തിരുവനന്തപുരം: രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് വീണ്ടും മാതൃകയായി കേരളം.
വിദേശത്തേക് പഴങ്ങളും പച്ചക്കറികളും കയറ്റി അയക്കാന്‍ തുടങ്ങിയിരിക്കുകയാണ് സംസ്ഥാന കൃഷി വകുപ്പ്. സംസ്ഥാന കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വെജിറ്റബിള്‍ & ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളയുടെ നേതൃത്വത്തില്‍ ആണ് കയറ്റുമതി. സംസ്ഥാനത്ത് നിന്നുളള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിക്കുന്ന ഈ അഭിമാന പദ്ധതി ഇന്ത്യയില്‍ തന്നെ ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ സംരംഭമാകും എന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വിഎസ് സുനിൽ കുമാർ വ്യക്തമാക്കി.
''കേരളത്തില്‍ നിന്നുള്ള നാടന്‍ നേന്ത്രപ്പഴത്തിന് യൂറോപ്യന്‍ രാജ്യങ്ങളില്‍ വന്‍ വിപണന സാധ്യതയാണുള്ളത്. കപ്പല്‍മാര്‍ഗ്ഗം സ്വകരിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ നിന്നും അധികം ഉല്‍പ്പന്നങ്ങള്‍ യൂറോപ്പിലേക്ക് എത്തിക്കുവാനും കയറ്റുമതി ചെലവ് കുറയ്ക്കുവാനും സാധിക്കുകയുള്ളൂ. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 25 ലക്ഷം രൂപയുടെ ആര്‍. കെ. വി. വൈ പദ്ധതിയുടെ സഹായത്തോടെ കപ്പല്‍മാര്‍ഗ്ഗം നേന്ത്രപ്പഴം യൂറോപ്യന്‍ നാടുകളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ പ്രോട്ടോകോള്‍ വികസിപ്പിക്കുന്നതിനായി നടപടി സ്വീകരിച്ചത്'' മന്ത്രി പറഞ്ഞു.
'എന്‍. ആര്‍. സി. ബി. ട്രിച്ചിയുടെ (National Research Centre for Bananaþ Trichy) സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച കൃഷി മുറകള്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നതിനും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലവിലുള്ള ഗുണ നിലവാര മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനും ഇതിലൂടെ വഴിയൊരുങ്ങുന്നു' എന്നും വിഎസ് സുനിൽ കുമാർ ചൂണ്ടിക്കാട്ടി.
'ഇന്ത്യയില്‍ തന്നെ ആദ്യമായാണ് നേന്ത്രപ്പഴം യൂറോപ്പിലേക്ക് കയറ്റി അയക്കുന്നത്. സ്വകാര്യ കമ്പനികള്‍ പലതും വിദേശരാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്ന് വാഴപ്പഴം ഉള്‍പ്പെടെ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാനസര്‍ക്കാര്‍ നേരിട്ട് ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് ഇതാദ്യമായാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്തുതന്നെ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക വിഭവങ്ങള്‍ കയറ്റുമതി ചെയ്യുന്നത് സംബന്ധിച്ച് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതാണ്. ഇതാ ആ വാഗ്ദാനവും നിറവേറ്റിയിരിക്കുന്നു' എന്നും മന്ത്രി വ്യക്തമാക്കി.
'സി-ഷിപ്‌മെന്റ് പ്രോട്ടോകോള്‍ വികസിപ്പിച്ച് നേന്ത്രപ്പഴം യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്ന പദ്ധതി നാളെ മുതല്‍ ആരംഭിക്കുകയാണ്. ആദ്യ കണ്ടെയ്‌നര്‍ നാളെ കൊച്ചിയില്‍ നിന്ന് പുറപ്പെടും. കേരളത്തിന്റെ കാര്‍ഷികരംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് ഇത് വഴിയൊരുക്കും. തളിര്‍ എന്ന ബ്രാന്‍ഡില്‍ കേരളത്തില്‍ നിന്നുള്ള മികച്ച ഗുണനിലവാരമുള്ള വാഴപ്പഴം യൂറോപ്യന്‍ രാജ്യങ്ങളിലെ ഊട്ടുമേശകളെ അലങ്കരിക്കും. പദ്ധതിയുടെ വിജയത്തിന് പരിശ്രമിച്ച മുഴുവന്‍ പേരെയും ഈയവസരത്തില്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു'' എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.