ദില്ലി: ഇന്ത്യയെ ആഗോള തലത്തിലെ പ്രധാന കളിപ്പാട്ട നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റണമെന്ന ആഹ്വാനം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യത്തെ ഇന്ത്യ ടോയ് ഫെയര്‍ 2021 ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് കളിപ്പാട്ട നിര്‍മ്മാതാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ ആഹ്വാനം. കളിപ്പാട്ട നിര്‍മ്മാണത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താനും പ്രധാനമന്ത്രി വ്യവസായികളോട് ആവശ്യപ്പെട്ടു.
കളിപ്പാട്ട നിര്‍മ്മാണത്തിന് പ്ലാസ്റ്റികിന്റെ ഉപയോഗം കുറച്ച് പരിസ്ഥിതിക്ക് ഇണങ്ങുന്ന തരത്തിലുളള ഉത്പന്നങ്ങള്‍ ഉപയോഗിക്കണമെന്നും ഇന്ത്യ ടോയ് ഫെയര്‍ 2021ല്‍ സംസാരിക്കവേ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കളിപ്പാട്ട നിര്‍മ്മാണത്തില്‍ ഇന്ത്യ ആത്മനിര്‍ഭരത കൈവരിക്കണമെന്നും ആഗോള മാര്‍ക്കറ്റിലേക്ക് ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ വില്‍പനയ്ക്ക് എത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് 85 ശതമാനവും കളിപ്പാട്ടങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ആഗോള കളിപ്പാട്ട വിപണി എന്നത് 100 ബില്യണ്‍ ഡോളറിന്റെത് ആണ്. അതില്‍ ഇന്ത്യയുടെ പങ്ക് വളരെ ചെറുതാണ്. അക്കാര്യത്തില്‍ തനിക്ക് ദുഖമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൈ കൊണ്ട് നിര്‍മ്മിച്ച ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കണം. വാരാണസി, ജയ്പൂര്‍, ചെന്നപട്ടണം അടക്കമുളള രാജ്യത്തെ പ്രധാന കളിപ്പാട്ട നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിന്നുളള പരമ്പരാഗത കളിപ്പാട്ട നിര്‍മ്മാണ തൊഴിലാളികളുമായി പ്രധാനമന്ത്രി സംവദിച്ചു.
തദ്ദേശീയമായ കളിപ്പാട്ട നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഒരു ദേശീയ കളിപ്പാട്ട നിര്‍മ്മാണ കർമ്മ പദ്ദതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. 15 മന്ത്രാലയങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കളിപ്പാട്ട നിര്‍മ്മാണ രംഗത്ത് ഇന്ത്യയുടെ സ്വയംപര്യാപ്തതയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നും ആഗോള വിപണിയില്‍ കളിപ്പാട്ട നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യ മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു.