ഫോൺ നമ്പറുകൾ അല്ലെങ്കിൽ അതിലേറെ ദൈർഘ്യമുള്ള ബാങ്ക് അക്കൗണ്ട് നമ്പറുകൾ തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോൾ പിഴവുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇത്തരത്തിൽ അബദ്ധം സംഭവിച്ച്, തെറ്റായ അക്കൗണ്ടിലേയ്ക്ക് പണം ട്രാൻസ്ഫർ ആയാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

നെറ്റ് ബാങ്കിംഗ്
നെറ്റ് ബാങ്കിംഗ് വഴി പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ പരമാവധി തെറ്റുകൾ സംഭവിക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഉണ്ട്. ഇതിൽ ആദ്യ പടിയാണ് നിങ്ങൾ ഗുണഭോക്താവിനെ ചേർക്കുന്ന ഭാഗം.

ഒരേ ബാങ്ക് ആണെങ്കിൽ
നിങ്ങളുടെയും ഗുണഭോക്താവിന്റെയും ഒരേ ബാങ്കിന്റെ അക്കൗണ്ട് ആണെങ്കിൽ തെറ്റുകൾ സംഭവിക്കാൻ സാധ്യത കുറവാണ്. കാരണം ഗുണഭോക്താവിന്റെ അക്കൗണ്ട് നമ്പൽ രണ്ടു തവണ നൽകി കഴിയുമ്പോൾ തന്നെ ബാങ്ക് രേഖകളുടെ അടിസ്ഥാനത്തിൽ അക്കൗണ്ട് ഉടമയുടെ പേര് പ്രദർശിപ്പിക്കും.

മറ്റ് ബാങ്കിലെ അക്കൗണ്ട്
പണം സ്വീകരിക്കുന്നയാളുടെ അക്കൗണ്ട് മറ്റൊരു ബാങ്കിൽ ആണെങ്കിൽ അബദ്ധം സംഭവിക്കാൻ സാധ്യത കൂടുതലാണ്. കാരണം നേരത്തേ പറഞ്ഞതു പോലെ അക്കൗണ്ട് നമ്പർ നൽകുമ്പോൾ പേര് ലഭ്യമാകണമെന്നില്ല.

ആദ്യം ചെറിയ തുക
വലിയ തുക ഒരുമിച്ച് ട്രാൻസ്ഫർ ചെയ്യുന്നതിന് പകരം, ആദ്യം ചെറിയ തുക ട്രാൻസ്ഫർ ചെയ്യുകയും പിന്നീട് പണം ലഭിച്ച ആളിൽ നിന്ന് സ്ഥിരീകരണം ലഭിച്ച ശേഷം ബാക്കി തുക ട്രാൻസ്ഫർ ചെയ്യുന്നതുമാണ് എപ്പോഴും സുരക്ഷിതം.

ആർബിഐ നിയമം
ആർബിഐ നിയമം അനുസരിച്ച് പണം അയയ്ക്കുന്ന വ്യക്തിയും പണമയയ്ക്കുന്ന ബാങ്കുമാണ് തെറ്റായ ട്രാൻസ്ഫറിന് ഉത്തരവാദികൾ. എന്നിരുന്നാലും, നിയമമനുസരിച്ച്, ശരിയായ അക്കൗണ്ട് നമ്പർ നൽകാനുള്ള ആത്യന്തിക ഉത്തരവാദിത്തം ഉപഭോക്താവിന് തന്നെയാണ്.

അക്കൗണ്ട് നമ്പർ നിലവിൽ ഇല്ലെങ്കിൽ
നിങ്ങൾ തെറ്റായി ടൈപ്പ് ചെയ്ത അക്കൗണ്ട് നമ്പർ നിലവിൽ ഇല്ലെങ്കിൽ പണം നഷ്ടമാകില്ല. അയയ്ക്കുന്ന തുക തിരികെ നിങ്ങളുടെ അക്കൗണ്ടിൽ തന്നെ ക്രെഡിറ്റ് ആകും.

അക്കൗണ്ട് നമ്പർ നിലവിൽ ഉണ്ടെങ്കിൽ
നിങ്ങൾ തെറ്റായി പണം ട്രാൻസ്ഫർ ചെയ്യുന്ന അക്കൗണ്ട് നമ്പർ നിർഭാഗ്യവശാൽ നിലവിൽ ഉണ്ടെങ്കിൽ നിങ്ങളുടെ ബാങ്കും റിസീവർ ബാങ്കും ഉപഭോക്താക്കൾക്കിടയിൽ ഇടപെടേണ്ടി വരും. പണം ലഭിച്ചയാൾ മടക്കി നൽകാൻ തയ്യാറാകുന്നില്ലെങ്കിൽ ബാങ്കിന് ഗുണഭോക്താവിന്റെ അനുമതി ഇല്ലാതെ തന്നെ പണം തിരിച്ചെടുക്കാൻ സാധിക്കും.

ആദ്യം ചെയ്യേണ്ടത്
നിങ്ങൾ തെറ്റായ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുവെന്ന് മനസ്സിലായാൽ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ബാങ്ക് ബ്രാഞ്ചിന്റെ മാനേജർക്ക് ഒരു പരാതി അല്ലെങ്കിൽ ഇ-മെയിൽ അയയ്ക്കുക എന്നതാണ്. ഈ പരാതിയിൽ നിങ്ങളുടെ പേര്, അക്കൗണ്ട് വിശദാംശങ്ങൾ, ഇടപാട് നടന്ന സമയം തുടങ്ങിയ കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

ബാങ്ക് ഇടപെടൽ
പരാതി ലഭിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ബാങ്ക് പണം ലഭിച്ചയാളുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടുകയും സാഹചര്യം വിശദീകരിക്കുകയും ചെയ്യും. പണം ലഭിച്ചയാൾ തിരികെ നൽകാൻ തയ്യാറാണെങ്കിൽ കുറഞ്ഞത് 8 ദിവസത്തിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിൽ പണം ക്രെഡിറ്റാകും.

പണം മടക്കി നൽകാൻ തയ്യാറല്ലെങ്കിൽ
പണം മടക്കിനൽകാൻ ഗുണഭോക്താവ് വിസമ്മതിക്കുകയാണെങ്കിൽ നിങ്ങൾക്ക് കോടതിയെ സമീപിക്കാവുന്നതാണ്. കോടതിയിൽ നിയമപരമായ കേസ് ഫയൽ ചെയ്യാൻ നിങ്ങൾക്ക് കഴിയും. എന്നിരുന്നാലും നിങ്ങൾക്ക് നഷ്ടമായ തുകയുടെ മൂല്യം കണക്കാക്കി വേണം കേസിന് വേണ്ടി പണവും സമയവും ചെലവാക്കാൻ.
malayalam.goodreturns.in