ജോലിക്കു പകരം ഭക്ഷണം; 32 പൈസയുമായി തുടങ്ങി വിജയഗാഥ രചിച്ച ഊരാളുങ്കല്‍ സൊസൈറ്റിയെ കുറിച്ച്

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആളുകളുടെ പട്ടിണി മാറ്റാന്‍ 1925ല്‍ വടകരയ്ക്കടുത്ത ഊരാളുങ്കല്‍ ഗ്രാമത്തില്‍ 14 തൊഴിലാളികള്‍ ചേര്‍ന്ന് 32 പൈസ മുതല്‍ മുടക്കുമായി കൂലിവേലക്കാരുടെ പരസ്പരസഹായ സംഘം എന്ന പേരില്‍ ആരംഭിച്ചതായിരുന്നു ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി. ഇന്നത് വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെപ്പോലും വിസ്മയിപ്പിക്കും വിധം വളര്‍ന്ന് പന്തലിച്ചു കഴിഞ്ഞു. യുഎല്‍സിസിഎസ്സിന് പറയാനുള്ളത് പൊരുതിനേടിയ വിജയങ്ങളുടെയും പ്രതികൂല സാഹചര്യങ്ങളെ അതിവിദഗ്ധമായി മറികടന്നതിന്റെയും ത്രസിപ്പിക്കുന്ന കഥകളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിറകുകള്‍ വിടര്‍ത്താന്‍ ഒരുങ്ങി നില്‍പ്പാണ് സഹകരണത്തിന്റെ വിജയഗാഥ മുഴക്കുന്ന കോടികളുടെ ആസ്തിയുള്ള ഈ സൊസൈറ്റി.

 

ചൈനയുമായുള്ള വ്യാപാര പങ്കാളിത്തത്തിൽ ഇന്ത്യ പരാജയപ്പെടുന്നുചൈനയുമായുള്ള വ്യാപാര പങ്കാളിത്തത്തിൽ ഇന്ത്യ പരാജയപ്പെടുന്നു

സാമൂഹിക പോരാട്ടത്തിന്റെ ചരിത്രം

സാമൂഹിക പോരാട്ടത്തിന്റെ ചരിത്രം

അന്ധവിശ്വാസങ്ങളും ജാതിവ്യവസ്ഥയില്‍ അധിഷ്ഠിതമായ അയിത്തവും കൊടികുത്തിവാണ സ്ഥലമായിരുന്നു വടകരയ്ക്കടുത്ത കാരക്കാടെന്ന ഇപ്പോഴത്തെ ഊരാളുങ്കല്‍. ഇക്കാലത്ത് വാഗ്ഭടാനന്ദ ഗുരുദേവന്‍ന്റെ നവോത്ഥാന പ്രഭാഷണങ്ങളില്‍ ആകൃഷ്ടരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ അദ്ദേഹത്തെ ഊരാളുങ്കലിലേക്ക് കൊണ്ടുവരികയായിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി 1917ല്‍ കേരള ആത്മവിദ്യാസംഘം രൂപീകൃതമായി. എന്നാല്‍ ആത്മവിദ്യാസംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് ഭൂപ്രഭുക്കന്‍മാര്‍ ജോലി നിഷേധിച്ചു.

പട്ടിണി മാറ്റാന്‍ കൂട്ടായ്മ

പട്ടിണി മാറ്റാന്‍ കൂട്ടായ്മ

ജോലിയില്ലാത്ത സ്ഥിതി വന്നപ്പോള്‍ ഈ ചെറുപ്പക്കാര്‍ ചേര്‍ന്ന് ഊരാളുങ്കലില്‍ കൂലിവേലക്കാരുടെ പരസ്പരസഹായ സംഘത്തിന് രൂപം നല്‍കി. സംഘത്തിലുള്ളവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ഇക്കാലത്ത് നിഷേധിച്ചിരുന്നു. എന്നാല്‍ ആത്മവിദ്യാസംഘം എല്‍പി സ്‌കൂള്‍ ആരംഭിച്ച സംഘം, അംഗങ്ങള്‍ക്കെല്ലാം ഭക്ഷണം നല്‍കുന്നതിന് ഐക്യനാണയ സംഘം രൂപീകരിച്ചു. 14 പേരടങ്ങുന്ന കമ്മിറ്റിയായിരുന്നു ഇതിന് നേതൃത്വം വഹിച്ചത്. ചാപ്പയില്‍ കുഞ്ഞ്യേക്കു ഗുരുക്കളായിരുന്നു ആദ്യകാല പ്രസിഡന്റ്. തുടക്കത്തില്‍ ജോലിക്ക് കൂലിയായിരുന്നില്ല പകരം നല്‍കിയിരുന്നത്, മറിച്ച് ഭക്ഷണമായിരുന്നു.

