രാജ്യത്ത് നിരവധി സംരംഭകർ ഉദിച്ചുയരുന്നു. അതിൽ സ്ത്രീ സംരംഭകരുടെ എണ്ണം താരതമ്യേന കുറവാണ്. ബിസിനസ് മേഖലയിൽ സ്ത്രീകളുടെ സാന്നിധ്യം വർദ്ധിപ്പിക്കേണ്ടതുണ്ട്. അതിനായി സ്ത്രീകളെ പ്രോത്സാഹിപ്പിക്കണം. ഇതിനു വേണ്ടി സർക്കാർ നിരവധി വായ്പാ പദ്ധതികൾ അവതരിപ്പിക്കുന്നു. സ്ത്രീകൾക്ക് അവരുടെ ബിസിനസുകൾക്ക് ആവശ്യമായ സാമ്പത്തിക സ്രോതസ്സുകൾ നൽകി അവരെ ശാക്തീകരിക്കുകയാണ് ഇത്തരം പദ്ധതികൾ ലക്ഷ്യമിടുന്നത്.
സർക്കാർ വാഗ്ദാനം ചെയ്യുന്ന ചില വായ്പാ പദ്ധതികൾ പരിശോധിക്കുക.
അന്നപൂർണ പദ്ധതി
ഭക്ഷണം, കാറ്ററിംഗ് ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾക്കായി തയ്യാറാക്കിയ മികച്ച സ്കീമാണ് അന്നപൂർണ പദ്ധതി. ഈ പദ്ധതി പ്രകാരം സ്ത്രീകൾക്ക് 50,000 രൂപ വരെ വായ്പയെടുക്കാം. 36 ഗഡുക്കളായി ഈ തുക നിങ്ങൾക്ക് തിരിച്ചടയ്ക്കാം. എന്നാൽ ജാമ്യക്കാരനിൽ നിന്ന് ഈട് നൽകേണ്ടതുണ്ട്. അന്നപൂർണ സ്കീം വായ്പകൾക്കുള്ള ഈടായി നൽകേണ്ടത് നിങ്ങളുടെ ആസ്തികളായിരിക്കണം.
മുദ്ര യോജന
പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് കീഴിൽ സംരംഭകർക്ക് വായ്പ നൽകുന്നതിനായി സർക്കാർ ആരംഭിച്ച പദ്ധതിയാണ് മുദ്ര ലോൺ. മുദ്ര ലോണിലൂടെ സർക്കാർ 10 ലക്ഷം രൂപ വരെ വായ്പ വാഗ്ദാനം ചെയ്യുന്നു. ഈ വായ്പ നേടുന്നതിനായി ഈടോ ജാമ്യമോ നൽകേണ്ട ആവശ്യമില്ല. മാത്രമല്ല ഈ ലോണിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഢങ്ങളും ലളിതമാണ്.
സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി
സ്ത്രീകൾ, പട്ടികജാതി- പട്ടികവർഗ (എസ്.ഇ/ എസ്.ടി) സംരംഭകർക്ക് വേണ്ടി നൽകുന്ന വായ്പയാണ് ഇത്. പ്രധാനമായും നിർമ്മാണം, സേവനങ്ങൾ, വ്യാപാര മേഖലയും കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഉൾപ്പെടുന്ന ഒരു ഗ്രീൻഫീൽഡ് പ്രോജക്റ്റ് എൻ്റർപ്രൈസ് സ്ഥാപിക്കുന്നതിനായി വായ്പ നൽകുന്നതിനാണ് ധനമന്ത്രാലയം സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയുടെ കീഴിൽ സംരംഭകർക്ക് സർക്കാർ 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വായ്പ നൽകും.

സ്ത്രീ ശക്തി യോജന
2000ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണിത്. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുമായിട്ടാണ് സ്ത്രീ ശക്തി യോജന ആരംഭിച്ചത്. ഈ പദ്ധതിയിൽ വനിതാ സംരംഭകർക്ക് 2 ലക്ഷം രൂപയിൽ കൂടുതലുള്ള വായ്പകൾക്ക് 0.05% ഇളവ് ലഭിക്കും . അപേക്ഷകർ EDP അല്ലെങ്കിൽ സംരംഭകത്വ വികസന പരിപാടിയിൽ എൻറോൾ ചെയ്യണം.
സെൻ്റ് കല്യാണി പദ്ധതി
സ്റ്റാർട്ടപ്പ് ഇന്ത്യയ്ക്ക് കീഴിലുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്തുണയുള്ള സ്കീമാണ് സെൻറ് കല്യാണി പദ്ധതി. ഈ സ്കീം ഇന്ത്യയിലെ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. MSME നിയമം 2006 അനുസരിച്ച് സ്വന്തമായി ചെറുകിട സംരംഭങ്ങളുള്ള വനിതാ സംരംഭകർക്കു വേണ്ടിയാണ് ഈ സ്കീം തുടങ്ങിയത്.
ഉദ്യോഗിനി പദ്ധതി
രാജ്യത്തെ സ്ത്രീകളുടെ സംരംഭകത്വവും സാമ്പത്തിക ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെൻ്റ് ആരംഭിച്ച ഒരു മികച്ച പദ്ധതിയാണ് ഉദ്യോഗിനി സ്കീം. മറ്റ് സ്കീമുകളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കിലാണ് സർക്കാർ വനിതാ സംരംഭകർക്ക് വായ്പ നൽകുന്നത്. ഈ പദ്ധതി പ്രകാരം, 40,000 രൂപയിൽ താഴെ വാർഷിക വരുമാനം ലഭിക്കുന്ന വനിതാ സംരംഭകർക്ക് ഒരു ലക്ഷം രൂപ വരെയാണ് സർക്കാർ വായ്പ നൽകുന്നത്.
സർക്കാർ അംഗീകാരത്തോടെ നൽകുന്ന ഈ സ്കീമുകൾ രാജ്യത്തെ നിരവധി സ്ത്രീ സംരംഭകർക്ക് ശക്തി പകരുന്നു. മാത്രമല്ല ബിസിനസിലേക്ക് എത്താൻ ആഗ്രഹിക്കുന്നവർക്കും ഇത് പ്രതീക്ഷ പകരുന്നു. ആകർഷകമായ വായ്പാ സൗകര്യമാണ് വിവിധ സ്കീമുകൾ വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications