ഉയര്‍ന്ന പണപ്പെരുപ്പവും വിപണി ചാഞ്ചാട്ടവുമുള്ള സമയത്ത് വിവിധ തരം നിക്ഷേപം നടത്തുന്നത് നല്ലൊരു വരുമാനം നേടുന്നതിനുള്ള മാര്‍ഗമാണ്. മാസത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നവര്‍ക്കുള്ള നിക്ഷേപങ്ങളാണ് ആവര്‍ത്തന നിക്ഷേപവും മ്യൂച്വല്‍ ഫണ്ടിലെ എസ്‌ഐപി നിക്ഷേപവും. പരമ്പരാഗത നിക്ഷേപകരാണെങ്കില്‍ ആവര്‍ത്തന നിക്ഷേപങ്ങളെയാണ് തിരഞ്ഞെടുക്കുക.
അല്പം റിസ്‌കെടുക്കാന്‍ സാധിക്കുന്നവരും ഓഹരി വിപണിയെ പറ്റി അറിവുള്ളവരും സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴി മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കും. എസ്‌ഐപി വഴിയുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ അടുത്ത കാലത്തായി വലിയ വര്‍ധനവാണ് ഉള്ളത്. ഒക്ടോബര്‍ മാസത്തില്‍ 13041 കോടി രൂപയാണ് എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളിലേക്ക് എത്തിയത്. 2023 സാമ്പത്തിക വര്‍ഷത്തിലെ ഉയര്‍ന്ന തുകയാണിത്.

എസ്‌ഐപിയും ആവര്‍ത്തന നിക്ഷേപവും
ആവര്‍ത്തന നിക്ഷേപം ഡെബറ്റ് നിക്ഷേപത്തിലാണ് വരുന്നത്. നിക്ഷേപിച്ച തുകയ്ക്ക് പരിപൂര്‍ണ ഗ്യാരണ്ടിക്കൊപ്പം പലിശയും നിക്ഷേപകന് ലഭിക്കും. നിശ്ചിത കാലയളവും ആവർത്തന നിക്ഷേപത്തിനുണ്ടാകും. സമാന രീതിയിലാണ് പ്രവര്‍ത്തനമെങ്കിലും മ്യൂച്വല്‍ ഫണ്ടിലാണ് എസ്‌ഐപി വഴി നിക്ഷേപിക്കുന്നത്. നിക്ഷേപകന്റെ താൽപര്യത്തോളം നിക്ഷേപം തുടരാം. ഒറ്റത്തവണ നിക്ഷേപത്തിന് പകരം നിശ്ചിത ഇടവേളകളില്‍ നിശ്ചിത തുക അടയ്ക്കുകയാണ് രണ്ട് നിക്ഷേപങ്ങളിലും വേണ്ടത്. രണ്ട് നിക്ഷേപങ്ങളുടെയും സാമ്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

* മാസത്തിലോ ത്രൈമാസത്തിലോ അടയ്ക്കുന്ന പതിവ് നിക്ഷേപ രീതിയെ അടിസ്ഥാനമാക്കിയാണ് രണ്ട് നിക്ഷേപങ്ങളും പ്രവര്‍ത്തിക്കുന്നത്.
* ചെറിയ തുക മുതല്‍ നിക്ഷേപിക്കാന്‍ ആവർത്തന നിക്ഷേപത്തിലും എസ്ഐപി വഴിയും സാധിക്കും.
* ഏത് സമയത്ത് വേണമെങ്കിലും നിക്ഷേപം അവസാനിപ്പിക്കാനും പണം പിന്‍വലിക്കാനും സാധിക്കും. ഇതിന് ചാര്‍ജ് ഈടാക്കും.
* ചിട്ടയായി നിക്ഷേപം നടത്തിയില്ലെങ്കില്‍ നിക്ഷേപം അവസാനിപ്പിക്കും.
Also Read: വെറുതെയല്ല കീശയിൽ കാശ് നിൽക്കാത്തത്; ഈ 5 ചെലവുകള്ക്ക് ക്രെഡിറ്റ് കാര്ഡ് ഉപയോഗിക്കരുത്

വ്യത്യാസങ്ങൾ
ആവര്‍ത്തന നിക്ഷേപങ്ങള്‍ ഗ്യാരണ്ടീഡ് റിട്ടേണ്‍ നല്‍കുന്ന നിക്ഷേപങ്ങളാണ്. തീരെ അപകട സാധ്യതയില്ലാത്ത നിക്ഷേപത്തില്‍ നേരത്തെ നിശ്ചയിക്കുന്ന പലിശ നിരക്കിന് അനുസരിച്ചാണ് ആദായം തീരുമാനിക്കുക. ഇതിനാല്‍ കാലവധിയില്‍ ലഭിക്കുന്ന തുക നേരത്തെ കണക്കാക്കാന്‍ സാധിക്കും. എസ്‌ഐപിക്കായി ഡെബറ്റ്, ഇക്വിറ്റി നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാം. ഇക്വിറ്റി ഫണ്ടുകള്‍ കൂടുതല്‍ നഷ്ട സാധ്യതയുള്ളവയും കൂടുതല്‍ ആദായം നല്‍കുന്നവയുമാണ്.
Also Read: പെൻഷൻ പദ്ധതികളിൽ നോട്ടമുണ്ടോ? വരുമാന സാധ്യത ഉയർത്തുന്ന ഇ-എൻപിഎസിനെ പരിചയപ്പെടാം

എസ്ഐപി വഴി ദീര്‍ഘകാല നിക്ഷേപം നടത്തിയാലാണ് വലിയ ആദായം ലഭിക്കുന്നത്. എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഓഹരി വിപണിയുമായി ബന്ധപ്പെടുത്തിയതിനാല്‍ വിപണിയുടെ ചാഞ്ചാട്ടത്തിന് അനുസരിച്ച് ആദായം കൂടിയും കുറഞ്ഞും വരാം. ലിക്വിഡിറ്റിയുള്ള നിക്ഷേപമാണെങ്കിലും ആവർത്തന നിക്ഷേപത്തിന് കാലാവധിക്ക് മുന്‍പ് പിന്‍വലിച്ചാല്‍ പിഴ ഈടാക്കും. ആവര്‍ത്തന നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം നികുതി സ്ലാബിന് അനുസരിച്ച് ഈടാക്കും. ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്് സ്‌കീമില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 3 വര്‍ഷ ലോക്ഇന്‍ പിരിയഡുണ്ട്.

ഏതാണ് മികച്ചത്
ആവര്‍ത്തന നിക്ഷേപത്തിന് 5 വര്‍ഷത്തേക്ക് 5.8 ശതമാനം മുതല്‍ 7 ശതമാനം വരെയാണ് പൊതുവെ പലിശ ലഭിക്കുന്നത്. തിരഞ്ഞെടുക്കുന്ന ഫണ്ട് അനുസരിച്ച് എസ്‌ഐപി നിക്ഷേപകര്‍ക്ക് 12 ശതമാനം ആദായം ലഭിക്കാന്‍ സാധ്യതയുണ്ട്. വിപണി അനുകൂലമായാല്‍ 15-18 ശതമാനത്തോളം ആദായം ലഭിക്കും. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് വലിയ ആദായം പ്രതീക്ഷിക്കാം.
ആവര്‍ത്തന നിക്ഷേപത്തില്‍ മാസത്തിൽ 5,000 രൂപ അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നരൊള്‍ക്ക് 7 ശതമാനം പലിശ ലഭിച്ചാല്‍ 3,59,663 രൂപ ലഭിക്കും. 3 ലക്ഷം രൂപ നിക്ഷേപിച്ചാൽ 59,663 രൂപയാണ് പലിശയായി ലഭിക്കുന്നത്. ഇതേ തുക ഇക്വിറ്റി മ്യൂച്വൽ ഫണ്ടില്‍ നിക്ഷേപിക്കുകയും 12 ശതമാനം ആദായം ലഭിക്കുകയും ചെയ്താൽ 3 ലക്ഷം രൂപയിൽ നിന്ന് 1,12,432 രൂപ ആദായമായി ലഭിക്കും. ആകെ 4,12,432 രൂപ കയ്യിലെത്തും.