കഷ്ടപ്പാടുകളുടെ ആദ്യകാലം

കഷ്ടപ്പാടുകളുടെ ആദ്യകാലം

1925 ഫെബ്രുവരി 13നാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ 1926 മെയ് 26 വരെ സംഘത്തിന് യാതൊരുവിധ പ്രവൃത്തിയും ലഭിച്ചില്ല. ഇതുകൊണ്ടുതന്നെ സംഘം പിരിച്ചുവിടാനുള്ള ആലോചന വരെ സഹകരണ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായി. എന്നാല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ നിന്നും പൊതുമരമത്ത് വകുപ്പില്‍ നിന്നും പ്രവൃത്തികള്‍ കിട്ടിയതോടെ സൊസൈറ്റി വളരുകയായിരുന്നു.

വളര്‍ച്ചയുടെ ദിനങ്ങള്‍

വളര്‍ച്ചയുടെ ദിനങ്ങള്‍

1974ല്‍ കേരള സര്‍ക്കാര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികളെ തരംതിരിച്ചപ്പോള്‍, എ ക്ലാസ് സൊസൈറ്റിക്ക് 200 അംഗങ്ങള്‍ വേണമെന്ന് നിബന്ധന വന്നു. പാലിച്ചു വന്ന മാനദണ്ഡങ്ങളും തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങളും നിലനിര്‍ത്തിക്കൊണ്ട് എ ക്ലാസ് സംഘമായി ഉയരാന്‍ ഈ കാലയളവില്‍ സൊസൈറ്റി ഏറെ പ്രയാസപ്പെട്ടു. എങ്കിലും നിബന്ധനകള്‍ പാലിച്ചുകൊണ്ട് അംഗങ്ങളുടെ എണ്ണം 200ആക്കി ഉയര്‍ത്തി. അതോടെ കൂടുതല്‍ തുകയ്ക്ക് വലിയ പ്രവൃത്തികള്‍ ഏറ്റെടുത്ത് തുടങ്ങി. നിലവില്‍ പാതുമരാമത്തുവകുപ്പ്, നാഷണല്‍ ഹൈവേ, ഇറിഗേഷന്‍, ടൂറിസം തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന എ ക്‌ളാസ് സൊസൈറ്റിയാണിത്്.

കൂടുതല്‍ പ്രദേശങ്ങളിലേക്ക്

കൂടുതല്‍ പ്രദേശങ്ങളിലേക്ക്

നിര്‍മാണാവശ്യങ്ങള്‍ക്ക് വേണ്ടിവരുന്ന മണ്ണ്, മെറ്റല്‍, പൂഴി എന്നിവയ്ക്കായി സ്വന്തമായി സ്ഥലം കണ്ടെത്തുകയെന്നതായിരുന്നു സൊസൈറ്റിയുടെ രീതി. തൊഴിലാളികള്‍ക്ക് വര്‍ഷം മുഴുവനും തൊഴില്‍ ലഭ്യമാക്കുന്നതിന് വേണ്ടി കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ കിണര്‍, ചാപ്പ, കനാല്‍, വേലികെട്ടല്‍ തുടങ്ങിയ ജോലികള്‍ ഏറ്റെടുത്തു. എത്ര ദൂരം വേണമെങ്കിലും പോയി പ്രവൃത്തിയെടുക്കാന്‍ സൊസൈറ്റിയിലെ തൊഴിലാളികളും ഒരുക്കമായിരുന്നു.

