രൂപയുടെ മൂല്യത്തിൽ ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 70നോട് അടുത്തു കൊണ്ടിരിക്കുകയാണ്. വ്യാപാരം അവസാനിക്കാറായപ്പോൾ ഇന്നലത്തെ നിരക്കിനേക്കാൾ 32 പൈസ കുറഞ്ഞ് 69.94 രൂപയിലേയ്ക്കാണ് അടുക്കുന്നത്.
ആഗോള കറൻസികൾക്കെതിരായി യു എസ് ഡോളർ കരുത്താർജിച്ചതാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണം. അതേസമയം ക്രൂഡോയിൽ വില കുറഞ്ഞതും പുതിയ ആഭ്യന്തര ഇക്വിറ്റി മാർക്കറ്റുകൾ തുറന്നതും രൂപയുടെ ഇടിവ് നികത്തി.
ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം വ്യാപാരം ആരംഭിച്ചപ്പോൾ 69.80 എന്ന നിരക്കിലായിരുന്നു. എന്നാൽ പിന്നീട്
വീണ്ടും നിരക്ക് താഴ്ന്നു. ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി നിർത്തുക അല്ലെങ്കിൽ ഉപരോധം നേരിടുക എന്ന യുഎസിന്റെ മുന്നറിയിപ്പ് വന്നതോടെ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസവും കുത്തനെ കുറഞ്ഞിരുന്നു.
ഇന്ത്യയും ചൈനയുമാണ് ഇറാന്റെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങൾ. മേയ് 2 മുതൽ ഈ രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ഇളവ് തീരും. ഇന്ത്യയ്ക്ക്, ഇറാനിൽ നിന്നും എണ്ണ ലഭ്യമല്ലാതായാൽ ചെലവ് ഉയരുകയും രാജ്യത്തിൻറെ നാണയപ്പെരുപ്പം, കറന്റ് അക്കൗണ്ട് കമ്മി എന്നിവയെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
malayalam.goodreturns.in