (പുതുക്കിയ ആദായ നികുതി റിട്ടേൺ) സമര്‍പ്പിക്കുന്നതിലൂടെ ഇത് പരിഹരിക്കാന്‍ സാധിക്കും. വിശദാംശങ്ങൾ നോക്കാം.

പുതുക്കിയ ആദായ നികുതി റിട്ടേൺ
നേരത്തെ സമയപരിധിക്കുള്ളിൽ ഐടിആർ ഫയൽ ചെയ്ത നികുതിദായകർക്ക് പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ നിയമ പ്രകാരം ഏതൊരു നികുതിദായകനും റിട്ടേണുകളിലെ തെറ്റ് തിരുത്താൻ സെക്ഷൻ 139(5) പ്രകാരം പുതുക്കിയ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കും. നികുതിദായകർക്ക് റിട്ടേണിൽ തെറ്റായ രേഖപ്പെടുത്തിയ വരുമാനം, ഇളവുകളിലെ വീഴ്ച എന്നിവ കണ്ടെത്തിയാൽ പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യാം.
അസസ്മെന്റ് വർഷം അവസാനിക്കുന്നതിന് മൂന്ന് മാസം മുൻപോ അല്ലെങ്കിൽ മൂല്യനിർണ്ണയം പൂർത്തിയാകുന്നതിന് മുൻപോ പുതുക്കിയ റിട്ടേൺ സമർപ്പിക്കാം. 2023-23 സാമ്പത്തിക വർഷത്തിലെ (അസെസ്‌മെന്റ് വർഷം 2023-2024) പുതുക്കിയ റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി ഡിസംബർ 31 2023 ആണ്.
ബാങ്ക് അക്കൗണ്ട് വിവരങ്ങളിലോ മറ്റ് വ്യക്തിഗത വിവരങ്ങളിലോ ഉള്ള മാറ്റം പോലുള്ള ചെറിയ തിരുത്തലുകൾ നടത്തുന്നതിന് പുതുക്കിയ റിട്ടേൺ ഫയൽ ചെയ്താൽ പിഴ ഈടാക്കില്ല. പുതിയ ഫോമിൽ വരുമാനമോ മറ്റെന്തെങ്കിലും കാര്യമായ തിരുത്തലുകളോ വരുത്തിയാൽ, നികുതി വകുപ്പ് നേരത്തെയുള്ള റിട്ടേണിൽ ഫയൽ ചെയ്ത നികുതി സൂക്ഷ്മമായി പരിശോധിക്കും.
എങ്ങനെ പുതുക്കിയ റിട്ടേൺ സമർപ്പിക്കാം
പുതുക്കിയ ആദായ നികുതി റിട്ടേൺ ഒന്നിൽ കൂടുതൽ തവണ സമർപ്പിക്കാം. പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഒറിജിനൽ റിട്ടേണിലെ വിശദാംശങ്ങൾ ഉൾപ്പെടുത്തണം. സാധാരണ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് സമാനമാണ് പുതുക്കിയ റിട്ടേണ്‍ സമര്‍പ്പിക്കുന്നതും. റിട്ടേണ്‍ സബ്മിറ്റ് ചെയ്യുന്ന സമയത്ത് സെക്ഷന്‍ 139(5) പ്രകാരമാണ് സബ്മിറ്റ് ചെയ്യുന്നതെന്ന് ഉറപ്പാക്കണം.
'റിട്ടേണ്‍ ഫയല്‍ഡ് അണ്ടര്‍' എന്ന കോളത്തില്‍ Revised u/s 139(5) എന്ന് തിരഞ്ഞെടുക്കണം. ശേഷം യഥാര്‍ഥ റിട്ടേണിന്റെ വിശദാംശങ്ങള്‍ കാണിക്കും. അക്ക്‌നോളജ്‌മെന്റ് നമ്പര്‍, യഥാര്‍ഥ റിട്ടേണ്‍ ഫയല്‍ ചെയ്ത തീയതി എന്നിവ കാണിക്കും. പുതുക്കിയ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ അവ വാലിഡേറ്റ് ചെയ്യണം. അല്ലാത്തപക്ഷം ആദായ നികുതി വകുപ്പ് പുതുക്കിയ റിട്ടേണ്‍ സ്വീകരിക്കില്ല. ആധാര്‍ വഴിയോ നെറ്റ് ബാങ്കിംഗ് വഴിയോ, ഇല്‌ക്ട്രോണിക് വെരിഫിക്കേഷന്‍ കോഡ് ഉപയോഗിച്ചോ റിട്ടേണ്‍ സമര്‍പ്പിക്കാം.
ആദായ നികുതി നോട്ടീസ്
നികുതിദായകർ റിട്ടേൺ സമർപ്പിക്കുന്ന ഘട്ടത്തിൽ വരുമാനത്തിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തുകയോ തെറ്റായ ക്ലെയിം ഉപയോഗപ്പെടുത്തുകയോ ചെയ്താലാണ് ആദായ നികുതി നോട്ടീസുകൾ അയക്കുന്നത്. വകുപ്പിന്റെ പരിശോധനയിൽ ഇത്തരം തെറ്റുകൾ കണ്ടെത്തിയ നികുതിദായകർക്ക് നോട്ടീസ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
എൽടിഎ, എച്ച്ആർഎ, സെക്ഷൻ 80 സി, 80 ഡി എന്നിവയ്ക്ക് കീഴിലുള്ള ഇളവുകൾ ക്ലെയിം ചെയ്യുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതിനാലും തെറ്റായ ക്ലെയിമുകൾ നടത്തുമ്പോഴും അധിക വരുമാനം രേഖപ്പെടുത്താത്ത ഘട്ടത്തിലും ആദായ നികുതി നോട്ടീസ് ലഭിക്കും.


Click it and Unblock the Notifications