സമീപകാലത്ത് പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വം നേടുന്നതിനുള്ള പരിശ്രമങ്ങള്‍ രാജ്യം ഊര്‍ജിതമാക്കിയിട്ടുണ്ട്. ശത്രുക്കളുടെ ഭീഷണിയും സുരക്ഷാ പ്രശ്‌നങ്ങളും മറികടക്കാന്‍ ഇത് അത്യാവശ്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇത്തരത്തില്‍ തദ്ദേശീയമായ ആദ്യ വിമാനവാഹിനി കപ്പല്‍ എന്ന രാജ്യത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ പൊതുമേഖലാ സ്ഥാപനവും കേരളത്തിന്റെ അഭിമാന സ്തംഭങ്ങളിലൊന്നുമാണ് കൊച്ചിന്‍ ഷിപ്യാര്‍ഡ്.
സെപ്റ്റംബര്‍ 2-ന് ഐഎന്‍എസ് വിക്രാന്തിനെ രാജ്യത്തിന് വേണ്ടി സമര്‍പ്പിക്കുന്ന പശ്ചാത്തലത്തില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ് ഓഹരിയുടെ വിശദാംശങ്ങളും സമീപ ഭാവിയിലേക്കുള്ള ലക്ഷ്യവിലയുമാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൊച്ചിന്‍ ഷിപ്യാര്‍ഡ്
കപ്പല്‍ നിര്‍മാണത്തിലും അറ്റക്കുറ്റപ്പണിയിലും രാജ്യത്തെ ഏറ്റവും വലിയ വിഭവശേഷിയുള്ളതും 50 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയവുമുള്ള പൊതു മേഖലാ സ്ഥാപനമാണ് കൊച്ചിന്‍ ഷിപ്യാര്‍ഡ്. 1976-ലാണ് തുടക്കം. ഇന്ന് കപ്പല്‍ നിര്‍മാണത്തിനായി 1,10,000 ഡിഡബ്യൂടിയും അറ്റക്കുറ്റപ്പണിക്ക് 1,25,000 ഡിഡബ്ല്യൂടി നിലവാരത്തിലും വിഭവശേഷിയുണ്ട്. ഇന്ത്യയുടെ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാന വാഹിനിയായ ഐഎന്‍എസ് വിക്രാന്ത് പിറവിയെടുത്തതും മിനിരത്ന പദവിയുള്ള കൊച്ചിന്‍ ഷിപ്യാര്‍ഡിലാണ്.
രാജ്യത്ത് ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പലാണിത്. ഇതോടെ വിമാനവാഹിനി കപ്പലുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ലോകത്തിലെ വിരലിലെണ്ണാവുന്ന കപ്പല്‍ശാലകളിലൊന്നായും മാറി.
1969-ലാണ് രാജ്യത്തെ ആദ്യ ഗ്രീന്‍ ഫീല്‍ഡ് കപ്പല്‍ നിര്‍മാണശാല കൊച്ചിയില്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ജപ്പാനിലെ മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസിന്റെ സാങ്കേതിക സഹകരണത്തോടെയായിരുന്നു ഷിപ്യാര്‍ഡിന്റെ നിര്‍മാണം. ആദ്യത്തെ കപ്പല്‍ നിര്‍മാണം ആരംഭിച്ചത് 1976-ലാണ്. ഇവിടെയാണ് ഇന്ത്യയില്‍ ആദ്യമായി നിര്‍മിച്ച ഏറ്റവും വലിയ കപ്പലെന്ന ഖ്യാതിയുമായി റാണി പത്മിനി എന്ന കപ്പല്‍ നീറ്റിലിറങ്ങിയത്.
പിന്നീട് വളര്‍ച്ചയുടെ പടവുകള്‍ കയറിയ കപ്പല്‍ശാലയക്ക് അത്യാധുനിക വിമാനവാഹിനിക്കപ്പല്‍ വരെയും നിര്‍മിക്കാനുള്ള ശേഷി സ്വന്തമാക്കി. വിവിധ തരം കപ്പലുകളുടെ അറ്റകുറ്റപ്പണിയും ഇവിടെ സാധ്യമാണ്.
അനുകൂല ഘടകം
- തദ്ദേശീയവത്കരണ ആഹ്വാനവും 'ബ്ലൂ റവല്യൂഷന്‍' പദ്ധതിയും കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകും.
- രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജര്‍ നിര്‍മിക്കുന്നതിനായി ഡിസിഐ-യുമായി കരാറിലെത്തി.
- സാവധാനത്തിലെങ്കിലും യൂറോപ്യന്‍ വിപണിയിലേക്ക് ഉന്നമിടുന്നതും വളര്‍ച്ച സഹായമേകും.
- വര്‍ധിക്കുന്ന പ്രതിരോധ ബജറ്റ്- സായുധ സേനകളുടെ നവീകരണത്തിനായി അടുത്ത 8 വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം കോടി രൂപയെങ്കിലും സര്‍ക്കാര്‍ ചെലവിടുമെന്നാണ് അനുമാനം.
- ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ തദ്ദേശീയ ഇലക്ട്രിക് കപ്പല്‍ നിര്‍മിക്കാനുള്ള കരാര്‍ ലഭിച്ചു. ഗ്രീന്‍ ഷിപ്പിങ്ങിലേക്കുള്ള രാജ്യത്തിന്റെ പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതാണ് പദ്ധതി.
ഓഹരി വിശദാംശം
കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ വിപണി മൂല്യം 4,793 കോടി രൂപയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 333.98 രൂപ നിരക്കിലും പിഇ അനുപാതം 8.30 മടങ്ങിലുമാണുള്ളത്. ഇതു രണ്ടും മികച്ച നിലവാരമാണ്. അതേസമയം കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ ഓഹരിയിന്മേലുള്ള ആദായം 14.1 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 18.7 ശതമാനം നിരക്കിലുമാണുള്ളത്. ഇത് രണ്ടും മെച്ചപ്പെടുത്തേണ്ടതുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന കൊച്ചിന്‍ ഷിപ്യാര്‍ഡ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 4.60 ശതമാനമാണ്. ഇത് ഉയര്‍ന്ന നിലവാരമാണ്.
അതേസമയം കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ (BSE: 540678, NSE : COCHINSHIP) ആകെ ഓഹരികളില്‍ 72.86 ശതമാനവും സര്‍ക്കാരിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 2.75 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 4.37 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 20.01 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. 52 ആഴ്ച കാലയളവില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ് ഓഹരിയുടെ ഉയര്‍ന്ന വില 383 രൂപയും താഴ്ന്ന വില 281 രൂപയുമാണ്.
ഓഹരി വില ചരിത്രം
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊച്ചിന്‍ ഷിപ്യാര്‍ഡ് ഓഹരിയില്‍ 8 ശതമാനത്തോളം വര്‍ധനയുണ്ടായി. മൂന്ന് മാസത്തിനിടെ 15 ശതമാനം നേട്ടവും നിക്ഷേപകര്‍ക്ക് ലഭിച്ചു. ഇതോടെ 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ നേരിട്ട നഷ്ടം നികത്തി 3 ശതമാനം നേട്ടത്തിലേക്ക് മടങ്ങിയെത്താനും സാധിച്ചു. അതേസമയം കഴിഞ്ഞ മൂന്ന് വര്‍ഷ കാലയളവിനിടെ കാര്യമായ നേട്ടം നല്‍കാന്‍ ഈ സ്മോള്‍ കാപ് ഓഹരിക്ക് സാധിച്ചിട്ടില്ല.
അതേസമയം വെള്ളിയാഴ്ച 4 ശതമാനത്തോളം മുന്നേറ്റത്തോടെ 365 രൂപയിലാണ് കൊച്ചിന്‍ ഷിപ്യാര്‍ഡ് ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ പ്രധാനപ്പെട്ട ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് കൊച്ചിന്‍ ഷിപ്യാര്‍ഡ് ഓഹരി തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്. സമാനമായി ടെക്നിക്കല്‍ ഇന്‍ഡിക്കേറ്ററുകളും മൂവിങ് ആവറേജസ് ക്രോസോവറുകളും കൊച്ചിന്‍ ഷിപ്യാര്‍ഡ് ഓഹരിയില്‍ കുതിപ്പിനുള്ള സൂചനയാണ് നല്‍കുന്നതെന്നതും ശ്രദ്ധേയം.
ലക്ഷ്യവില 425
കൊച്ചിന്‍ ഷിപ്യാര്‍ഡ് ഓഹരികള്‍ക്ക് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് ബൈ (BUY) റേറ്റിങ് നല്‍കിയിട്ടുണ്ട്. കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ ഓഹരികള്‍ 355- 365 രൂപ നിലവാരത്തിനിടയില്‍ നിന്നും വാങ്ങാമെന്ന് നിര്‍ദേശിച്ചു. ഇവിടെ നിന്നും 425 രൂപയിലേക്ക് ഈ സ്മോള്‍ കാപ് ഓഹരി കുതിച്ചയുരാമെന്നാണ് അനുമാനം. ഇതിലൂടെ ഹ്രസ്വകാലയളവില്‍ 16 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 327 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് വ്യക്തമാക്കി.
സാമ്പത്തികം
ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ് കരസ്ഥമാക്കിയ വരുമാനം 441 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 34 ശതമാനം ഉയര്‍ച്ചയാണിത്. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 42 കോടിയായിരുന്നു. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 47 ശതമാനം വര്‍ധനയാണ് കാണിച്ചത്.
അതേസമയം പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡിനെ വിലയിരുത്തിയാല്‍ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 6) നിലവാരത്തിലാണുള്ളത്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തില്‍ 2.7 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 3 ശതമാനവും അറ്റാദായത്തില്‍ 5.7 ശതമാനം വീതം വളര്‍ച്ചയും കൈവരിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് റിപ്പോര്‍ട്ടിനെ അധികരിച്ചുള്ളതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications