സംസ്ഥാന സര്‍ക്കാറിന്റെ ക്ഷേമ പെന്‍ഷന്‍ വിതരണം ആശ്വാസമാകുന്ന നിരവധി കുടുംബങ്ങള്‍ ഇന്ന് സംസ്ഥാനത്തുണ്ട്. മാസത്തില്‍ ലഭിക്കുന്ന 1,600 രൂപയില്‍ സ്വന്തം ചെലവ് നടത്തുന്ന വയോജനങ്ങള്‍ നിരവധിയുണ്ട്. വിവിധ ക്ഷേമ പെൻഷൻ ഗുണഭോക്താക്കളായി 52 ലക്ഷത്തോളം പേരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടെന്നതിനാൽ ഇവരെ കണ്ടെത്താനുള്ള നടപടികളിലാണ് സംസ്ഥാന സർക്കാർ.
പട്ടികയിൽ സർക്കാർ ശമ്പളം വാങ്ങുന്ന നാലായിരത്തോളം പേർ അനർഹമായി ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള അനർഹരെ കണ്ടെത്താനായി പെൻഷൻ വാങ്ങുന്നവരോട് വരുമാന രേഖകൾ ഹാജരാക്കാനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഏതൊക്കെ പെൻഷൻ വാങ്ങുന്നവർ സമർപ്പിക്കണം
ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ (75 വയസ്), ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം, ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ സ്കീം തുടങ്ങിയ ക്ഷേമ പെൻഷൻ വാങ്ങുന്നവർ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
2019 ഡിസംബര്‍ 31 വരെ പെൻഷൻ വാങ്ങുന്നവരാണ് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. 2020തിന് ശേഷം പെൻഷൻ ലഭിക്കുന്നവർ രേഖകൾ സമർപ്പിക്കേണ്ടതില്ല.

എങ്ങനെ വരുമാന സർട്ടിഫിക്കറ്റ് തയ്യാറാക്കും
വരുമാന സർട്ടിഫിക്കറ്റിന് ഏറ്റവും വേഗത്തിൽ അപേക്ഷ സമർപ്പിക്കുകയും വേഗത്തിൽ രേഖകൾ പഞ്ചായത്തിൽ സമർപ്പിക്കുകയും ചെയ്യുന്നതാണ് ഉചിതം. വരുമാന സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് വില്ലേജ് ഓഫീസറാണ്. ഇതിനായുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത് അക്ഷയ കേന്ദ്രങ്ങൾ വഴിയാണ്.
വരുമാനം തെളിയിക്കുന്നതിന് ആവശ്യമായ കരമടച്ച രസീത്, റേഷന്‍ കാര്‍ഡ്, അപേക്ഷ നല്‍കുന്ന വ്യക്തിയുടെ ആധാര്‍, ആക്ടീവ് ആയ മൊബൈൽ നമ്പർ എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളിലെത്തണം. അക്ഷയ കേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷിച്ചാൽ വരുമാന സർട്ടിഫിക്കറ്റ് തയ്യാറാകുന്ന സമയത്ത് മൊബൈലിൽ എസ്എംഎസ് ലഭിക്കും.

വരുമാന പരിധി
ക്ഷേ പെൻഷൻ ഗുണഭോക്തൃ പട്ടികയിലെ അനർഹരെ കണ്ടെത്താനാണ് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെടുന്നത്. വാർഷിക വരുമാനം 1 ലക്ഷത്തിൽ കൂടുതലാണെങ്കിൽ തുടർന്ന് പെൻഷൻ ലഭിക്കില്ല. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിക്കുന്നതിനുള്ള നിലവിലെ വരുമാന പരിധിയായ ഒരു ലക്ഷം രൂപയിൽ അധികം വരുമാനമുള്ളവരെ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സ്ഥിരമായി ഒഴിവാക്കും. അതോടൊപ്പം കൃത്യസമയത്ത് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരുടെ പെൻഷൻ സസ്പെൻഡ് ചെയ്യുകയും ചെയ്യും.

സമയ പരിധി
2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളാണ് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. 2022 സെപ്റ്റംബർ 1 മുതൽ 2023 ഫെബ്രുവരി 28നുള്ളിലാണ് പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സസ്‌പെന്റ് ചെയ്യും.
അതായത് 2023 ഫെബ്രുവരി 28ന് മുൻപ് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർക്ക് 2023 മാർച്ച് മാസം മുതൽ പെൻഷനുകൾ അനുവദിക്കില്ല. പിന്നീട് തക്കതായ വരുമാനം ഉള്ളവരാണെന്ന രേഖ സമർപ്പിക്കുമ്പോൾ തദ്ദേശ സ്ഥാപന സെക്രട്ടറി പെൻഷൻ പുനസ്ഥാപിച്ചു നൽകും. എന്നാൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത കാരണത്താൽ തടഞ്ഞുവെച്ച പെൻഷൻ കുടിശ്ശിക ഗുണഭോക്താവിന് തിരികെ ലഭിക്കില്ല.