കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ രാജ്യത്തെ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികളില്‍ വമ്പന്‍ വര്‍ധനയുണ്ടായിരുന്നു. ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് വമ്പന്‍ വായ്പകള്‍ കരുതിക്കൂട്ടി കുടിശ്ശിക വരുത്തുന്ന ചില കോര്‍പറേറ്റ് കമ്പനികളുടെ നടപടികളായിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ തട്ടിപ്പുകളെന്ന് കണ്ടെത്തിയ ഇത്തരം സംഭവങ്ങള്‍ നിരവധിയാണ് വിവിധ ബാങ്കുകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഒരു ഘട്ടത്തില്‍ ചില വാണിജ്യ ബാങ്കുകളുടെ നിലനില്പിന് വരെ ഭീഷണിയാകുന്ന വിധം ഇത്തരം വമ്പന്‍ കുടിശ്ശികകള്‍ പെരുകിയെങ്കിലും റിസര്‍വ് ബാങ്കിന്റെ അവസരോചിത ഇടപെടലോടെ ഇന്ത്യന്‍ ബാങ്കിംഗ് രംഗം പ്രതിസന്ധിയില്‍ നിന്നും കരകയറി. എന്നിരുന്നാലും വായ്പ തിരിച്ചടയ്ക്കാതെ കുടിശ്ശികയാക്കിയ വകയില്‍ ഇനിയും കോടികള്‍ ബാങ്കുകള്‍ക്ക് ലഭിക്കാനുണ്ട്.
കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാട് പാര്‍ലമെന്റില്‍ അറിയിച്ചതു പ്രകാരം ഏറ്റവും വലിയ 25 കുടിശ്ശികക്കാരില്‍ നിന്നും ഇനിയും തിരിച്ചു കിട്ടാനുള്ളത് 58,958 കോടി രൂപയാണ്.
മെഹുല്‍ ചോസ്കി നേതൃത്വം നല്കുന്ന ഗീതാജ്ഞലി ജെംസ് ലിമിറ്റഡാണ് മനഃപൂര്‍വം വായ്പ തിരിച്ചടയ്ക്കാത്ത 'വില്‍ഫുള്‍ ഡിഫോള്ട്ടറു'ടെ പട്ടികയില്‍ ഒന്നാമതുള്ളത്. ഇവര്‍ 7,110 കോടിയുടെ ബാധ്യതയാണ് ബാങ്കുകള്‍ക്ക് വരുത്തിയിരിക്കുന്നത്. തുടര്‍ന്ന് 5,879 കോടിയുടെ കുടിശ്ശികയുള്ള ഇറ ഇന്‍ഫ്രാ എന്ജിനീയറിങ്ങാണ് പട്ടികയില്‍ രണ്ടാമത് നില്‍ക്കുന്നത്. 4,107 കോടിയുടെ ബാധ്യത വരുത്തിയ കോണ്‍കാസ്റ്റ് സ്റ്റീല്‍ & പവര്‍ ലിമിറ്റഡ് ആണ് കുടിശ്ശികക്കാരില്‍ മൂന്നാമത് നില്ക്കുന്ന വമ്പന്‍.
വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍ ആയി ബാങ്കുകള്‍ കണക്കാക്കുന്ന 25 കമ്പനികളുടെ പേരും കുടിശ്ശിക തുകയും ചുവടെ ചേര്‍ക്കുന്നു.
- ഗീതാജ്ഞലി ജെംസ്- 7,110 കോടി
- ഇറ ഇന്‍ഫ്രാ എന്‍ജിനീയറിങ്- 5,879 കോടി
- കോണ്‍കാസ്റ്റ് സ്റ്റീല്‍ & പവര്‍- 4,107 കോടി
- ആര്‍ഇഐ അഗ്രോ- 3,984 കോടി
- എബിജി ഷിപ്യാര്ഡ്- 3,708 കോടി
- ഫ്രോസ്റ്റ് ഇന്റര്‍നാഷണല്‍- 3,108 കോടി
- വിന്‍സം ഡയമണ്ട്സ് & ജ്വല്ലറി- 2,671 കോടി
- റോട്ടോമാക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ്- 2,481 കോടി
- കോസ്റ്റല്‍ പ്രോജക്ട്സ്- 2,311 കോടി
- കുഡോസ് കെമി ലിമിറ്റഡ്- 2,082 കോടി
വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍
- സൂം ഡെവലപ്പേര്‍സ് പ്രൈവറ്റ് ലിമിറ്റഡ്- 1,818 കോടി
- ബെസ്റ്റ് ഫൂഡ്സ് ലിമിറ്റഡ്- 1,653 കോടി
- ഫോറെവര്‍ പ്രഷ്യസ് ജ്വല്ലറി & ഡയമണ്ട്സ്- 1,639 കോടി
- ഡെക്കാന്‍ ക്രോണിക്കിള്‍ ഹോള്‍ഡിംഗ്സ്- 1,594 കോടി
- സിദ്ധി വിനായക് ലോജിസ്റ്റിക്- 1,560 കോടി
- എസ്വിഒജിഎല് ഓയില്‍ ഗ്യാസ് & എനര്‍ജി- 1,486 കോടി
- സൂര്യ വിനായക് ഇന്‍ഡസ്ട്രീസ്- 1,481 കോടി
- ഗിലി ഇന്ത്യ ലിമിറ്റഡ്- 1,447 കോടി
- ഇഎംസി ലിമിറ്റഡ്- 1,342 കോടി
- രോഹിത് ഫെറോ-ടെക് ലിമിറ്റഡ്- 1,333 കോടി
- ഹാനുങ് ടോയ്സ് & ടെക്സ്റ്റൈല്‍സ്- 1,306 കോടി
- അമിറ പ്യൂവര്‍ ഫൂഡ്സ്- 1,293 കോടി
- യൂണിറ്റി ഇന്‍ഫ്രാ പ്രോജക്ട്സ്- 1,230 കോടി
