ഓഹരിയുടെ വില വര്‍ധനയ്ക്കൊപ്പം അധിക വരുമാനം നേടാവുന്ന അവസരങ്ങളും നിക്ഷേപകരെ തേടിയെത്താറുണ്ട്. കമ്പനികള്‍ അതാത് സമയങ്ങളില്‍ നല്‍കുന്ന ഇടക്കാല/ അന്തിമ ലാഭവിഹിതം, ബോണസ് ഓഹരി, ഷെയര്‍ ബൈബാക്ക് (Buyback) ഓഫറുകളൊക്കെ നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടിത്തരുന്ന അവസരങ്ങളാണ്.
ഇത്തരത്തില്‍ സെപ്റ്റംബറില്‍ ഓഹരി വിഭജനവും ബോണസ് ഓഹരിയും നല്‍കുന്ന മള്‍ട്ടിബാഗര്‍ പെന്നി ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
എക്സല്‍ റിയാല്‍റ്റി & ഇന്‍ഫ്രാ
പൊതു വ്യാപാരത്തിലും ഐടി/ ബിപിഒ സേവനങ്ങളിലും ശ്രദ്ധയൂന്നീയിരിക്കുന്ന നാനോ കാപ് കമ്പനിയാണ് എക്സല്‍ റിയാല്‍റ്റി & ഇന്‍ഫ്രാ ലിമിറ്റഡ്. വിവിധ മേഖലകളിലേക്കുള്ള ചെലവു കുറഞ്ഞ കോള്‍ സെന്റര്‍ സേവന പ്രവര്‍ത്തനങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.
നിലവില്‍ 65 കോടിയാണ് കമ്പനിയുടെ വിപണിമൂല്യം. പ്രതിയോഹരി ബുക്ക് വാല്യൂ 17.91 രൂപ നിരക്കിലാണ്. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം എക്സല്‍ റിയാല്‍റ്റി & ഇന്‍ഫ്രായുടെ വരുമാനം 8 കോടിയും അറ്റനഷ്ടം 3 കോടിയുമാണ് രേഖപ്പെടുത്തിയത്.
കമ്പനിയുടെ ഓഹരികളില്‍ 50.12 ശതമാനം പ്രമോട്ടറുടെ കൈവശവും ബാക്കി 49.88 ശതമാനം റീട്ടെയില്‍ നിക്ഷേപകരുടെ പക്കലുമാണുള്ളത്. അതേസമയം എക്സല്‍ റിയാല്‍റ്റി & ഇന്‍ഫ്രായുടെ ഓഹരി വിലയില്‍ കഴിഞ്ഞ 3 മാസത്തിനിടെ 14 ശതമാനം മുന്നേറ്റം രേഖപ്പെടുത്തി.
കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 110 ശതമാനത്തോളവും മൂന്ന് വര്‍ഷത്തിനിടെ 400 ശതമാനം നേട്ടവും നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. അതേസമയം ഒരു വര്‍ഷ കാലയളവില്‍ എക്സല്‍ റിയാല്‍റ്റി ഓഹരിയുടെ ഉയര്‍ന്ന വില 13.30 രൂപയും താഴ്ന്ന വില 2.85 രൂപയുമാണ്. വെള്ളിയാഴ്ച 6.95 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
ബോണസും സ്പ്ലിറ്റും
ഓഗസ്റ്റില്‍ ചേര്‍ന്ന എക്സല്‍ റിയാല്‍റ്റിയുടെ (BSE: 533090, NSE : EXCEL) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഓഹരി വിഭജനവും ബോണസ് ഇഷ്യൂവും പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഓഹരി വിഭജനം നടത്തിയിട്ടാണ് ബോണസ് ഓഹരി നല്‍കുക. അതേസമയം 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കാനാണ് തീരുമാനം.
തുടര്‍ന്ന് 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കും. അതായത് 2 രൂപ മുഖവിലയിലുളള 2 ഓഹരിക്ക് വീതം 1 ഓഹരി അധികമായി നല്‍കും. ഇതിനുള്ള റെക്കോഡ് തീയതി സെപ്റ്റംബര്‍ 28-നാണെന്നും കമ്പനി നേതൃത്വം വ്യക്തമാക്കി.
എങ്ങനെ പ്രതിഫലിക്കും ?
ഓഹരി വിഭജനം നടത്തുമ്പോള്‍ ഓഹരിയുടെ വില ആദ്യം ആനുപാതികമായി കുറയും. അതുപോലെ ഓഹരിയുടെ മുഖവിലയും കുറവു വരും. എന്നാല്‍ നിക്ഷേപകന്റെ കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കും. അതേസമയം ബോണസ് ഇഷ്യൂവില്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല.
ഡിവിഡന്റ് വര്‍ധിക്കുമോ ?
ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ് കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത്. അതിനാല്‍ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ ലഭിക്കാവുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാക്കും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്. അതേസമയം ഓഹരി വിഭജനം മുഖേന കയ്യിലുള്ള ആകെ ഓഹരികള്‍ വര്‍ധിക്കുമെങ്കിലും ആനുപാതികമായി മുഖവിലയും കുറഞ്ഞതിനാല്‍ ഡിവിഡന്റ് ഇനത്തില്‍ വര്‍ധനയുണ്ടാകില്ല.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications