ഏപ്രില്‍ മാസത്തോടെ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍ പുതിയ നികുതി മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് സാധാരണയാണ്. 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നികുതി വ്യവസ്ഥയിലെ നികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചിരുന്നു.
2023- 24 സാമ്പത്തിക വര്‍ഷം മുതല്‍ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവര്‍ക്ക് 7 ലക്ഷം രൂപ വരെ നികുതി നല്‍കേണ്ട, ശമ്പളക്കാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പോലുള്ള ഇളവുകളും ലഭിക്കും. ഇതോടെ പഴയ നികുതി വ്യവസ്ഥ ആകര്‍ഷകമല്ലാതായെന്ന് പറയാം.
2023-24 സാമ്പത്തിക വര്‍ഷം മുതല്‍ പുതിയ നികുതി വ്യവസ്ഥയാണ് ഡിഫോള്‍ട്ട് വ്യവസ്ഥയായി മാറുന്നത്. ശമ്പളം വാങ്ങുന്നവരാണെങ്കില്‍ ഏത് നികുതി വ്യവസ്ഥയാണ് തിരഞ്ഞെടുക്കുന്നതെന്ന് കമ്പനിയെ അറിയിച്ചില്ലെങ്കില്‍ പുതിയ ആദായ നികുതി വ്യവസ്ഥ അനുസരിച്ച ടിഡിഎസ് ഈടാക്കും.

യഥാര്‍ത്ഥ നികുതി ബാധ്യതയേക്കാള്‍ ഉയര്‍ന്ന നികുതി ശമ്പളത്തിൽ നിന്ന് കുറയ്ക്കുകയാണെങ്കിൽ ഇത് റീഫണ്ട് ലഭിക്കാൻ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നത് വരെ കാത്തിരിക്കേണ്ടതായി വരും.
അതിനാല്‍ ശമ്പളത്തില്‍ നിന്ന് ടിഡിഎസ് കുറയ്ക്കുന്നതിന് അനുയോജ്യമായ നികുതി വ്യവസ്ഥ തിരഞ്ഞെടുത്താൽ മതിയാകും. ഇതിനാൽ ഓരോ നികുതി വ്യവസ്ഥയെ പറ്റിയും വ്യക്തമായി അറിഞ്ഞ് തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇതിനുള്ള വിവരങ്ങളാണ് ഈ ലേഖനത്തിൽ.
നികുതി വ്യവസ്ഥ പഴയതോ പുതിയതോ
ശമ്പളമുള്ള ഒരു വ്യക്തി എല്ലാ സാമ്പത്തിക വര്‍ഷത്തിലും പഴയ നികുതി വ്യവസ്ഥയോ പുതിയ നികുതി വ്യവസ്ഥയോ തിരഞ്ഞെടുക്കേണ്ടതുണ്ട്. 2020 ഏപ്രില്‍ 13-ലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിന്റെ സർക്കുലർ അനുസരിച്ച് ശമ്പളം വാങ്ങുന്ന വ്യക്തി ശമ്പളത്തില്‍ നിന്ന് ടിഡിഎസ് കുറയ്ക്കുന്നതിനായി നികുതി വ്യവസ്ഥകളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണം.
നികുതി വ്യവസ്ഥ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ സാമ്പത്തിക വര്‍ഷത്തില്‍ ഇത് മാറ്റാനാകില്ല. എന്നാൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്ന ഘട്ടത്തിൽ നികുതി വ്യവസ്ഥ മാറ്റാൻ സാധിക്കും.
നികുതി ബാധ്യത രീതി
പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള നികുതി ബാധ്യതയും പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള നികുതി ബാധ്യതയുമായി താരതമ്യം ചെയ്ത് വേണം നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാൻ. കുറഞ്ഞ നികുതി ബാധ്യതയുള്ള നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നതാണ് നികുതിദായകന് അനുയോജ്യം. ഇത് ടിഡിഎസ് കുറയ്ക്കുന്നതിന് ഈ ഓപ്ഷന്‍ തൊഴിലുടമയെ അറിയിക്കുകയും ചെയ്യാം.
സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളം വര്‍ധിക്കുകയോ മൂലധന നേട്ടങ്ങളോ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ വരുമാനം, ഓഹരികളിൽ നിന്നുള്ള ലാഭവിഹിതം എന്നിങ്ങനെ മറ്റ് വരുമാനങ്ങൾ ലഭിച്ചാൽ രണ്ട് നികുതി വ്യവസ്ഥയും വീണ്ടും താരതമ്യം ചെയ്യണം.
പുതിയ നികുതി വ്യവസ്ഥയിലെ മാറ്റങ്ങൾ
പുതിയ നികുതി വ്യവസ്ഥയും പഴയ നികുതി വ്യവസ്ഥയും താരതമ്യം ചെയ്യുമ്പോൾ പഴയ നികുതി വ്യവസ്ഥയിൽ മാറ്റങ്ങളില്ലാ എന്നു കാണാം. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലാണ് പുതിയ നികുതി വ്യവസ്ഥയ്ക്ക് മാറ്റങ്ങൾ കൊണ്ടു വന്നത്. 6 നികുതി സ്ലാബുകളുണ്ടായിരുന്നത് 5 എണ്ണമായി ചുരുക്കി.
3 ലക്ഷത്തിനും 6 ലക്ഷത്തിനും ഇടയിലുള്ള വരുമാനത്തിന് 5 ശതമാനമാണ് നികുതി. 6 ലക്ഷത്തിനും 10 ലക്ഷത്തിനിടയിലുള്ള വരുമാനത്തിന് 10 ശമാനമാണ് നികുതി. 10 ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയില്‍ വരുന്ന വരുമാനത്തിന് 12 ശതമാനം നികുതി നല്‍കണം. 12 ലക്ഷം- 15 ലക്ഷം വരെയുള്ള വരുമാനത്തിന് 20 ശതമാനമാണ് നികുതി. 15 ലക്ഷത്തിന് മുകളിലാണെങ്കില്‍ 30 ശതമാനം നികുതി നല്‍കണം.
അടിസ്ഥാന ഇളവ് പരിധി ഉയർത്തി
ആദായ നികുതി സ്ലാബിൽ മാറ്റങ്ങൾ വന്നതോടെ പുതിയ നികുതി വ്യവസ്ഥയിൽ അടിസ്ഥാന ഇളവ് പരിധി 3 ലക്ഷം രൂപയാക്കി ഉയർത്തി. 50,000 രൂപയുടെ വർധനവ് അടിസ്ഥാന ഇളവ് പരിധിയിൽ വന്നു. എല്ലാ പ്രായക്കാര്‍ക്കും പുതിയ നികുതി വ്യവസ്ഥയില്‍ അടിസ്ഥാന ഇളവ് പരിധി 3 ലക്ഷമാണ്.
പഴയ നികുതി വ്യവസ്ഥയില്‍ 60 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് 2.50 ലക്ഷവും 60നും 80നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 3 ലക്ഷവും 80 ലക്ഷത്തിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 5 ലക്ഷം രൂപയുമാണ് ഇളവ് പരിധി.
സ്റ്റാൻഡേർഡ് ഡിഡക്ഷൻ
ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും (കുടുംബ പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ) സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്റെ ആനുകൂല്യം പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ ലഭിക്കും. ശമ്പളക്കാർക്ക് 50,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ക്ലെയിം ചെയ്യാന്‍ അര്‍ഹതയുണ്ട്. പെന്‍ഷന്‍കാര്‍ക്ക് 15,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും ലഭിക്കും. പുതിയ നികുതി വ്യവസ്ഥയിൽ സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവുകളൊന്നും ലഭിക്കില്ല.
7 ലക്ഷം വരെ നികുതിയില്ല
7 ലക്ഷം രൂപ വരെ പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ നികുതി നൽകേണ്ടെങ്കിലും പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്ത വ്യക്തിയുടെ വരുമാനം 3 ലക്ഷം രൂപ കവിഞ്ഞാൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. സെക്ഷൻ 87എ പ്രകാരമാണ് 7 ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി ഒഴിവാക്കുന്നത്.


Click it and Unblock the Notifications