- എസ് കുമാര്‍സ് നേഷന്‍വൈഡ്- 1,117 കോടി
- സ്റ്റെര്‍ലിങ് ബയോടെക്- 1,158 കോടി
അതേസമയം കഴിഞ്ഞ 5 സാമ്പത്തിക വര്‍ഷങ്ങളിലായി ആകെ 9.91 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമായി രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ എഴുതിത്തള്ളിയതെന്ന് കേന്ദ്രമന്ത്രി ഭഗവത് കരാട് വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആയ എസ്ബിഐ, കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19,666 കോടിയാണ് കിട്ടാക്കടമായി എഴുതിത്തള്ളിയത്. എന്നാല്‍ ഇത് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 34,402 കോടിയായിരുന്നു.
സമാനമായി മറ്റൊരു പൊതുമേഖല ബാങ്കിംഗ് സ്ഥാപനമായി യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 16,983 കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളി. എന്നാല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന് (പിഎന്‍ബി) 18,312 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കിട്ടാക്കടമായി മാറിയത്. ഇത് 2020-21 സാമ്പത്തിക വര്‍ഷത്തേക്കാള്‍ വര്‍ധനയാണ്. 2021 സാമ്പത്തിക വര്‍ഷത്തില്‍ പിഎന്‍ബിയുടെ കിട്ടാക്കടം 15,877 കോടിയായിരുന്നു.
ഇതിനിടെ രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ എല്ലാം ചേര്‍ന്ന് 1.57 ലക്ഷം കോടിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കിട്ടാക്കടമായി എഴുതിത്തള്ളിയതെന്നും കേന്ദ്രമന്ത്രി കരാട് വ്യക്തമാക്കി. അതേസമയം കിട്ടാക്കടം തിരിച്ചു പിടിക്കുന്നതില്‍ എസ്ബിഐ മുന്‍പന്തിയിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7,781.7 കോടി രൂപയുടെ കുടിശ്ശികയാണ് എസ്ബിഐ തിരിച്ചു പിടിച്ചത്. സമാനമായി സ്വകാര്യ ബാങ്കിംഗ് സ്ഥാപനമായ എച്ച്ഡിഎഫ്സി ബാങ്ക് 2,765.10 കോടിയുടെ കിട്ടാക്കടവും തിരിച്ചു പിടിച്ചു.
ആരാണ് വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍ ?
90 ദിവസ കാലയളവിനിടെ മുതലിലേക്കോ പലിശയിലോ വായ്പ എടുത്തയാള്‍ തുക അടയ്ക്കാതിരിക്കുമ്പോള്‍ ആണ് അയാളെ കുടിശ്ശികക്കാരനായി ബാങ്ക് കണക്കുക്കൂട്ടുന്നത്. തുടര്‍ന്ന് ഈ വായ്പയെ നിഷ്ക്രിയ ആസ്തിയായി (NPA- Non Performing Asset) ബാങ്ക് രേഖപ്പെടുത്തുകയും ഇതിന്റെ ബാധ്യതയിലേക്കായി ബാങ്കിന് അധിക തുക പ്രൊവിഷന്‍ ഇനത്തില്‍ മാറ്റിവെയ്ക്കേണ്ടതായും വരും (ഇത് ബാങ്കുകളുടെ ലാഭക്ഷമതയെ പ്രതികൂലമായി ബാധിക്കും).
ഏതെങ്കിലും തരത്തില്‍ അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുപോകുകയോ ബിസിനസ് നഷ്ടത്തിലാകുകയോ ജോലി പോകുകയോ ഒക്കെ ചെയ്യുമ്പോളാണ് സാധാരണ ഗതിയില്‍ ഒരാള്‍ കുടിശ്ശികക്കാരനാകുന്നത്. എന്നാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടെങ്കിലും മനഃപൂര്‍വം അത് ചെയ്യാതെയിരിക്കുന്നവരെയാണ് 'വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍' (Wilful Defaulter) എന്നു കണക്കാക്കുന്നത്. ഇതു കുറ്റകരമായ അനാസ്ഥയാണ്. ഇത്തരക്കാരെ ബാങ്കുകള്‍ വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍ ആയി കണക്കാക്കിയാല്‍ മറ്റ് ബാങ്കുകളും ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാതെ ബഹിഷ്കരിക്കാറാണ് പതിവ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications