അടപടലം പൊളിഞ്ഞ് ടെക് കമ്പനികള്‍; ഇനിയും വീഴാന്‍ കാരണങ്ങളുണ്ട്; വിപണിക്കും വലുത് വരാനിരിക്കുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുന്ന അമേരിക്കന്‍ കേന്ദ്ര ബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ദ്വിദിന യോഗത്തിന് മുന്നോടിയായി വിപണികളില്‍ കൂട്ടത്തകര്‍ച്ചയാണ്. ലോകത്തെ വമ്പന്‍ സാമ്പത്തികശക്തി, പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാനായി പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്കയാണ് വിപണിയെ പ്രതികൂലമായി സ്വാധീനിച്ചിരിക്കുന്നത്. ഇതോടെ വളരെ നിര്‍ണായകമായ പൊതുബജറ്റിന്റെ തലേന്നത്തെ ആഴ്ചയായിട്ടു പോലും ആഭ്യന്തര വിപണികളിലും തകര്‍ച്ച തുടരുകയാണ്. പ്രധാന സൂചികകളായ നിഫ്റ്റി 17,450 നിലവാരവും സെന്‍സെക്‌സ് 58,500 നിലവാരവും തകര്‍ത്തു താഴേക്ക് വീഴുകയാണ്.

അടപടലം പൊളിഞ്ഞ് ടെക് കമ്പനികള്‍; ഇനിയും വീഴാന്‍ കാരണങ്ങളുണ്ട്; വിപണിക്കും വലുത് വരാനിരിക്കുന്നോ?

വിപണിയില്‍ സംഭവിക്കുന്നത്

നാല് ദശാബ്ദങ്ങളിലെ ഉയര്‍ന്ന തോതിലാണ് അമേരിക്കയിലെ പണപ്പെരുപ്പത്തിന്റെ തോത്. കോവിഡ് പ്രതിസന്ധി മറിടക്കാന്‍ സ്വീകരിച്ച ഉദാര ധനനയത്തിന്റെ ബാക്കിപത്രം. ഇതിനിടെ യുഎസ് ട്രഷറി ബോണ്ടുകളുടെ നിരക്കും രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലേക്കെത്തി. ടെക് കമ്പനികളില്‍ നിന്നും പുറത്തുവന്ന മൂന്നാംപാദ ഫലങ്ങളും നിരാശയിലായതോടെ വന്‍കിട നിക്ഷേപകര്‍ പണം സുരക്ഷിതമായ ആസ്തികളിലേക്ക് മാറ്റിത്തുടങ്ങി. ഇതിനോടൊപ്പം എത്ര ശതമാനം പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന അനിശ്ചിതത്വവും വിപണികളെ പ്രതികൂലമായി ബാധിച്ചു. സ്വാഭാവികമായും ഒന്നാമത്തെ സമ്പദ്ഘടനയിലെ വീഴ്ച പുറംലോകത്തേക്കും വ്യാപിക്കും. അതിന്റെ സൂചനയെന്നവണ്ണമാണ് ആഭ്യന്തര വിപണിയിലെ ഐടി കമ്പനികളിലും ടെക് കമ്പനികളിലും ഇടിവ് തുടരുന്നത്.

മറ്റ് കാരണങ്ങളും

ആഗോള സൂചനകള്‍ ദുര്‍ബലമായാതാണ് വിപണിയെ പ്രധാനമായും ബാധിക്കുന്നത്. അമേരിക്കയിലെ കാരണങ്ങള്‍ക്കു പുറമേ റഷ്യ- ഉക്രൈന്‍ സംഘര്‍ഷവും യൂറോപ്യന്‍ വിപണികളേയും പ്രതികൂലമായി സ്വാധീനിക്കുന്നു. ഇതിനിടെ, എന്‍എസ്ഇയില്‍ ഡെറീവേറ്റീവ് വിഭാഗത്തിലെ മാസത്തിലേയും ആഴ്ചയിലേയും ഫ്യൂച്ചര്‍, ഓപ്ഷന്‍ കോണ്‍ട്രാക്റ്റുകളുടെ എക്സ്പയറി ഈ വ്യാഴാഴ്ച ആയതിനാലുള്ള ചാഞ്ചാട്ടവും ബാധിച്ചിട്ടുണ്ട്. ഇതിനോടൊപ്പം വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പ്പനയും വിപണിയെ തളര്‍ത്തുന്നു. ജനുവരിയില്‍ ഇതിനോടകം 15,500-ലേറെ കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപനങ്ങള്‍ വിറ്റൊഴിഞ്ഞത്. ബജറ്റിന് മുന്നോടിയായി ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപത്തില്‍ പിശുക്കു കാട്ടുന്നതും തിരിച്ചടിയാകുന്നുണ്ട്.

ടെക് കമ്പനികളില്‍ തകര്‍ച്ച

അമേരിക്കന്‍ വിപണിയിലേതിനു സമാനമായി ആഭ്യന്തര വിപണികളിലെ പുതുതലമുറ ടെക് കമ്പനികളിലും വന്‍ തകര്‍ച്ചയാണ് അഭിമുഖീകരിക്കുന്നത്. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോ ഇന്ന് രാവിലത്തെ വ്യാപാരത്തില്‍ 19 ശതമാനമാണ് ഇടിഞ്ഞത്. കഴിഞ്ഞയാഴ്ച ഓഹരിയില്‍ 30 ശതമാനം ഇടിവ് സംഭവിച്ചിരുന്നു. ഓണ്‍ലൈന്‍ വസ്ത്രവ്യാപാരിയായ നൈക്ക (എഫ്എസ്എന്‍ ഇ-കൊമേഴ്‌സ്) 10 ശതമാനത്തിലേറെയും ഇടിഞ്ഞു. പൊളിസി ബാസാറിന്റെ പിബി ഇന്‍ഫോടെക് 5 ശതമാനവും ഇടിഞ്ഞു. ഒരഴ്ചക്കിടെ 45 ശതമാനം വിലയിറങ്ങി. പേടിഎം 5 ശതമാനവും നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മറ്റു ടെക് കമ്പനികളായ റേറ്റ്‌ഗെയിന്‍ ടെക്‌നോളജീസ്, ലേറ്റന്റ് വ്യൂ, സോണ കോംസ്റ്റാര്‍, മാപ്‌മൈ ഇന്ത്യ, സഫയര്‍ ഫുഡ്‌സ് പോലുള്ള പുതുതലമുറ കമ്പനികളും 5-9 ശതമാനം ഇടിവ് നേരിടുന്നു.

എന്തുകൊണ്ട് ടെക് കമ്പനി?

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിവിധ കേന്ദ്രബാങ്കുകള്‍ വളരെ ഉദാരമായ ധനനയം സ്വീകരിച്ചതോടെ, വിപണിയിലേക്ക് പണത്തിന്റെ കുത്തൊഴുക്കായിരുന്നു. ആഗോളവ്യാപകമായി തന്നെ ടെക് കമ്പനികളിലേക്ക് പണമൊഴുകിയെത്തി. ലോകം മുമ്പ് അഭിമുഖികരിച്ചിട്ടില്ലാത്ത ലോക്കഡൗണ്‍ പോലുള്ള അനിശ്ചിതാവസ്ഥയ്ക്കിടെയിലും ഇത്തരം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതും ഭാവിയിലെ വളര്‍ച്ച സാധ്യതകളുമൊക്കെയാണ് നിക്ഷേപകരെ ആകര്‍ഷിച്ചത്. എന്നാല്‍ അയഞ്ഞ സമീപനത്തിന്റെ കൂടെപിറപ്പായ പണപ്പെരുപ്പം സമ്പദ്ഘടനയ്ക്ക് വെല്ലുവിളിയാകാന്‍ ആരംഭിച്ചതോടെ കേന്ദ്ര ബാങ്കുകള്‍ക്ക് പലിശ നിരക്ക് ഉയര്‍ത്തുന്ന പോലുള്ള കടുത്ത നടപടികള്‍ക്ക് നിര്‍ബന്ധിതരായി. ആഗോള ശക്തിയായ അമേരിക്ക തന്നെ പലിശ നിരക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചതോടെ വന്‍കിട നിക്ഷേപകരും നിലപാട് മാറ്റിത്തുടങ്ങി. നിലവില്‍ നഷ്ടത്തിലോടുന്ന കമ്പനികളേയും പലിശഭാരം വര്‍ധിക്കുന്നവരേയും ഒഴിവാക്കി മറ്റ് സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപം മാറ്റിത്തുടങ്ങി.

ഇനിയും ഇടിയാം

പുതുതലമുറ കമ്പനികൡ പലതും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ദൈനംദിന പ്രവര്‍ത്തനത്തില്‍ നിന്നും ലാഭമില്ലാത്ത സാഹചര്യത്തില്‍, കടംവാങ്ങി പ്രവര്‍ത്തിക്കുന്ന കമ്പനികളെ സംബന്ധിച്ച് പലിശയില്‍ വരുന്ന ചെറിയൊരു വര്‍ധന പോലും അമിതഭാരം സൃഷ്ടിക്കും. കൂടാതെ, പലിശ നിരക്കുയരുന്നത് ഭാവിയില്‍ കമ്പനിയുടെ നടത്തിപ്പിന് വേണ്ട പ്രവര്‍ത്തന മൂലധനം കണ്ടെത്തുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നു. മിക്ക പുതുതലമുറ ടെക് കമ്പനികളും അവരുടെ നിലവിലെ വരുമാനത്തിന്റെ 40 മുതല്‍ 70 മടങ്ങിലധികമാണ് ഐപിഒ കാലയളവില്‍ മൂല്യം നിശ്ചയിച്ചിരുന്നത്. ഇതോടെ വിപണികളല്‍ തകര്‍ച്ച നേരിടുമ്പോള്‍ വളരെ ഉയര്‍ന്ന മൂല്യത്തില്‍ നില്‍ക്കുന്ന കമ്പനികളില്‍ തിരുത്തല്‍ വരുന്നതും സ്വാഭാവികമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Massive Sell Off In New-age Tech Company Stocks And Nifty Sensex Down Along With All Segments Here Check The Reasons

Massive Sell Off Before Budget In New-age Tech Company Stocks And Nifty Sensex Down Along With All Segments Here Check The Reasons
Story first published: Monday, January 24, 2022, 12:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X