അവധിക്കാലമായതോടെ ആഘോഷ കാലമാണ്. രണ്ടാഴ്ചയ്ക്കപ്പുറം വിവാഹ സീസൺ ആരംഭിക്കുമെങ്കിലും സ്വർണ വില ഇതിനെ ഗൗനിക്കാതെ മുന്നോട്ടാണ്.
കേരള വിപണിയിൽ ചൊവ്വാഴ്ച പവന് 160 രൂപ കൂടി 44,000 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വർധിച്ച് 5,500 രൂപയുമാണ് ഇന്നത്തെ വില.
സ്വർണ വില ഉയരുമ്പോൾ വിവാഹത്തിനായി സ്വർണം വാങ്ങാനിരിക്കുന്നവർക്കാണ് ആശങ്ക കൂടുതൽ. വില കൂടിയ സാഹചര്യത്തിൽ കല്യാണ സീസൺ അടുത്തിരിക്കെ പോലും വില്പനയിൽ കുറവ് വന്നു എന്നാണ് കച്ചവടക്കാർ വ്യക്തമാക്കുന്നത്.
കേരളത്തിൽ ഇനി സ്വർണ വില ഉയരുമോ, ഇന്നത്തെ വില അടിസ്ഥാനമാക്കി സ്വർണം വാങ്ങുന്നവർ എത്ര രൂപ ചെലവാക്കേണ്ടി വരും എന്നീ വിഷയങ്ങളാണ് ഈ ലേഖനം വിശദമായി നോക്കുന്നത്.
ഇനിയും സ്വർണ വില ഉയരുമോ?
ആഗോള രംഗത്തെ ബാങ്കിംഗ് തകർച്ച വിപണികളിലെല്ലാം വലിയ പ്രതിസന്ധിയുണ്ടാക്കി. തുടർ തകർച്ചകൾ മുന്നിൽ കണ്ട നിക്ഷേപകർ പണം സ്വർണത്തിലേക്ക് മാറ്റിയതാണ് പെട്ടന്നുള്ള വില വർധനവിന് കാരണം.
ഇതോടൊപ്പം പണപ്പെരുപ്പവും പലിശ നിരക്ക് വർധനയും സ്വർണത്തിന്റെ തിളക്കം വർധിപ്പിക്കുന്നുണ്ട്. രൂപയുടെ ഇടിവ് തുടരുന്നതും സ്വർണ വില ഉയരാനുള്ളൊരു കാരണമാണ്.
കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ വില ഔണ്‍സിന് 100 ഡോളറാണ് വില വർധിച്ചത്. അമേരിക്കൻ വിപണിയിൽ 1,972.99 ഡോളറാണ് ഔൺസിന് വില.
മൂന്ന് ദിവസത്തിനിടെ 1,800 രൂപയും മാർച്ച് മാസത്തിൽ 2,720 രൂപയുമാണ് കേരള വിപണിയിൽ സ്വർണ വിലയിൽ വർധിച്ചത്. മാർച്ച് ആദ്യ ദിവസം 41,280 രൂപയുണ്ടായിരുന്ന സ്വർണ വില 44,240 രൂപയിലേക്ക് മാർച്ച് മാസത്തിൽ എത്തിയിരുന്നു.
ആഗോള രംഗത്തെ ബാങ്കിംഗ് പ്രതിസന്ധി കൊട്ടടങ്ങാതെ സ്വർണ വില ഒതുങ്ങുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ.
ജുവലറിയിൽ വില കണക്കാക്കുന്നത് എങ്ങനെ
സ്വർണാഭരണത്തിന്റെ ഫൈനൽ വില കണക്കാക്കുന്നതിൽ സ്വർണ വിലയോടൊപ്പം നിരവധി ഘടകങ്ങൾ വരുന്നുണ്ട്.
സ്വര്‍ണത്തിന്റെ വിലയെ തൂക്കം കൊണ്ട് ഗുണിച്ച് ഇതിനോടൊപ്പം പണിക്കൂലി ചേർക്കുമ്പോഴാണ് സ്വർണാഭരണത്തിന്റെ വില കണക്കാക്കുന്നത്.
ഈ തുകയുടെ 3 ശതമാനം ജിഎസ്ടി ഈടാക്കും. ഒപ്പം 45 രൂപ ഹാൾമാർക്കിംഗ് ചാർജ് ഈടാക്കും.
