നെറ്റ്ബാങ്കിംഗ് സംവിധാനമായ ആര്‍ടിജിഎസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) വഴിയുള്ള പണമിടപാടിനുള്ള സമയം നീട്ടി. ആറു മണി വരെയാണ് ഇനി ആര്‍ടിജിഎസ് വഴിയുള്ള പണമിടപാട് നടത്താനാകുന്നത്. നേരത്തെ 4.30 വരെയായിരുന്നു ഇടപാടുകള്‍ അനുവദിച്ചിരുന്നത്. ഒന്നര മണിക്കൂറാണ് ഇപ്പോൾ കൂട്ടി നൽകിയിരിക്കുന്നത്. ബാങ്കുകൾ തമ്മിലുള്ള ഇന്റർ ബാങ്ക് ട്രാൻസാക്ഷൻ 7.45 വരെ അനുവദിച്ചിട്ടുണ്ട്.
ജൂണ്‍ ഒന്നു മുതലാണ് പുതിയ സമയം പ്രാബല്യത്തിൽ വരിക. നെറ്റ് ബാങ്കിങ് വഴി പണം കൈമാറുന്നതിന് ആര്‍ബിഐ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനമാണ് ആര്‍ടിജിഎസ്. ഉയർന്ന തുകകളുടെ ഇടപാടുകളാണ് ആര്‍ടിജിഎസ് വഴി നടക്കുന്നത്. ചുരുങ്ങിയത് രണ്ടു ലക്ഷം രൂപയെങ്കിലുമുണ്ടെങ്കിലെ ഈ സംവിധാനത്തിലൂടെ പണം കൈമാറാന്‍ കഴിയൂ. പരാമവധി തുക നിശ്ചയിച്ചിട്ടില്ല. 2019 ഏപ്രിലിലെ കണക്കുപ്രകാരം 112 ലക്ഷം കോടി രൂപയാണ് ഈ സംവിധാനം വഴി കൈമാറിയിട്ടുള്ളത്.
സമയ വ്യത്യാസം അനുസരിച്ച് ഇടപാടിന്റെ ചാർജിനും വ്യത്യാസമുണ്ട്. ഒരു മണി മുതൽ ആറ് മണി വരെയുള്ള ആര്‍ടിജിഎസ് ഇടപാടിന് 5 രൂപയാണ് സർവ്വീസ് ചാർജ് ഈടാക്കുക. എന്നാൽ രാവിലെ 8 മുതൽ 11 വരെ ഇടപാടുകൾ നടത്തുമ്പോൾ ചാർജ് ഒന്നും ഈടാക്കില്ല. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള ഇടപാടിന് 2 രൂപയാണ് നിരക്ക്. വൈകുന്നേരം 6 മണിക്ക് ശേഷം ഇടപാടുകൾ നടത്തുന്നവരിൽ നിന്ന് 10 രൂപയും ഈടാക്കും.
ആർടിജിഎസ് കൂടാതെയുള്ള മറ്റൊരു ജനപ്രിയ നെറ്റ്ബാങ്കിംഗ് സംവിധാനമാണ്, നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (NEFT). ഇതുവഴി പണം ട്രാൻസ്ഫർ ചെയ്യുന്നതിന് മിനിമം പരിധിയോ പരമാവധി പരിധിയോ ഇല്ല. എല്ലാ സമയത്തും NEFT വഴി ഇടപാട് നടത്തുകയും ചെയ്യാം.
malayalam.goodreturns.in