സാമ്പത്തിക വര്‍ഷം അവസാനത്തിലേക്ക് കടക്കുകയാണ്. നികുതി ബാധ്യതയുള്ളവരാണെങ്കില്‍ നികുതി ഇളവുകളെ പറ്റി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവ് ഏറ്റവും ജനകീയമായ നികുതി ലാഭിക്കല്‍ മാര്‍ഗങ്ങളിലൊന്നാണ്. നിക്ഷേപിക്കുന്ന തുകയ്ക്ക് 1.50 ലക്ഷം രൂപ വരെയാണ് സെക്ഷന്‍ 80സി പ്രകാരം നികുതി ഇളവ് നല്‍കുന്നത്.
ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ നല്‍കുന്ന ഇതോടൊപ്പം നികുതി ഇളവുകള്‍ ലഭ്യമാക്കുന്നതുമായ രണ്ട് നിക്ഷേപ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ലഘു സമ്പാദ്യ പദ്ധതിയില്‍ ഉള്‍പ്പെട്ട ഇവ വിശദമായി നോക്കാം.
ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം
സെക്ഷൻ 80സി ആനുകൂല്യം ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളാണ് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം. 5 വർഷ കാലാവധിയിയലാണ് ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപം സ്വീകരിക്കുക. 5 വർഷത്തെ ലോക്ഇൻ പിരിയഡുള്ളതിനാൽ കാലാവധിക്ക് മുൻപുള്ള പിൻവലിക്കൽ അനുവദിക്കുന്നതല്ല. 100 രൂപ മുതൽ 1.5 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാൻ സാധിക്കുക. പലിശ വരുമാനം നികുതി ബാധകമാണ്. ടാക്‌സ് സ്ലാബ് അനുവസരിച്ച് നികുതി നൽകേണ്ടതായി വരും.

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം
60 വയസ് പൂര്‍ത്തിയായവര്‍ക്കായി അവതരിപ്പിക്കുന്ന ലഘു സമ്പാദ്യ പദ്ധതിയില്‍ ഉള്‍പ്പെട്ട നിക്ഷേപമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. ത്രൈമാസത്തില്‍ പലിശ വരുമാനം ലഭിക്കുന്ന പദ്ധതിയില്‍ നിലവില്‍ 8.20 ശതമാനം പലിശ ലഭിക്കുന്നുണ്ട്. ഒറ്റത്തവണ നിക്ഷേപമാണ് പദ്ധതിക്ക് ആവശ്യം. 5 വര്‍ഷമാണ് കാലാവധി.
1,000 രൂപ മുതല്‍ 30 ലക്ഷം രൂപ വരെ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ സ്‌കീമില്‍ നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് 1.50 ലക്ഷം രൂപ നികുതി ഇളവ് ലഭിക്കും. ത്രൈമാസ്ത്തില്‍ ലഭിക്കുന്ന പലിശ വരുമാനത്തിനൊപ്പം ചേര്‍ത്ത് നികുതി ഈടാക്കും. വര്‍ഷത്തില്‍ പലിശ വരുമാനം 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും.
സുകന്യ സമൃദ്ധി യോജന
സുകന്യ സമൃദ്ധി യോജന അക്കൗണ്ട് പെണ്‍മക്കളുടെ സാമ്പത്തിക സുരക്ഷയ്ക്ക് വേണ്ടി ആരംഭിക്കുന്ന നിക്ഷേപമാണ്.1 വയസ് മുതല്‍ 10 വയസ് വരെ പ്രായമുള്ള പെണ്‍മക്കളുടെ പേരിലാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കുക. 2024 സാമ്പത്തിക വര്‍ഷത്തിന്റെ ജനുവരി- മാര്‍ച്ച് പാദത്തില്‍ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 8.20 ശതമനമാണ്.
250 രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെയാണ് സുകന്യസമൃദ്ധി യോജനയില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. നിക്ഷേപിക്കുന്ന തുകയ്ക്ക് പൂര്‍ണമായും നികുതി ഇളവ് ലഭിക്കും. അതോടൊപ്പം കാലാവധിയില്‍ പിന്‍വലിക്കുന്ന തുക പൂര്‍ണമായും നികുതി ഇളവുള്ളതാണ്. ചുരുങ്ങിയ തുക 15 വര്‍ഷത്തേക്ക് നിര്‍ബന്ധമായും നിക്ഷേപിക്കണം. 21 വര്‍ഷത്തിന് ശേഷമാണ് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കുക.
നികുതി ഇളവുള്ള നിക്ഷേപങ്ങൾ
നികുതി ബാധകമായ വരുമാനം കുറയ്ക്കാന്‍ ആദായ നികുതി നിയമത്തിലെ 80സി സെക്ഷന്‍ പ്രകാരം ഇളവ് ലഭിക്കുന്ന നിരവധി നിക്ഷേപ മാര്‍ഗങ്ങളുണ്ട്. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയം, യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാന്‍ (യുഎല്‍ഐപി), ഇക്വുറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം (ഇഎൽഎൽഎസ്) എന്നീ നിക്ഷേപങ്ങളും 80സി പ്രകാരം 1.50 ലക്ഷം രൂപയുടെ ഇളവ് നല്‍കും.


Click it and Unblock the Notifications