നിങ്ങളുടെ വാലറ്റില് ഡെബിറ്റ്/ക്രെഡിറ്റ് കാര്ഡുകള് ഉണ്ടോ ? സാമ്പത്തിക ഇടപാടുകള് നടത്തുമ്പോള് അവ പ്രയോജനപ്പെടും. ഇത് ഒരു വലിയ തുക കൈവശംവെയ്ക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. പണരഹിതമായ ഇടപാടുകളിലൂടെ ഡിജിറ്റല് യുഗത്തിലേക്ക് മാറാന് സര്ക്കാര് പ്രേരിപ്പിക്കുന്നതിന്റെ ഒരു കാരണം ഇതാണ്.
ഡെബിറ്റ്/ക്രെഡിറ്റ് കാര്ഡുകള് ഉപയോഗിക്കുമ്പോള് ധാരാളം നേട്ടങ്ങളുണ്ടെങ്കിലും, സമീപകാലത്ത് വര്ധിച്ചുവരുന്ന തട്ടിപ്പുകള് നമ്മില് പലരുടെയും മനസ്സില് ചില സംശയങ്ങള് സൃഷ്ടിച്ചിട്ടുണ്ടാവും. ഒരു ഡെബിറ്റ് അല്ലെങ്കില് ക്രെഡിറ്റ് കാര്ഡ് ഉപയോഗിക്കുമ്പോള് നിങ്ങളുടെ പണം സുരക്ഷിതമാണ് എന്ന് കരുതരുത്. എന്നാല് ഓണ്ലൈനിലോ ഓഫ്ലൈനിലോ കാര്ഡുകള് ഉപയോഗിക്കുമ്പോള് ചില മാര്ഗ്ഗനിര്ദ്ദേശങ്ങള് പാലിക്കുകയാണെങ്കില് നിങ്ങളുടെ കാര്ഡുകളിലെ പണം സുരക്ഷിതമായിരിക്കും.
നിങ്ങള് പാലിക്കേണ്ട ചില നിര്ദേശങ്ങള് ഇതാ :

1. വിശ്വസനീയ ഓണ്ലൈന് വ്യാപാരങ്ങള്ക്ക് മാത്രം കാര്ഡുകള് ഉപയോഗിക്കുക: കാര്ഡ് തട്ടിപ്പുകള് കുറയ്ക്കുന്നതിനുള്ള ഒരു മാര്ഗം ഓണ്ലൈന് ഷോപ്പിംഗ് നടത്തുമ്പോള് വിശ്വസനീയമായ വെബ്സൈറ്റുകളില് നിങ്ങളുടെ കാര്ഡുകള് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ്. http, MasterCard's Secure Code എന്നിവയ്ക്ക് പകരം SSL സാക്ഷ്യപ്പെടുത്തിയതും https പോലുള്ള പ്രോട്ടോക്കോള് ഉപയോഗിക്കുന്നതുമായ വെബ്സൈറ്റുകള് നിങ്ങള്ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു. ഇത് ഉറപ്പാക്കുന്നത് ഓണ്ലൈന് ഇടപാടിന്റെ സ്വകാര്യത പരിരക്ഷിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു.

2. മാല്വെയറിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക: ഏത് ഇലക്ട്രോണിക് ഉപകരണവും നിങ്ങളുടെ സ്മാര്ട്ട്ഫോണോ ലാപ്ടോപ്പോ ആകട്ടെ, ബാങ്കിംഗ് അക്കൗണ്ടിലേക്കുള്ള ഒരു കവാടമാണ്. അതുകൊണ്ട് നിങ്ങളുടെ സ്മാര്ട്ട് ഫോണ്/ലാപ്ടോപ്പില് എന്തൊക്കെ സോഫ്റ്റ്വെയറുകളാണ് ഇന്സ്റ്റാള് ചെയ്തിരിക്കുന്നതെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. നിങ്ങള് ഒരു മാല്വെയര് ലിങ്കില് ക്ലിക്കുചെയ്താല്, ഹാക്കര്മാര്ക്ക് നിങ്ങളുടെ സ്വകാര്യ ഡാറ്റ ചോര്ത്താന് കഴിഞ്ഞേക്കും. ആധികാരിക അപ്ലിക്കേഷനുകള് മാത്രം നിങ്ങളുടെ സ്മാര്ട്ട് ഫോണ്/ലാപ്ടോപ്പില് ഇന്സ്റ്റാളുചെയ്യാന് ശ്രദ്ധിക്കുക.

3. പൊതു നെറ്റ്വര്ക്കുകള് ഉപയോഗിക്കുന്നത് ഒഴിവാക്കുക: നമ്മളില് ഭൂരിഭാഗം ആളുകളും ഡെബിറ്റ്/ക്രെഡിറ്റ് കാര്ഡുകള് ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള് നടത്തുന്നതിനാല് സുരക്ഷിതമായ ഒരു നെറ്റ്വര്ക്ക് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. സാമ്പത്തിക ഇടപാടുകള് നടത്താന് പൊതു വൈ-ഫൈ അല്ലെങ്കില് സുരക്ഷിതമല്ലാത്ത നെറ്റ്വര്ക്കുകള് ഉപയോഗിക്കുന്നത് ഒഴിവാക്കുക. കാരണം അവ തട്ടിപ്പുകാര്ക്ക് എളുപ്പത്തില് നിങ്ങളുടെ പണമിടപാടുകളിലേക്ക് കയറിച്ചെല്ലാന് വഴിതുറക്കുന്നു.

