നിക്ഷേപങ്ങളിൽ ഏറ്റവും സുരക്ഷിതമായതും ജനപ്രിയമായതും സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്.ഡിയാണ്. അതിനാൽ എല്ലാ ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും എഫ്.ഡി സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) വ്യത്യസ്ത എഫ്.ഡികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണ പൗരൻമാരേക്കാൾ അൽപം ഉയർന്ന പലിശ നിരക്കാണ് മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്നത്. അതിനാൽ തന്നെ മുതിർന്ന പൗരൻമാർക്കായി എസ്ബിഐ മികച്ച എഫ്.ഡി സ്കീമുകൾ നൽകുന്നുണ്ട്.
സ്ഥിര നിക്ഷേപങ്ങൾ അപകടരഹിതമായ നിക്ഷേപങ്ങളായതിനാൽ മുതിർന്ന പൗരൻമാർക്കാണ് കുടുതൽ താത്പര്യം. ഒപ്പം ഉയർന്ന പലിശയും വരുമാനവും എഫ്.ഡിയിലൂടെ ഉറപ്പാക്കാം. ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന 60 ഉം അതിൽ കൂടുതലും പ്രായമുള്ള ഇന്ത്യൻ പൗരൻമാരായ എല്ലാ മുതിർന്ന പൗരൻമാർക്കും എഫ്.ഡിയിൽ നിക്ഷേപിക്കാം.
സാധാരണയായി 7 ദിവസം മുതൽ 10 വർഷം വരെ എഫ്.ഡിയിൽ നിക്ഷേപിക്കാൻ സാധിക്കും. കാലാവധി വർദ്ധിക്കുന്നതിന് അനുസരിച്ച് വരുമാനവും ഉയരും. എസ്ബിഐ വാഗ്ദാനം ചെയ്യുന്ന എഫ്.ഡിയിൽ മുതിർന്ന പൗരൻമാർക്ക് കുടുംബാംഗങ്ങളെയോ പങ്കാളിയേയോ നോമിനേറ്റ് ചെയ്യാൻ സാധിക്കും. അപേക്ഷകന് ഏതെങ്കിലും കാരണത്താൽ മെച്യൂരിറ്റി തുക പിൻവലിക്കാൻ സാധിച്ചില്ലെങ്കിൽ നോമിനേറ്റ് ചെയ്ത വ്യക്തിക്ക് പണം പിൻവലിക്കാനുള്ള അവസരമാണ് ഇതിലൂടെ എസ്ബിഐ നൽകുന്നത്.

എസ്ബിഐ മുതിർന്ന പൗരന്മാരുടെ എഫ്‌ഡിക്ക് എത്ര പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു? മാത്രമല്ല 1 വർഷം, 3 വർഷം, 5 വർഷം എന്നീ കാലാവധിയുള്ള എസ്‌ബിഐ എഫ്.ഡിയിൽ 3 ലക്ഷം, 6 ലക്ഷം, 9 ലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന തുകയെ കുറിച്ചും വിശദമായി അറിയാം;
മുതിർന്ന പൗരന്മാർക്ക് എസ്‌ബിഐ എഫ്.ഡിയിൽ ലഭിക്കുന്ന പലിശ നിരക്ക്
- 1 വർഷത്തെ കാലാവധിയുള്ള എഫ്ഡിയിൽ - 7.30 ശതമാനം പലിശ നൽകുന്നു.
- 3 വർഷത്തെ എഫ്‌ഡി സ്കീമിൽ - 7.25 ശതമാനം പലിശ ഉറപ്പാക്കാം.
- 5 വർഷത്തെ കാലാവധിയുള്ള എഫ്ഡിയിൽ- 7.50 ശതമാനം പലിശ ലഭിക്കും....
1 വർഷത്തെ എഫ്ഡിയിൽ 3 ലക്ഷം, 6 ലക്ഷം, 9 ലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചാൽ.....
- എസ്ബിഐ എഫ്ഡിയിൽ 3 ലക്ഷം രൂപ നിക്ഷേപിച്ചാൽ മുതിർന്ന പൗരന്മാർക്ക് കാലാവധി പൂർത്തിയാകുമ്പോൾ 3,22,507 രൂപ ലഭിക്കും.
- ഇതേ കാലാവധിയിൽ 6 ലക്ഷം നിക്ഷേപിച്ചാൽ ലഭിക്കുന്ന മെച്യൂരിറ്റി തുക 6,45,014 രൂപയാണ്.
- 9 ലക്ഷം രൂപയുടെ നിക്ഷേപത്തിന് കാലാവധി പൂർത്തിയാവുമ്പോൾ 9,67,521 രൂപയും ലഭിക്കും.
3 വർഷത്തെ എഫ്ഡിയിൽ 3 ലക്ഷം, 6 ലക്ഷം, 9 ലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചാൽ.....
- ഈ എഫ്.ഡിയിൽ മുതിർന്ന പൗരന്മാർ മൂന്ന് വർഷത്തേക്ക് 3 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്നത് 3,72,164 രൂപയാണ്.
- മൂന്ന് വർഷത്തേക്ക് 6 ലക്ഷം നിക്ഷേപിച്ചാൽ കാലാവധിയുടെ അവസാനം ലഭിക്കുന്ന മൊത്തം തുക 7,44,328 രൂപയാണ്.
- എന്നാൽ ഇതേ കാലാവധിയിൽ 9 ലക്ഷം നിക്ഷേപിച്ചാൽ 11,16,492 രൂപ ഉറപ്പാക്കാം.
5 വർഷത്തെ എഫ്ഡിയിൽ 3 ലക്ഷം, 6 ലക്ഷം, 9 ലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചാൽ.....
- മുതിർന്ന പൗരന്മാർ അഞ്ച് വർഷത്തേക്ക് 3 ലക്ഷം രൂപയുടെ നിക്ഷേപം നടത്തിയാൽ ലഭിക്കുന്ന മെച്യൂരിറ്റി തുക 4,34,984 രൂപയാണ്.
- ഈ കാലാവധിയിൽ 6 ലക്ഷം നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന നേട്ടം 8,69,969 രൂപയാണ്.
- അഞ്ച് വർഷത്തേക്ക് 9 ലക്ഷം നിക്ഷേപിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്നത് 13,04,953 രൂപയാണ്.


Click it and Unblock the Notifications