നൂറു രൂപയുടെ പുതിയ കറൻസി നോട്ടിന്റെ നിറം വയലറ്റ് ആയിരിക്കുമെന്ന് സൂചന. ചില ദേശീയ മാധ്യമങ്ങളാണ് ഈ വിവരം പുറത്തു വിട്ടത്. നിലവിലുള്ള നൂറു രൂപ നോട്ടിനെക്കാൾ ചെറുതായിരിക്കും പുതിയ നോട്ടെന്നും സൂചനകളുണ്ട്. എന്നാൽ പത്തു രൂപ നോട്ടിനെക്കാൾ വലിപ്പമുണ്ടാകും.
നോട്ടിന്റെ അച്ചടി തുടങ്ങിയതായാണ് വിവരം. മധ്യപ്രദേശിലെ ദേവാസിലെ ബാങ്ക് നോട്ട് പ്രസ്സിലാണ് നോട്ടുകളുടെ അച്ചടി ആരംഭിച്ചിരിക്കുന്നത്. മൈക്രോ സുരക്ഷാ സംവിധാനങ്ങളുള്ളവയായിരിക്കും പുതിയ നോട്ടുകളെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആഗസ്റ്റിലോ സെപ്തംബറിലോ ആയിരിക്കും പുതിയ നോട്ടുകൾ പുറത്തിറക്കുക.
യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയ ഗുജറാത്തിലെ സരസ്വതി നദീതീരത്തുള്ള 'റാണി കി വവ്' എന്ന ചരിത്ര സ്മാരകത്തിന്റെ ചിത്രം നോട്ടിൽ ആലേഖനം ചെയ്യും.
നിലവിലെ നൂറു രൂപ നോട്ടുകൾ പിൻവലിക്കാതെയാണ് പുതിയ നോട്ട് അവതരിപ്പിക്കുന്നത്. പുതിയ നോട്ടുകൾക്ക് വലിപ്പം കുറവായതിനാൽ ബാങ്കുകൾക്ക് എടിഎമ്മുകളുടെ ക്യാഷ് ട്രേയുടെ വലിപ്പം ക്രമീകരിക്കേണ്ടി വരും.
malayalam.goodreturns.in