അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്, പലിശ നിരക്ക് വര്‍ധിപ്പിക്കുമോയെന്ന ആശങ്കകളാണ് ആഗോള വിപണികളില്‍ ഇടിവിന് കാരണമാകുന്ന മുഖ്യഘടകം. അടുത്തയാഴ്ചയോടെ അവതരിപ്പിക്കുന്ന പൊതുബജറ്റില്‍ വിപണിയെ തുണയ്ക്കുന്ന തീരുമനങ്ങളോ പ്രഖ്യാപനങ്ങളോ വന്നാല്‍ ആഭ്യന്തര വിപണി വീണ്ടും കുതിപ്പിന്റെ പാതയിലേക്ക് വഴിമാറും. ഇതിനിടെയില്‍ കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്നും പുറത്തുവരുന്ന മൂന്നാം പാദ സാമ്പത്തികഫലം ഭേദപ്പെട്ടതാണ്. മികച്ച പ്രവര്‍ത്തനഫലം കാഴ്ചവച്ച കമ്പനികളുടെ ഓഹരികള്‍ക്ക് സമീപകാല ഇടിവിനെ പ്രതിരോധിക്കാനും സാധിക്കുന്നുണ്ട്. ഇത്തരത്തില്‍ മികച്ച മൂന്നാം പാദഫലം പ്രഖ്യാപിച്ച ധനകാര്യ മേഖലയിലെ ഒരു ഓഹരിയില്‍ 45 ശതമാനം നേട്ടം ലക്ഷ്യമാക്കി നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി രംഗത്തെത്തി.

എസ്ബിഐ കാര്‍ഡ്സ്
ക്രെഡിറ്റ് കാര്‍ഡ് സേവന മേഖലയില്‍ നിന്നും ആദ്യമായി ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ്സ് സര്‍വീസസ് ലിമിറ്റഡ്. ഹര്യാനയിലെ ഗുരുഗ്രാം ആസ്ഥാനമായി 1998-ലാണ് തുടക്കം. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും (എസ്ബിഐ) അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ കാര്‍ലൈല്‍ ഗ്രൂപ്പിന്റേയും സംയുക്ത സംരംഭമാണിത്. രാജ്യത്തെ നൂറിലധികം നഗരങ്ങളില്‍ ശാഖകളുണ്ട്. നിലവില്‍ കമ്പനിക്ക് കീഴില്‍ 1.2 കോടി ഉപഭോക്താക്കളാണുള്ളത്.

പ്രവര്‍ത്തനഫലം
നടപ്പ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദകാലയളവില്‍ എസ്ബിഐ കാര്‍ഡ്‌സ് 3,139.66 കോടി രൂപയാണ് വരുമാനം നേടിയത്. രണ്ടാം പാദത്തിലെ വരുമാനത്തേക്കാള്‍ 16.48 ശതമാനം വര്‍ധനവാണിത്. കോവിഡ് പ്രതിസന്ധി തുടങ്ങിയതിനു ശേഷമുള്ള മികച്ച പ്രവര്‍ത്തന ഫലമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ സമാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 23.62 ശതമാനവും നേട്ടം കമ്പനി കൈവരിച്ചു. ഡിസംബര്‍ പാദത്തില്‍ 385.78 കോടി രൂപയാണ് അറ്റാദായം നേടിയത്.

സാധ്യതകള്‍
ഡിസംബര്‍ കാലയളവിലെ ഉത്സവ സീസണാണ് എസ്ബിഐ കാര്‍ഡ്‌സിനെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചത്. കൂടാതെ കിട്ടാക്കടത്തിന്റെ തോത് കുറഞ്ഞു. എന്നാല്‍
പാദാനുപാദത്തില്‍ കിട്ടാക്കടം കൂടിയിട്ടുണ്ട്. എങ്കിലും 2024 സാമ്പത്തിക വര്‍ഷത്തോടെ ലാഭക്ഷമത 46 ശതമാനം വാര്‍ഷികാടിസ്ഥാനത്തില്‍ വര്‍ധിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം. കൂടാതെ കാര്‍ഡ് മുഖേനയുള്ള ഇടപാടിന് ഫീസ് ഇനത്തിലൂടെ ലഭിക്കുന്ന ലാഭവിഹിതം ഇനിയും വര്‍ധിക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ലക്ഷ്യവില 1,221
ചൊവ്വാഴ്ച എസ്ബിഐ കാര്‍ഡ്‌സിന്റെ (BSE: 543066, NSE: SBICARD) ഓഹരികള്‍ 847.15 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെട്ടത്. ഇവിടെ നിന്നും 1,221 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ആനന്ദ് രാത്തി നിര്‍ദേശിച്ചത്. ഇതിലൂടെ സമീപ ഭാവിയില്‍ 45 ശതമാനം വരെ നേട്ടം കരസ്ഥമാക്കാനാകും. ഒരു വര്‍ഷത്തിനിടെ എസ്ബിഐ കാര്‍ഡ്സിന്റെ ഓഹരികളുടെ ഉയര്‍ന്ന വില 1,165 രൂപയും കുറഞ്ഞ വില 781.20 രൂപയുമാണ്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.