ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്‍കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഇത് പണമായോ (Cash Dividend) നിശ്ചിത അനുപാതത്തില്‍ അധിക ഓഹരികളായോ (Stock Dividend) ആണ് സാധാരണ കമ്പനികള്‍ ലാഭവിഹിതം നല്‍കാറുളളത്. കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്‍കാന്‍ സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത് (Bonus Issue).
ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി നേരിടേണ്ടതില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകുമെന്ന മെച്ചവുമുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ ബോണസ് ഓഹരി വിതരണം ചെയ്യുന്നതിനുള്ള റെക്കോഡ് തീയതി പ്രഖ്യാപിച്ച 3 സ്‌മോള്‍ കാപ് ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ആല്‍ഫാലോജിക് ടെക്‌സിസ്
ചെറുകിട ഐടി കമ്പനിയാണ് ആല്‍ഫാലോജിക് ടെക്‌സിസ്. മൊബൈല്‍ ആപ്ലിക്കേഷന്‍, വെബ് ആപ്ലിക്കേഷന്‍, ഡിജിറ്റല്‍ പ്രോഡക്ട് സ്ട്രാറ്റജി കണ്‍സള്‍ട്ടന്‍സി, യൂസര്‍ ഇന്റര്‍ഫേസ്/ യൂസര്‍ എക്‌സ്പീരിയന്‍സ് കണ്‍സള്‍ട്ടന്‍സി എന്നിവയാണ് മുഖ്യ സേവനങ്ങള്‍. പ്രധാനമായും ഫിന്‍ടെക്/ ബാങ്കിംഗ്, സാസ് (SaaS) സോഫ്റ്റ്‌വെയര്‍, ഹെല്‍ത്തകെയര്‍ മേഖലകളിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.
അതേസമയം ഇന്നലെ 61.60 രൂപയിലായിരുന്നു ആല്‍ഫാലോജിക് ടെക്‌സിസ് ഓഹരിയുടെ ക്ലോസിങ്. നിലവില്‍ 139 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 74.70 രൂപയും താഴ്ന്ന വില 25 രൂപയുമാണ്.
ഓഗസ്റ്റ് മാസം തുടക്കത്തില്‍ ചേര്‍ന്ന ആല്‍ഫാലോജിക് ടെക്‌സിസിന്റെ (BSE : 542770) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കാന്‍ തീരുമാനിച്ചത്. അതായത് കൈവശമുള്ള രണ്ട് ഓഹരിക്ക് വീതം ഒരു ഓഹരി അധികമായി ലഭിക്കുമെന്ന് സാരം. ഇതിനിടെ ബോണസ് ഓഹരി ലഭിക്കുന്നതിന് യോഗ്യരായ നിക്ഷേപകരെ കണ്ടെത്തുന്നതിനുള്ള റെക്കോഡ് തീയതി നിശ്ചയിച്ചു. സെപ്റ്റംബര്‍ 21 ആയിരിക്കും റെക്കോഡ് തീയതി.
അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 18 ശതമാനവും 3 മാസത്തിനിടെ 93 ശതമാനം നേട്ടവും ആല്‍ഫാലോജിക് ടെക്‌സിസ് ഓഹരിയില്‍ രേഖപ്പെടുത്തി. പ്രമോട്ടറുടെ കൈവശം കമ്പനിയുടെ 74.92 ശതമാനം ഓഹരികള്‍ ഉണ്ടെന്നതും ശ്രദ്ധേയമാണ്.
ഐഎഫ്എല്‍ എന്റര്‍പ്രൈസസ്
നേരത്തെ സാര്‍ഥക് സപ്ലൈയേര്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന കമ്പനി 2016-ലാണ് ഐഎഫ്എല്‍ എന്റര്‍പ്രൈസസ് എന്നാക്കി മാറ്റിയത്. ഓഹരി, കടപ്പത്ര വ്യാപാരത്തിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനോടൊപ്പം തുണിച്ചരക്കുകളുടേയും സമാന ഉത്പന്നങ്ങളുടെയും വ്യാപാരവും നിര്‍വഹിക്കുന്നുണ്ട്.
