ഇന്ത്യയെ ലോകത്തിലെ പ്രധാന സ്വർണ ഉപഭോഗ രാജ്യമാക്കുന്നത് ഇന്ത്യക്കാരുടെ സ്വർണ ഭ്രമം തന്നെയാണ്. ഇന്ത്യൻ വീടുകളിൽ ഏകദേശം 27,000 ടൺ സ്വർണമുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നത്. മൊത്തത്തിൽ 23.49 ലക്ഷം കോടി രൂപയുടെ മൂല്യമുണ്ടാകും. ഭൗതിക സ്വർണത്തോടുള്ള അടുപ്പമാണ് സ്വർണാഭരണങ്ങളിലുള്ള നിക്ഷേപത്തിന് ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നത്. ഇതിനാൽ തന്നെ വില ഉയർന്നാലും ആഘോഷങ്ങൾക്ക് സ്വർണം വാങ്ങുന്നതിൽ നിന്ന് ഇന്ത്യക്കാർ പിന്മാറാറില്ല.
ഇന്ന് 46,160 രൂപയാണ് 22 കാരറ്റ് 8 ഗ്രാമിന്റെ വില. വില ഉയർന്ന് നിൽക്കുമ്പോൾ സ്വർണം വാങ്ങി വീട്ടിൽ സൂക്ഷിക്കുന്നതിൽ വലിയ റിസ്കുണ്ട്. ഇവിടെ ജുവലറികൾ നൽകുന്ന ഇൻഷൂറൻസ് കവറേജുകളുണ്ടെങ്കിൽ ഒരു വിധത്തിൽ സുരക്ഷിതാകുമെന്ന് കരുതാം.
സെൻകോ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, കല്യാൺ ജ്വല്ലേഴ്‌സ്, കാൻഡെർ എന്നിവയിൽ നിന്ന് ആഭരണം വാങ്ങുമ്പോൾ ജുവലറികളുടെ ഗ്രൂപ്പ് ഇൻഷുറൻസ് പോളിസി വഴി സ്വർണാഭരണങ്ങൾക്ക് ഒരു വർഷത്തേക്ക് ഇൻഷൂറൻസ് ലഭിക്കുന്നുണ്ട്. വിവിധ സാഹചര്യങ്ങളിൽ സ്വർണാഭരണത്തിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷൂറൻസ് പരിക്ഷ നൽകും. ഇവയുടെ വിശദാംശങ്ങൾ നോക്കാം.

പോളിസി ഇങ്ങനെ
ഓരോ ജുവലറിയുടെയും നയങ്ങളും നിബന്ധനകളും അനുസരിച്ച് ഇൻഷുറൻസ് പോളിസിയിൽ ഉൾപ്പെടുന്ന ഉൽപ്പന്നങ്ങൾ വ്യത്യസ്തമായിരിക്കും. സെൻകോ ഡയമണ്ട് ആഭരണ ശ്രേണിയിലാണ് ഇൻഷൂറൻസ് വാഗ്ദാനം ചെയ്യുന്നത്. കാൻഡറിന്റെ ജുവൽഅഷ്വർ പ്ലാനിൽ ഗിഫ്റ്റ് കാർഡുകൾ, 10,000 രൂപയിൽ താഴെയുള്ള ഉൽപ്പന്നങ്ങൾ എന്നിവ കാൻഡർ ഇൻഷ്വർ ചെയ്യുന്നില്ല. കല്യാൺ ജ്വല്ലേഴ്‌സിൽ സ്വർണവും കല്ലും പതിച്ച ആഭരണങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് 20,000 രൂപയ്‌ക്കോ അതിൽ കൂടുതലോ വിലയുള്ള ആഭരണങ്ങൾക്ക് 365 ദിവസത്തേക്ക് ഇൻഷൂറൻസ് നൽകും. ആദ്യ വർഷത്തെ പ്രീമിയം ജുവലറികൾ അടച്ചാലും ശേഷം ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് നേരിട്ട് പോളിസി പുതുക്കാവുന്നതാണ്.
ഏതൊക്കെ സാഹചര്യത്തിൽ ഇൻഷൂറൻസ്
സ്വർണാഭരണങ്ങൾക്ക് ഇൻഷൂറൻസ് എടുക്കുന്നൊരാൾക്ക് ഭൂരിഭാഗം അപകടങ്ങളിലും ഇൻഷൂറൻസ് ലഭിക്കും. തീപിടിക്കുന്നതുമായി ബന്ധപ്പെട്ട അപകടം, ഭൂകമ്പം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ മൂലമുള്ള നഷ്ടം എന്നിവ ഇൻഷൂറൻസിൽ പരിരക്ഷ ലഭിക്കും.കലാപങ്ങൾ, പണിമുടക്കുകൾ, തട്ടിക്കൊണ്ടുപോകൽ, കവർച്ച, കൊള്ളയടിക്കൽ, അപകടം, തീവ്രവാദം, ഇന്ത്യയ്‌ക്കുള്ളിലുള്ള യാത്ര എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന നഷ്ടങ്ങളിലും ആഭരണങ്ങൾക്ക് പരിരക്ഷയുണ്ട്.
അതേസമയം ഇൻഷുറൻസ് ഉള്ളതുകൊണ്ട് സ്വന്തം ആഭരണങ്ങളുടെ കാര്യത്തിൽ അശ്രദ്ധരാകാം എന്നർഥമില്ല. ആഭരണങ്ങൾ നഷ്‌ടപ്പെടുകയോ എവിടെയെങ്കിലും മറന്നുപോവുകയോ, സർക്കാർ കണ്ടുകെട്ടുകയോ ചെയ്‌താൽ നിങ്ങൾക്ക് പരിരക്ഷ ലഭിക്കില്ല.
എങ്ങനെ ക്ലെയിം ലഭിക്കും
ഇൻഷുറൻസ് പോളിസിയിൽ വ്യക്തമാക്കിയ കാരണങ്ങളാൽ ആഭരണങ്ങൾ നഷ്ടപ്പെട്ടാൽ ആദ്യം പോലീസ് പരാതി ഫയൽ ചെയ്യുണം. ഇതിന്റെ വിശദാംശങ്ങളും സ്വർണം വാങ്ങിയ ഇൻവോയ്‌സും സഹിതകം ക്ലെയിം ഉന്നയിക്കാം. ക്ലെയിം ഉന്നയിക്കുന്നതിന് പോലീസ് പരാതിയും സിസിടിവി / ദൃക്‌സാക്ഷി / മറ്റ് തെളിവുകളും സഹിതം ക്ലെയിം ഫോമിൽ ആഭരണങ്ങൾ നഷ്ടപ്പെട്ടതിന്റെ കാരണങ്ങൾ വ്യക്തമാക്കണം.
സ്വർണത്തിന്റെ പൂർണമായ വിലയും തിരികെ ലഭിക്കില്ല. മേക്കിംഗ് ചാർജുകളും നികുതികളും ഒഴികെ ആഭരണങ്ങളുടെ മൂല്യത്തിന്റെ 95 ശതമാനമാണ് പോളിസികളുടെ ഭാഗമാകുന്നത്. സാധാരണയായി നിങ്ങൾക്ക് ക്ലെയിമുകൾ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന പോളിസി ഡോക്യുമെന്റോ ഫോൺ നമ്പറുകളോ ജുവലറികൾ നൽകാറില്ല. ക്ലെയിം ഫയൽ ചെയ്യാൻ ജുവലറികൾ ആപ്പ്, കൺസൾട്ടൻസി സേവനം എന്നിവ നൽകാം. അതിനാൽ ആഭരണം വാങ്ങുന്ന സമയത്ത് ഇൻഷൂറൻസ് പരിരക്ഷയുടെ വിവരങ്ങൾ ജുവലറിയിൽ നിന്ന് നേടണം.


Click it and Unblock the Notifications