ഇതൊക്കെ ചേരുമ്പോഴാണ് ആഭരണത്തിന്റെ വിലയാകുന്നത്. 22 കാരറ്റ്, 24 കാരറ്റ് സ്വര്‍ണം അനുസരിച്ചും പണിക്കൂലി അനുസരിച്ചും വിലയില്‍ വ്യത്യാസം വരും.
കേരളത്തിൽ സ്വർണം വാങ്ങാൻ എന്ത് ചെലവ് വരും
22 കാരറ്റ് 8 ഗ്രാം സ്വര്‍ണത്തിന് 44,000 രൂപയും 10 ഗ്രാമിന് 55,000 രൂപയുമാണ് ചൊവ്വാഴ്ച കേരളത്തിലെ സ്വർണ വില. ഇത് അനുസരിച്ച് 15 പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നൊരാള്‍ക്ക് ഏകദേശം എത്ര രൂപ ചെലവ് വരുമെന്ന് കണക്കാക്കാം.
8 ഗ്രാം (പവന്‍) സ്വര്‍ണത്തിന് 44,000 രൂപ വരുമ്പോള്‍ 15 പവന്‍ സ്വര്‍ണത്തിന് മാത്രം 6,60,000 രൂപ ആവശ്യമായി വരും. ഓരോ സ്വര്‍ണാഭരണത്തിന്റെയും ഡിസൈന്‍ അനുസരിച്ചാണ് പണിക്കൂലി വരുന്നത്.
10 ശതമാനം പണിക്കൂലി നിശ്ചയിച്ചാല്‍ 6.60ലക്ഷം രൂപയുടെ സ്വര്‍ണത്തിന് 66,000 രൂപ പണിക്കൂലിയായി നല്‍കേണ്ടിവരും. ഇതടക്കം സ്വര്‍ണാഭരണത്തിന്റെ വില 7,26,000 രൂപ വരും.
ഇതിന് മുകളില്‍ 3 ശതമാനം ജിഎസ്ടിയും 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജും ഈടാക്കും. 7.26 ലക്ഷത്തിന് 3 ശതമാനം ജിഎസ്ടി ഈടാക്കുേേമ്പാള്‍ 21,780 രൂപവരും.
മൊത്തത്തില്‍ അവസാന ബില്‍ തുക 7,47,825 (726000+24780+45) രൂപ വരും. ഏകദേശ കണക്കാണിത്, ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം.
വില കുറയാൻ കാത്തിരിപ്പ്; ഡിമാന്റ് കുറവ്
സ്വര്‍ണ വില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 7 ശതമാനമാണ് ഉയര്‍ന്നത്. 10 ഗ്രാം സ്വര്‍ണത്തിന് വില 60,000 രൂപയിലധികമായതോടെ രാജ്യത്ത് 40 ശതമാനമാണ് സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ കുറവുണ്ടായത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന ദക്ഷിണേന്ത്യയില്‍ 60 ശതമാനം ഇടിവാണ് രണ്ടാഴ്ചയ്ക്കിടെ ആവശ്യക്കാരിലുണ്ടായത്. വില വർധനവ് ആഭ്യന്തര വിപണിയെ ബാധിച്ചതായും കഴിഞ്ഞ 10-15 ദിവസത്തിനുള്ളില്‍ ആവശ്യം 40 ശതമാനം കുറഞ്ഞെന്നും ഓൾ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ചെയര്‍മാന്‍ സായം മെഹ്റ പറഞ്ഞു.
രണ്ടാഴ്ചയ്ക്ക് ശേഷം വിവാഹ സീസണ്‍ ആരംഭിക്കുമെങ്കിലും ജനങ്ങൾ വില കുറയുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണ്.
ദക്ഷിണേന്ത്യയില്‍ ഡിമാന്‍ഡ് 40 ശതമാനം കുറഞ്ഞതായി കോയമ്പത്തൂര്‍ ജ്വല്ലറി മാനുഫാക്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബി.മുത്തു വെങ്കട്റാം പറഞ്ഞു. രാജ്യത്തിന്റെ വാര്‍ഷിക സ്വര്‍ണ ഉപഭോഗമായ 800- 850 ടണ്ണിൽ 40 ശതമാനവും ദക്ഷിണേന്ത്യയിലാണ്. വില സ്ഥിരത കൈവരിക്കുന്നില്ലെങ്കില്‍ ഡിമാന്‍ഡ് ഉയരില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.


Click it and Unblock the Notifications