അതേസമയം ഇന്നലെ 165 രൂപയിലായിരുന്നു ഐഎഫ്എല്‍ എന്റര്‍പ്രൈസസ് ഓഹരിയുടെ ക്ലോസിങ്. നിലവില്‍ 150 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 165 രൂപയും താഴ്ന്ന വില 19.45 രൂപയുമാണ്.
ജൂലൈ മാസത്തില്‍ ചേര്‍ന്ന ഐഎഫ്എല്‍ എന്റര്‍പ്രൈസസിന്റെ (BSE : 540377) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു 1:1 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി കൂടി ലഭിക്കും. ഇതിനിടെ ബോണസ് ഓഹരി ലഭിക്കുന്നതിന് യോഗ്യരായ നിക്ഷേപകരെ കണ്ടെത്തുന്നതിനുള്ള റെക്കോഡ് തീയതി നിശ്ചയിച്ചു. സെപ്റ്റംബര്‍ 21-നാണ് റെക്കോഡ് തീയതി. 20-ന് എക്‌സ് ബോണസ് തീയതിയായും ഉറപ്പിച്ചു.
അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 11 ശതമാനവും 3 മാസത്തിനിടെ 95 ശതമാനം നേട്ടവും ഐഎഫ്എല്‍ എന്റര്‍പ്രൈസസ് ഓഹരിയില്‍ രേഖപ്പെടുത്തി. പ്രമോട്ടറുടെ കൈവശം കമ്പനിയുടെ 1.21 ശതമാനം ഓഹരികള്‍ മാത്രമേയുള്ളൂ.
ചോയിസ് ഇന്റര്‍നാഷണല്‍
ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് ചോയിസ് ഇന്റര്‍നാഷണല്‍. ബ്രോക്കിങ്, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ്, വെല്‍ത്ത് മാനേജ്‌മെന്റ്, കോര്‍പറേറ്റ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള മാര്‍ഗോപദേശം, റീട്ടെയില്‍ ലോണ്‍/ മ്യൂച്ചല്‍ഫണ്ട് വിതരണം തുടങ്ങിയവയാണ് മുഖ്യ പ്രവര്‍ത്തനങ്ങള്‍.
അതേസമയം ഇന്നലെ 473 രൂപയിലായിരുന്നു ചോയിസ് ഇന്റര്‍നാഷണല്‍ ഓഹരിയുടെ ക്ലോസിങ്. നിലവില്‍ 2,356 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 481 രൂപയും താഴ്ന്ന വില 113 രൂപയുമാണ്.
ഓഗസ്റ്റ് മാസം ആരംഭത്തില്‍ ചേര്‍ന്ന ചോയിസ് ഇന്റര്‍നാഷണലിന്റെ (BSE: 531358, NSE : CHOICEIN) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു 1:1 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി കൂടി ലഭിക്കും. ഇതിനിടെ ബോണസ് ഓഹരി ലഭിക്കുന്നതിന് യോഗ്യരായ നിക്ഷേപകരെ കണ്ടെത്തുന്നതിനുള്ള റെക്കോഡ് തീയതിയും നിശ്ചയിച്ചു. സെപ്റ്റംബര്‍ 23-നാണ് റെക്കോഡ് തീയതി ഉറപ്പിച്ചത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8 ശതമാനവും 3 മാസത്തിനിടെ 31 ശതമാനം നേട്ടവും ചോയിസ് ഇന്റര്‍നാഷണല്‍ ഓഹരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ 51.45 ശതമാനം ഓഹരികള്‍ പ്രമോട്ടറുടെ കൈവശമാണ്.
എങ്ങനെ പ്രതിഫലിക്കും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications