ബജറ്റ് കാരിയറായ സ്‌പൈസ് ജെറ്റിൻ്റെ 899 രൂപ ഓഫർ ടിക്കറ്റ് വിൽപ്പന ഇന്ന് അവസാനിക്കും. എന്നാൽ ഇതേ സമയം എതിരാളിയായ ഇൻഡിഗോ 877 രൂപ നിരക്കിലാണ് ഫ്ലൈറ്റ് ടിക്കറ്റ് ഓഫർ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയുടെ ഏറ്റവും പുതിയ ഓഫർ 2021 ഏപ്രിൽ 1 നും സെപ്റ്റംബർ 30 നും ഇടയിലുള്ള യാത്രയ്ക്ക് ബാധകമാണ്. ഏറ്റവും പുതിയ ഓഫറിനൊപ്പം നിരക്കുകളൊന്നുമില്ലാതെ തന്നെ ടിക്കറ്റുകൾ മാറ്റാനോ റദ്ദാക്കാനോ ഉള്ള ഇളവും സ്‌പൈസ് ജെറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.
പുറപ്പെടുന്ന തീയതിക്ക് 21 ദിവസം മുമ്പ് ടിക്കറ്റ് മാറ്റൽ, റദ്ദാക്കൽ എന്നിവ നൽകുമ്പോഴാണ് നിരക്ക് ബാധകമല്ലാത്തത്. ഒരു ഫ്ലൈറ്റിന് ഒരു ഉപഭോക്താവ് എന്ന നിലയ്ക്ക് പരമാവധി 1,000 രൂപ വരെ അടിസ്ഥാന നിരക്ക് തുകയ്ക്ക് തുല്യമായ സൌജന്യ വൗച്ചറും ബജറ്റ് കാരിയർ നൽകുന്നുണ്ട്.
വിൽപ്പന ഓഫറിന് കീഴിൽ, ഇൻഡിഗോ യാത്രാ കാലയളവിലെ യാത്രയിലെ മാറ്റങ്ങൾക്ക് 500 രൂപ റദ്ദാക്കൽ നിരക്ക് ഈടാക്കും. എച്ച്എസ്ബിസി, ഇൻഡസ്ഇൻഡ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് അധിക ക്യാഷ്ബാക്ക് നേടാനാകുമെന്ന് എയർലൈൻ സൈറ്റിൽ കുറിച്ചു. കൊറോണ വൈറസ് മഹാമാരി കാരണം ഇന്ത്യയിലും വിദേശത്തും ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങൾ കാരണം വ്യോമയാന വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് രണ്ട് മാസം വിമാന സർവ്വീസുകൾ പൂർണമായും നിർത്തി വച്ചിരുന്നു. പിന്നീട് കഴിഞ്ഞ മെയ് 25 ന് ആണ് ഷെഡ്യൂൾഡ് ആഭ്യന്തര പാസഞ്ചർ സർവീസ് പുനരാരംഭിച്ചത്.
ആഭ്യന്തര വ്യോമയാന വ്യവസായത്തിന്റെ നഷ്ടം 14,600 കോടി രൂപയായി കുറയുമെന്ന് റേറ്റിംഗ് ഏജൻസി ഐസിആർഎ പറഞ്ഞു. ഈ സാമ്പത്തിക വർഷം 21,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 2021-22 സാമ്പത്തിക വർഷം ആഭ്യന്തര വിമാന യാത്രക്കാരുടെ വളർച്ചയിൽ 78 ശതമാനം വളർച്ച നേടുമെന്ന് റേറ്റിംഗ് ഏജൻസി അറിയിച്ചിരുന്നു.