ഗുണമേന്മ ഉറപ്പുവരുത്തി സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയെന്നതാണ് ഊരാളുങ്കല്‍ സൊസൈറ്റി സ്വീകരിച്ചുവരുന്ന ശൈലി. ഒരു കോടി രൂപയ്ക്ക് താഴെ വരുന്ന വര്‍ക്കുകള്‍ മാത്രമായിരുന്നു ആദ്യഘട്ടങ്ങളില്‍ സൊസൈറ്റി ഏറ്റെടുത്തത്. എന്നാല്‍ 2001ല്‍ ഏഴ് കോടി രൂപയുടെ ചോറോട് അപ്രോച്ച് റോഡിന്റെ പ്രവൃത്തി ലഭിച്ചതോടെ വളര്‍ച്ചയുടെ പുതിയ മേഖലകളിലേക്ക് സൊസൈറ്റി വളര്‍ന്നു. അക്കാലത്ത് സ്വന്തമായി യന്ത്രസാമഗ്രികളൊന്നും ഇല്ലായിരുന്നുവെങ്കിലും കരാര്‍ സമയത്തിനുള്ളില്‍ തന്നെ പ്രവൃത്തി പൂര്‍ത്തിയാക്കി ശ്രദ്ധനേടാന്‍ അവര്‍ക്ക് സാധിച്ചു.

തിരക്കു പിടിച്ച ദിനങ്ങള്‍

തിരക്കു പിടിച്ച ദിനങ്ങള്‍

സൊസൈറ്റിയെ സംബന്ധിച്ചിടത്തോളം തിരക്കുപിടിച്ച നാളുകളായിരുന്നു പിന്നീട്. ഇതിനകം നാലായിരത്തിലേറെ പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാന്‍ സൊസൈറ്റിക്ക് സാധിച്ചു. നിലവില്‍ മൂന്നൂറ് കോടിയിലേറെ രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുന്നുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കോടിക്കണക്കിന് രൂപയുടെ വന്‍ കിട പദ്ധതികളാണ് ഊരാളുങ്കല്‍ സൊസൈറ്റി നിലവില്‍ ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുന്നത്.

തൊഴിലാളിയാണ് മുതലാളി

തൊഴിലാളിയാണ് മുതലാളി

സംഘത്തിന്റെ പ്രവര്‍ത്തന മൂലധനത്തിന്റെ ഒരു സ്രോതസ് അംഗങ്ങളില്‍ നിന്നുള്ള ഓഹരിത്തുകയാണ്. ജോലിയിലെ കഴിവ്, നൈപുണ്യം, ആത്മാര്‍ത്ഥത, അര്‍പ്പണബോധം, മുന്‍പരിചയം എന്നിവയെ അടിസ്ഥാനമാക്കിയാണ് സൊസൈറ്റിയില്‍ അംഗത്വം നല്‍കുന്നതെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി പ്രസിഡന്റ് പി രമേശന്‍ പറയുന്നു. ഇവിടെ തൊഴിലാളി മുതലാളി എന്ന വ്യത്യാസമില്ല. വേതനത്തിനു പുറമെ, പിഎഫ്, ഇഎസ്ഐ, ഗ്രാറ്റുവിറ്റി, ക്ഷേമനിധി, ബോണസ്, മെഡിക്കല്‍ അലവന്‍സ്, വിവാഹധനസഹായം, മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് തുടങ്ങിയ ആനുകൂല്യങ്ങളും ജീവനക്കാര്‍ക്ക് നല്‍കിവരുന്നു.

സ്വന്തമായി ക്രഷറുകളും ക്വാറികളും

സ്വന്തമായി ക്രഷറുകളും ക്വാറികളും

പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ സമയത്തിന് ലഭിക്കുകയെന്നതാണ് പ്രധാനമെന്ന് തിരിച്ചറിഞ്ഞ സൊസൈറ്റി ഇതിനു കണ്ട ഒരു പരിഹാരം അവ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുകയെന്നതായിരുന്നു. ഇതിന്റെ ഭാഗമായി ക്രഷറും ക്വാറിയും വിലക്കു വാങ്ങി. ഹോളോബ്രിക്സിനായി ഇരിങ്ങലില്‍ പ്രത്യേക യൂണിറ്റുണ്ട്. കൂടാതെ കുറ്റ്യാടിയില്‍ സ്റ്റോണ്‍ ക്രഷര്‍ യൂണിറ്റും പ്രവര്‍ത്തിക്കുന്നു. മുക്കത്തും കുറ്റ്യാടിയിലുമാണ് ക്രഷര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാത്തരം ആധുനിക ഉപകരണങ്ങളും ഇന്ന് സൊസൈറ്റിക്കുണ്ട്.

