കേരളം ആസ്ഥാനമായുള്ള ഫെഡറല്‍ ബാങ്കിനെ രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കിംഗ് സ്ഥാപനമായ കൊട്ടക് മഹീന്ദ്ര ബാങ്ക് ഏറ്റെടുക്കുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് ചില ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇരു ബാങ്കുകളുടേയും ഉന്നത നേതൃത്വങ്ങള്‍ തമ്മില്‍ ലയനത്തിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചെന്നായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം.
ലയനം സംബന്ധിച്ച റിപ്പോര്‍ട്ടിന് പിന്നാലെ ഫെഡറല്‍ ബാങ്ക് (BSE: 500469, NSE : FEDERALBNK) ഓഹരികള്‍ 7 ശതമാനം കുതിച്ചുയര്‍ന്ന് 130 രൂപയെന്ന സര്‍വകാല റെക്കോഡ് നിലവാരവും രേഖപ്പെടുത്തി. എന്നാല്‍ വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ ലയനം നിഷേധിച്ച് ഫെഡറല്‍ ബാങ്ക് നേതൃത്വം രംഗത്തെത്തിയിരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചിന് നല്കിയ സന്ദേശത്തില്‍ ലയന വാര്‍ത്തയെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളത് എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം കൊട്ടക് ബാങ്ക് നേതൃത്വം ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.
ഒരിടവേളയ്ക്കു ശേഷമായിരുന്നു ഫെഡറല്‍ ബാങ്കിന്റെ ഓഹരികള്‍ മുന്നേറ്റത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തിയിരുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിട്ടതിന്റെ പിന്നാലെ മുന്നേറ്റം ശക്തമാക്കിയ ഈ മിഡ് കാപ് ഓഹരി, പിന്നീടുള്ള ഓരോ കുതിപ്പിലും 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം മെച്ചപ്പെടുത്തി മുന്നേറുകയായിരുന്നു. ഇതിനിടെ ലയന വാര്‍ത്ത കൂടി എത്തിയതോടെ ഫെഡറല്‍ ബാങ്കിന്റെ ഓഹരി സര്‍വകാല റെക്കോഡ് നിലവാരത്തിലേക്കും ഉയര്‍ത്തപ്പെട്ടു.
ഇനിയെന്ത് ചെയ്യണം ?
ഇക്കഴിഞ്ഞ ജൂലൈയിലാണ് ഇടക്കാല പ്രതിരോധ കടമ്പയായിരുന്ന 108/ 104 നിലവാരം തകര്‍ത്ത് ഫെഡറല്‍ ബാങ്ക് ഓഹരികള്‍ മുന്നേറിയത്. ഇതിന് പിന്നാലെ ഓഹരിയുടെ നാലര വര്‍ഷത്തെ ഉയര്‍ന്ന നിലവാരവും ഭേദിച്ച് സര്‍വകാല റെക്കോഡ് നിലവാരമായ 129.75 രൂപയിലേക്ക് കുതിച്ചത്. അതേസമയം വിവിധ ടെക്നിക്കല്‍ സൂചകങ്ങള്‍ ഫെഡറല്‍ ബാങ്ക് ഓഹരി 'ഓവര്‍ബോട്ട്' (Overbought) മേഖലയിലേക്ക് കടന്നുവെന്ന് ചൂണ്ടിക്കാട്ടി. അതിനാല്‍ ഹ്രസ്വകാല/ ഇടക്കാലയളവില്‍ ഓഹരിയില്‍ തിരുത്തല്‍ നേരിടാമെന്ന് സൂചിപ്പിക്കുന്നു.
നിക്ഷേപകരുടെ ലാഭമെടുപ്പും തിരുത്തലും നേരിടാതെ പുതിയ ഉയരങ്ങളിലേക്ക് ഫെഡറല്‍ ബാങ്ക് ഓഹരിക്ക് കുതിക്കാനാവില്ല എന്നാണ് നിലവിലെ ടെക്നിക്കല്‍ വിലയിരുത്തല്‍ സൂചിപ്പിക്കുന്നതെന്ന് റിലയന്‍സ് സെക്യൂരിറ്റീസ് വ്യക്തമാക്കി. ഓഹരിയുടെ 20-ദിവസ ഇഎംഎ നിലവാരം ആദ്യ ഘട്ടത്തിലും 50-ദിവസ ഇഎംഎ നിലവാരം പിന്നാലെയും പരീക്ഷിക്കപ്പെടാം. യഥാക്രമം 112 രൂപ, 106 രൂപയിലാണ് ഈ നിലവാരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ശക്തിയോടെ 130 രൂപ നിലവാരം ഭേദിച്ചാല്‍ ഫെഡറല്‍ ബാങ്ക് ഓഹരിയില്‍ ഇപ്പോള്‍ നിഴലിക്കുന്ന ഹ്രസ്വകാല ദുര്‍ബലത നീങ്ങുമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. ഇന്നലെ 123.55 രൂപയിലായിരുന്നു ഫെഡറല്‍ ബാങ്ക് ഓഹരിയുടെ ക്ലോസിങ്.
ഫെഡറല്‍ ബാങ്ക്
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമാണ് ഫെഡറല്‍ ബാങ്ക്. 1931-ല്‍ തിരുവല്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ട്രാവന്‍കൂര്‍ ഫെഡറല്‍ ബാങ്ക് എന്ന സ്ഥാപനം 1945-ലാണ് എറണാകുളം ആലുവ കേന്ദ്രമാക്കി മാറ്റി സ്ഥാപിച്ചത്. നിലവില്‍ 1.12 കോടി ഉപഭോക്താക്കളും 1,300-ഓളം ശാഖകളും ബാങ്കിനുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും നേരിട്ട് ഓഫീസുള്ള ഫെഡറല്‍ ബാങ്കിന് മലയാളി പ്രവാസികളുടെ സ്ഥിര നിക്ഷേപത്തില്‍ ഭൂരിഭാഗവും കൈയടക്കാന്‍ സാധിച്ചിട്ടുണ്ട്. ഐഡിബിഐ ബാങ്കുമായി ചേര്‍ന്ന് ഇന്‍ഷൂറന്‍സ് മേഖലയില്‍ സംയുക്ത സംരംഭവും ഫെഡ്ഫിന എന്ന ബ്രാന്‍ഡില്‍ എന്‍ബിഎഫ്സി മേഖലയില്‍ സ്വന്തം ഉപകമ്പനിയും നടത്തുന്നുണ്ട്.
അതേസമയം റീട്ടെയില്‍ വായ്പകളില്‍ ശ്രദ്ധയൂന്നീയിരിക്കുന്നതും ഫീസ് ഇനങ്ങളില്‍ നിന്നുള്ള വരുമാനം ഉയരുന്നതും തൃപ്തികരമായ മൂലധന പര്യാപ്തതയും ശക്തമായ നീക്കിയിരിപ്പും ഫെഡറല്‍ ബാങ്ക് ഓഹരിക്ക് അടിസ്ഥാനപരമായ അനുകൂല ഘടകങ്ങളാണ്. ജൂണ്‍ പാദത്തിലെ ബിസിനസ് റിപ്പോര്‍ട്ട് പ്രകാരം ബാങ്കിന്റെ ആകെ നിക്ഷേപം 8.2 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1.83 ലക്ഷം കോടിയായി ഉയര്‍ന്നു. വായ്പാ വിതരണം 16.3 ശതമാനം വര്‍ധിച്ച് 1.54 ലക്ഷം കോടിയിലേക്കുമെത്തി.
ഇതിനോടൊപ്പം കേരളത്തിലെ ശാഖകളുടെ അനുപാതം 2011-ലെ 60 ശതമാനത്തില്‍ നിന്നും 46 ശതമാനത്തിലേക്ക് താഴ്ത്തി കൊണ്ടുവന്ന് ഭൂമിശാസ്ത്രപരമായ വൈവിധ്യവത്കരണത്തിനും ഫെഡറല്‍ ബാങ്ക് ശ്രമിക്കുന്നതും ശ്രദ്ധേയമാണ്.
ഓഹരി വിശദാംശം
പ്രമുഖ നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാലയ്ക്കും ഭാര്യ രേഖയ്ക്കും കൂടി ഫെഡറല്‍ ബാങ്കിന്റെ 3.65 ശതമാനം ഓഹരികള്‍ സ്വന്തമാണ്. രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് സ്വന്തം നിലയില്‍ 2.64 ശതമാനം അഥവാ 5,47,21,060 ഓഹരികളും ഭാര്യ രേഖയുമായി ചേര്‍ന്ന് 1.01 ശതമാനം അഥവാ 2,10,00,000 ഓഹരികളുമാണ് കരസ്ഥമാക്കിയിട്ടുള്ളത്.
അതേസമയം ഫെഡറല്‍ ബാങ്കിന്റെ ആകെ ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ക്ക് 26.01 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 43.25 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 30.74 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.
അതേസമയം മുടങ്ങാതെ ഡിവിഡന്റ് നല്കുന്ന ഫെഡറല്‍ ബാങ്ക് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.46 ശതമാനവും പ്രതിയോഹരി ബുക്ക് വാല്യൂ 92.87 രൂപ നിരക്കിലുമാണുള്ളത്. സ്വകാര്യ ബാങ്ക് ഓഹരികളുടെ ശരാശരി പിഇ അനുപാതം 24.72 നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ ഫെഡറല്‍ ബാങ്കിന്റേത് 11.47 മടങ്ങിലേ ഉള്ളൂവെന്നതും ശ്രദ്ധേയം. നിലവില്‍ ബാങ്കിന്റെ വിപണിമൂല്യം 25,933 കോടിയാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ 13 ശതമാനവും മൂന്ന് മാസത്തിനിടെ 37 ശതമാനം നേട്ടവും ഫെഡറല്‍ ബാങ്ക് ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില ഇന്നു രാവിലെ രേഖപ്പെടുത്തിയ 129.75 രൂപയും താഴ്ന്ന വില 78.15 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം റിലയന്‍സ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
