നിക്ഷേപങ്ങളില്‍ നിന്നുള്ള നികുതി നിക്ഷേപ റിട്ടേണിനെ കുറയ്ക്കും. ചെറിയ തുകയുടെ പലിശ വരുമാനത്തില്‍ നിന്നും ബാങ്ക് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുന്നത് നിക്ഷേപകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നത് തീര്‍ച്ച. വരുമാനം അടിസ്ഥാന പരിധിക്ക് താഴെയാണെങ്കിൽ നിക്ഷേപകർ സ്രോതസിൽ നിന്നുള്ള നികുതി നൽകേണ്ടതില്ല. അതിനായി വരുമാനം 2.50 ലക്ഷത്തിൽ താഴെയുള്ളവർ നിക്ഷേപമുള്ള ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ 15ജി/15എച്ച് ഫോം സമര്‍പ്പിച്ചാൽ മതിയാകും. ആർക്കൊക്കെ ഏത് അവസരത്തിൽ ഫോം സമർപ്പിക്കാമെന്നും നേട്ടങ്ങളെന്തെല്ലാമെന്നും പരിശോധിക്കാം.
ടിഡിഎസ് ഈടാക്കുന്ന വഴി
സാമ്പത്തിക വര്‍ഷത്തില്‍ റെഗുലർ നിക്ഷേപകന്റെ പലിശ വരുമാനം 40,000 രൂപയില്‍ കൂടുതലാണെങ്കില്‍ പലിശ കണക്കാക്കുന്ന സമയത്ത് ബാങ്ക് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് പലിശ വരുമാനം 50,000 രൂപയിൽ കൂടിയാലാണ് നികുതി ഈടാക്കുക. 10 ശതമാനമാണ് ടിഡിഎസ് ഈടാക്കുക.
അതേസമയം നിക്ഷേപകന്റെ നികുതി ബാധ്യത 10 ശതമാനത്തിന് മുകളിലാണെങ്കില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് ബാലന്‍സ് ടാക്‌സ് അടയ്ക്കണം. ഈടാക്കിയ നിരക്കിനേക്കാള്‍ കുറവാണ് നികുതി ബാധ്യതയെങ്കില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ച് ടിഡിഎസ് റീഫണ്ട് നേടിയെടുക്കാം.

15ജി/ 15എച്ച് ഫോം
നികുതിദായകന്‍റെ വാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കുറവാണെങ്കിൽ ടിഡിഎസ് പിടിക്കുന്നത് തടയുന്നതിന് നികുതിദായകന്‍ ബന്ധപ്പെട്ട ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തിലോ ഫോം സമർപ്പിക്കണം. ഒരു സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഫോം സമര്‍പ്പിക്കുന്നതാണ് അനുയോജ്യം. റെഗുലർ നിക്ഷേപകരാണെങ്കിൽ 15 ജി ഫോമും മുതിർന്ന പൗരന്മാർക്ക് 15എച്ച് ഫോമും സമർപ്പിക്കാം.
പ്രായ പൂര്‍ത്തിയാവത്തൊരാള്‍ക്ക് 15ജി ഫോം സമര്‍പ്പിക്കാന്‍ സാധിക്കില്ല. 18 തികയാത്ത വ്യക്തിയുടെ പലിശ വരുമാനം രക്ഷിതാവിന്റെ വരുമാനത്തിനൊപ്പം ചേര്‍ത്താണ് നികുതി കണക്കാക്കുക. രക്ഷിതാവ് ഉപഹാരമായി നല്‍കിയ പണമാണെങ്കില്‍ ഇതിന് നികുതി വരുന്നില്ല. 15ജി ഫോം സമര്‍പ്പിക്കുന്ന സമയത്ത് പാന്‍ വിവരങ്ങള്‍ സമര്‍പ്പിക്കണം.
എവിടെയെല്ലാം സമർപ്പിക്കാം
ബാങ്ക് കൂടാതെ ടിഡിഎസ് ഈടാക്കുന്ന വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ 15ജി/15എച്ച് ഫോം സമർപ്പിക്കാം. ഇപിഎഫ് നിക്ഷേപം 5 വർഷം പൂർത്തിയാകുന്നതിന് മുൻപ് പിൻവലിക്കുമ്പോൾ, 50,000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ ടിഡിഎസ് ഈടാക്കും. ഇത്തരത്തിൽ പിൻവലിക്കാൻ ഉദ്യേശമുണ്ടെങ്കിൽ 15ജി/ 15എച്ച് ഫോം സമർപ്പിക്കണം. പിന്‍വലിച്ച ഇപിഎഫ് ബാലന്‍സ് ഉള്‍പ്പെടെ മൊത്തം വരുമാനം പരിധി കടക്കാത്തവർക്ക് മാത്രമാണ് ഈ നേട്ടം ലഭിക്കുക.
കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപം, ബോണ്ടുകൾ എന്നിവയിൽ നിക്ഷേപമുള്ളവരാമെങ്കിൽ വാർഷിക വരുമാനം 5,000 രൂപയില്‍ കൂടുമ്പോൾ ടിഡിഎസ് കുറയ്ക്കും. ഇതിന് പകരം ഫോം സമർപ്പിക്കാം. പോസ്റ്റ് ഓഫീസിലും ടിഡിഎസ് ഈടാക്കുന്ന പലിശയുടെ പരിധി ബാങ്കിന് സമാനമാണ്. ഇവിടെയും 15ജി, 15എച്ച് ഫോം സമർപ്പിക്കാം. സഹകരണ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ഫോം നൽകാം. ഇവിടങ്ങളിൽ പലിശ വരുമാനം 5,000 രൂപയിൽ കൂടുതലാണെങ്കിലാണ് ടിഡിഎസ് ബാധകമാകുന്നത്.
ആദായ നികുതി റിട്ടേൺ സമർപ്പിക്കണമോ?
15ജി ഫോം സമർപ്പിച്ച് ടിഡിഎസ് ലാഭിച്ചൊരാൾ ആദായ നികുതി റിട്ടേൺ സമർപ്പിക്കണമെന്ന് നിർബന്ധമില്ല. നിക്ഷേപകന്റെ താൽപര്യം അനുസരിച്ച് റിട്ടേൺ സമർപ്പിക്കാം. 15ജി ഫോം സമർപ്പിക്കാൻ വൈകിയവരാണെങ്കിൽ ബാങ്ക് അതാത് മാസങ്ങളിൽ ടിഡിഎസ് ഈടാക്കിട്ടുണ്ടാകും. ഈ തുക തിരികെ ലഭിക്കാൻ ആദായ നികുതി റിട്ടേൺ സമർപ്പിക്കാം.
75 വയസിന് മുകളില്‍ പ്രായമുള്ളവര്‍ 12ബിബിഎ ഫോം സമര്‍പ്പിച്ചാൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ നിന്ന് ഒഴിവാകാം. അക്കൗണ്ടുള്ള ബാങ്കിൽ നിന്ന് പെൻഷനും പലിശയും മാത്രം സ്വീകരിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ആദായ നികുതി നിയമം 1961ല്‍ പുതുതായി ഉള്‍പ്പെടുത്തിയ 194പി സെക്ഷന്‍ പ്രകാരമാണ് ഈ നേട്ടം.


Click it and Unblock the Notifications