സ്വന്തമായി കൃഷിയും പശുക്കളും

സ്വന്തമായി കൃഷിയും പശുക്കളും

റോഡ്, കെട്ടിട നിര്‍മാണങ്ങളില്‍ മാത്രം ശ്രദ്ധിച്ചിരുന്ന സൊസൈറ്റി വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി തങ്ങളുടെ ഭൂമിയില്‍ കൃഷിത്തോട്ടങ്ങളും പശു ഫാമുകളും ഒരുക്കി. പ്രധാനമായും ഇരിങ്ങല്‍ താരാപറമ്പ്, മരുതോങ്കര മുള്ളന്‍ കുന്ന്, മുക്കം എന്നിവിടങ്ങളിലാണ് സംഘത്തിന്റെ കൃഷിത്തോട്ടങ്ങള്‍. മാമ്പഴം, വാഴ, പച്ചക്കറികള്‍, കുരുമുളക്, ഇഞ്ചി, അടയ്ക്ക തുടങ്ങിയവയാണ് പ്രധാന കൃഷി. സൊസൈറ്റിയുടെ ആവശ്യത്തിനെടുത്ത ശേഷം ബാക്കിയുള്ളത് വില്‍ക്കുകയാണ് പതിവ്. ഇതുകൂടാതെ പശു ഫാമും സൊസൈറ്റിക്കുണ്ട്.

യുഎല്‍ ഫൗണ്ടേഷന്‍

യുഎല്‍ ഫൗണ്ടേഷന്‍

സംഘത്തിന്റെ ഉപസ്ഥാപനമായ യുഎല്‍സിഎസ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങളാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായാണ് ഇതിന്റെ പ്രവര്‍ത്തനം. വാഗ്ഭടാനന്ദ എഡ്യൂ ഫണ്ട്, സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലന കേന്ദ്രം എന്നിവ ഇതിന്റെ ഭാഗമാണ്. സമൂഹത്തിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്ക് യോഗ്യരാക്കി മാറ്റുകയും അതുവഴി ഉന്നത വിജയം കൈവരിക്കുകയുമാണ് വാഗ്ഭടാനന്ദ എഡ്യൂ ഫണ്ട് ചെയ്യുന്നത്.

യുഎല്‍ ടെക്നോളജി സൊലൂഷന്‍സ്

യുഎല്‍ ടെക്നോളജി സൊലൂഷന്‍സ്

സമൂഹത്തിലെ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്ക് ജോലി പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ സൊസൈറ്റി സ്ഥാപിച്ച ടെക്‌നോളജി സ്ഥാപനമാണിത്. പ്രധാനമായും റിമോട്ട് സെന്‍സിംഗ്, ജിഐഎസ്, ജിയോളജി, ജിയോഗ്രാഫി, ഫോട്ടോഗ്രാമട്രി, ഐടി എന്നീ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ യുഎല്‍ ടെക്നോളജി സൊലൂഷന്‍സിന് ഇതിനകം സാധിച്ചു. ജിപിഎസ്, ജിഡിപിഎസ് എന്നിവ ഉപയോഗിച്ചുള്ള സര്‍വ്വേകള്‍, ട്രാന്‍സ്പോര്‍ട് മാനേജ്മെന്റ് സിസ്റ്റം, കണ്‍ട്രോള്‍ സര്‍വ്വേകള്‍, ടോപ്പോഗ്രഫിക്കല്‍ സര്‍വ്വേകള്‍, ട്രാന്‍സ്മിഷന്‍ ലൈന്‍ സര്‍വ്വേകള്‍, റെയില്‍ അലൈന്‍മെന്റ് സര്‍വ്വേ എന്നീ പ്രവൃത്തികള്‍ യുഎല്‍ ടെക്നോളജി സൊലൂഷന്‍സ് ഏറ്റെടുത്ത് ചെയ്യുന്നു.

സര്‍ഗ്ഗാലയ ക്രാഫ്റ്റ് വില്ലേജ്

സര്‍ഗ്ഗാലയ ക്രാഫ്റ്റ് വില്ലേജ്

കേരളത്തിന്റെ കരകൗശല സമ്പത്തിനെ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുവാനുള്ള കേരള സര്‍ക്കാരിന്റെ പുതിയ ടൂറിസം സംരംഭമാണ് സര്‍ഗ്ഗാലയ ഇരിങ്ങല്‍ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് വില്ലേജ്. ഇതിന്റെ നടത്തിപ്പ് സര്‍ക്കാരില്‍ നിന്ന് ഏറ്റെടുത്തിരിക്കുകയാണ് ഊരാളുങ്കല്‍ സൊസൈറ്റി. 20 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമത്തില്‍ 200ല്‍പ്പരം കരകൗശല വിദഗ്ധര്‍ക്ക് അവരുടെ കലാസൃഷ്ടികള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. നിലവില്‍ 80ല്‍പ്പരം കരകൗശല തൊഴിലാളികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഈ പദ്ധതിയുടെ മുഴുവന്‍ നിര്‍മ്മാണ പ്രവൃത്തികളും ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത് സംഘമാണ്. എല്ലാ വര്‍ഷവും ഇവിടെ നടക്കുന്ന സര്‍ഗാലയം ക്രാഫ്റ്റ്‌സ് മേള വലിയ ടൂറിസ്റ്റ് ആകര്‍ഷണമായി മാറിക്കഴിഞ്ഞു.

യുഎല്‍ സൈബര്‍ പാര്‍ക്ക്

യുഎല്‍ സൈബര്‍ പാര്‍ക്ക്

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയുടെ സ്വപ്ന പദ്ധതിയായിരുന്നു കോഴിക്കോട്ടെ സൈബര്‍ പാര്‍ക്ക്. കെട്ടിടനിര്‍മാണ കമ്പനി എന്തിനാണ് സൈബര്‍ പാര്‍ക്ക് നിര്‍മിക്കുന്നതെന്ന ചിലരുടെ പരിഹാസ പൂര്‍ണമായ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരുന്നു രാഷ്ട്രപതി ഉദ്ഘാടനം ചെയ്ത 600 കോടി രൂപയുടെ സൈബര്‍ പാര്‍ക്ക്. കോഴിക്കോട് ബൈപ്പാസിലെ 26 ഏക്കറില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ സ്ഥാപനം ഇന്ന് ഐടി രംഗത്ത് ഉത്തരമലബാറിലെ അറിയപ്പെടുന്ന കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് സോഫ്റ്റ്‌വെയര്‍ വിദഗ്ധര്‍ക്ക് തങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കാനുള്ള ഇടമാണിന്ന് യുഎല്‍ സൈബര്‍ പാര്‍ക്ക്.

അന്താരാഷ്ട്ര അംഗീകാരം

അന്താരാഷ്ട്ര അംഗീകാരം

ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ബ്രസ്സല്‍സ് ആസ്ഥാനമായ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സില്‍ ഈയിടെ സ്ഥിരാംഗത്വം ലഭിക്കുകയുണ്ടായി. പ്രാഥമിക സഹകരണസംഘത്തില്‍പ്പെട്ട ഊരാളുങ്കല്‍ സൊസൈറ്റി ഐസിഎ അംഗത്വം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യസ്ഥാപനമാണ്. ഫെബ്രുവരി 18ന് ഡല്‍ഹിയില്‍ നടന്ന കോ-ഓപ്പറേറ്റീവ് അലയന്‍സ് ആഗോളസമ്മേളനത്തില്‍ അലയന്‍സ് പ്രസിഡന്റ് ഏരിയല്‍ ഗ്വാര്‍ക്കോയില്‍നിന്ന് ഊരാളുങ്കല്‍ സൊസൈറ്റി പ്രസിഡന്റ് രമേശന്‍ പാലേരി അംഗത്വം ഏറ്റുവാങ്ങുകയുണ്ടായി. ഐസിഎ അംഗീകാരം ലഭിച്ചതോടെ വിദ്യാഭ്യാസം, സാങ്കേതികവിദ്യ, നൈപുണ്യവികസനപരിശീലനം എന്നിവയില്‍ ഐസിഎയുമായിച്ചേര്‍ന്ന് ആഗോളതലത്തില്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് ഊരാളുങ്കല്‍ സൊസൈറ്റി.

Read more about: ULCCS success story
English summary

uralungal labour contract co operative society

uralungal labour contract co operative society
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X