ആഗോള സാഹചര്യങ്ങൾ അനുകൂലമായി തുടർന്നതോടെ വ്യാഴാഴ്ച കേരള വിപണിയിലും സ്വർണ വില ഉയർന്നു. നിക്ഷേപകർ കാത്തിരുന്ന യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് തീരുമാനം പുറത്ത് വന്നതും പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യവുമാണ് നിലവിൽ സ്വർണ വിലയെ ചലിപ്പിക്കുന്നത്. ഫെഡറൽ റിസർവ് പലിശ നിരക്കിൽ തൽസ്ഥിതി തുടർന്നതോടെ ഡോളറും ബോണ്ട് യീൽഡും ഇടിഞ്ഞു. സ്വർണം നേട്ടമുണ്ടാക്കി. വ്യാഴാഴ്ച കേരള വിപണിയിൽ 80 രൂപയാണ് പവന് വർധിച്ചത്.
80 രൂപ വർധിച്ചതോടെ 45,200 രൂപയിലാണ് ഒരു പവൻ സ്വർണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വർധിച്ച് 5,650 രൂപയിലെത്തി. മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വർണ വില മുന്നേറ്റം നടത്തിയത്. ഒക്ടോബർ 28, 29 തീയതികളിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് തൊട്ട ശേഷമാണ് സ്വർണ വില മൂന്ന് ദിവസങ്ങളിലായി ഇടിഞ്ഞത്.
ഞെട്ടിച്ച് സ്വർണ വില
യുദ്ധ സാഹചര്യത്തിലെ ആശങ്കകളിൽ ഒക്ടോബറിൽ വലിയ മുന്നേറ്റമാണ് സ്വർണ വിലയിലുണ്ടായത്. നിക്ഷേപകർ സ്വർണം സുരക്ഷിത ഇടമായി കണ്ടതോടെ ചരിത്രത്തിലെ ഉയർന്ന നിലവാരത്തിലേക്ക് സ്വർണ വില എത്തി. ഒക്ടോബർ 28-ാം തീയതിയാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 45,920 രൂപയിലേക്ക് സ്വർണ വില എത്തിയത്. 41,920 രൂപ നിലവാരത്തിൽ ഒക്ടോബർ ആറിന് വ്യാപാരം നടന്നയിടത്ത് നിന്നാണ് 4,000 രൂപ സ്വർണ വിലയിൽ വർധനവുണ്ടായി.

ഒക്ടോബർ 28 ന് 45,920 രൂപയിലാണ് ഒരു പവൻ സ്വർണം വ്യാപാരം നടന്നത്. ഗ്രാമിന് 5,740 രൂപയിലേക്ക് സ്വർണ വിലയെത്തി. 29-ാം തീയതിയും ഇതേ നിലവാരം തുടർന്നു. 30-ാം തീയതി 45,760 രൂപയിലേക്കും 31-ാം തീയതി 45,360 രൂപയിലേക്കും എത്തിയ ശേഷമാണ് സ്വർണ വില ബുധനാഴ്ചയും ഇടിവ് തുടർന്നത്.
ആഗോള വിപണിയിൽ കുതിപ്പ്
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയതോടെ യുഎസ് ഡോളറും ബോണ്ട് യീല്‍ഡും ഇടിഞ്ഞത് ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ത്തി. സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.2 ശതമാനം ഉയര്‍ന്ന് 1,985.99 ഡോളറിലേക്ക് എത്തി. സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഡോളര്‍ ഇന്‍ഡെക്‌സും ബോണ്ട് യീല്‍ഡും താഴ്ന്നു.
ഡോളര്‍ സൂചിക 0.50 ശതമാനം ഇടിഞ്ഞതോടെ സ്വര്‍ണം ചെലവ് കുറഞ്ഞതായി. ബോണ്ട് യീല്‍ഡ് രണ്ടാഴ്ചയിലെ താഴ്ന്ന നിലവാരത്തിലാണ്. ഇതോടൊപ്പം പശ്ചിമേഷ്യയില്‍ തുടരുന്ന ഇസ്രായേല്‍- ഹമാസ് യുദ്ധവും സ്വര്‍ണ വില ഉയരാന്‍ കാരണമായിട്ടുണ്ട്.
മറ്റു നഗരങ്ങളിലെ സ്വർണ വില
ചെന്നൈ നഗരത്തിൽ ഒരു പവന് 45,560 രൂപയാണ് വ്യാഴാഴ്ചയിലെ വില. പവന് 72 രൂപയാണ് വർധനവ്. മുംബൈ, പൂനെ, ബംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്, കേരളം എന്നീ നഗരങ്ങളിൽ 80 രൂപ വർധിച്ച് 45,200 രൂപയിലേക്ക് സ്വർണ വില എത്തി.
അതേസമയം ഡൽഹി, ജയ്പൂർ, ലഖ്നൗ എന്നിവിടങ്ങളിൽ സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്. 45,240 രൂപയാണ് വ്യാഴാഴ്ചയിലെ സ്വർണ വില. വധോദര, അഹമ്മദാബാദ് നഗരങ്ങളിലും സ്വർണ വിലയിൽ മാറ്റമില്ല. 45,160 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.


Click it and Unblock the Notifications