4. കാര്ഡ് വിവരങ്ങള് വെളിപ്പെടുത്താതിരിക്കുക: നിങ്ങളുടെ ക്രെഡിറ്റ് / ഡെബിറ്റ് കാര്ഡുകള്, ബാങ്ക് വിവരങ്ങള് എന്നിവയെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള് ആവശ്യപ്പെടുന്ന നിരവധി കോളുകള് / ഇ-മെയിലുകള് നിങ്ങള്ക്ക് ലഭിക്കുന്നുണ്ടാവാം. എത്ര തന്നെ വിശ്വസിപ്പിക്കാന് ശ്രമിച്ചാലും ബാങ്ക് അക്കൗണ്ട് നമ്പര്, കാര്ഡ് നമ്പര്, പിന്, സിവിവി, അല്ലെങ്കില് പാസ്വേഡ് എന്നിവ പോലുള്ള വിവരങ്ങള് പങ്കിടാതിരിക്കേണ്ടത് പ്രധാനമാണ്. മെയില് / കോളുകള് വഴി ഉപഭോക്തൃ വിശദാംശങ്ങള് തേടാന് ഒരു ബാങ്കിനോ ക്രെഡിറ്റ് കാര്ഡ് സ്ഥാപനത്തിനോ അധികാരമില്ല.

5. ആധികാരികത ഉറപ്പുവരുത്തുക : തട്ടിപ്പുകള്ക്ക് ഡെബിറ്റ് / ക്രെഡിറ്റ് കാര്ഡുകള് ഉപയോഗിക്കാന് കഴിയില്ലെന്ന് ഉറപ്പാക്കാനുള്ള മറ്റൊരു മാര്ഗം അതിന്റെ ആധികാരികത ഉറപ്പാക്കുക എന്നതാണ്. ഒരു സാമ്പത്തിക ഇടപാട് ആരംഭിക്കുമ്പോഴെല്ലാം നിങ്ങളുടെ രജിസ്റ്റര് ചെയ്ത മൊബൈല് നമ്പറിലേക്ക് ഒടിപി വരുന്നുണ്ടോ എന്ന് ഉറപ്പിക്കുകയാണ് ആധികാരികമായ മാര്ഗം.

6. എടിഎമ്മുകളില് സ്കിമ്മിംഗ് ഉപകരണങ്ങള് ഇല്ലെന്ന് ഉറപ്പു വരുത്തുക: എടിഎമ്മുകളില് നിന്ന് പണം പിന്വലിക്കാന് ഡെബിറ്റ് കാര്ഡ് ഉപയോഗിക്കുമ്പോള്, സ്കിമ്മിംഗ് ഉപകരണങ്ങള് ഉണ്ടോയെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക. കാര്ഡ് വിവരങ്ങള് മോഷ്ടിക്കപ്പെടാതിരിക്കാനും നിയമവിരുദ്ധ ഇടപാടുകള്ക്കായി ഉപയോഗിക്കാതിരിക്കാനും ഒരു ഇടപാട് നടത്തുന്നതിന് മുമ്പ് ഇത് ചെയ്യുന്നത് ഉചിതമാണ്. ഒരു സ്കിമ്മിംഗ് ഉപകരണം ഉപയോഗിച്ച് കാര്ഡ് റീഡര് വഴി നിങ്ങളുടെ കാര്ഡ് വിവരങ്ങള് ചോര്ത്താനാവും.

7. സുരക്ഷിതവും സുശക്തവുമായ പാസ്വേഡ് സജ്ജമാക്കുക: നിങ്ങളുടെ 4 അക്ക പിന് അല്ലെങ്കില് ഇന്റര്നെറ്റ് ബാങ്കിംഗ് പാസ്വേഡോ ബാങ്കുമായി ബന്ധപ്പെട്ടതേതുമാകട്ടെ, സുരക്ഷിതവും സുശക്തവും പ്രവചനാതീതവുമാണെന്ന് ഉറപ്പാക്കുക. ഇത് അനുയോജ്യഅക്കങ്ങളും അക്ഷരങ്ങളും സിമ്പലുകളും ചേര്ന്നതായിരിക്കണം. കൂടാതെ, ഇടയ്ക്കിടെ പാസ്വേഡുകള് മാറ്റുന്നതും സുരക്ഷിതത്വം ഉറപ്പു നല്കുന്നു.

8. അലേര്ട്ടുകള്ക്കായി രജിസ്റ്റര് ചെയ്യുക: ബാങ്ക് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ക്രെഡിറ്റ്, ഡെബിറ്റ് കാര്ഡ് ഇടപാടുകളില് മൊബൈല് അല്ലെങ്കില് ഇ-മെയില് അലേര്ട്ടുകള്ക്കായി എന്റോള് ചെയ്യുകയും ചെയ്യുക. കാര്ഡുകള് ഉപയോഗിച്ച് നടത്തുന്ന എല്ലാ ഇടപാടുകളുടെയും അപ്ഡേറ്റുകള് നിങ്ങള്ക്ക് ലഭിക്കുമെന്ന് ഇത് ഉറപ്പാക്കും.
ഇപിഎഫ് പലിശ ഉടൻ അക്കൗണ്ടിൽ ക്രെഡിറ്റാകും; പിഎഫ് ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ?

9. ഇടപാടുകളില് തട്ടിപ്പുനടക്കുകയോ, കാര്ഡുകള് നഷ്ടപ്പെടുകയോ ചെയ്താല് ഉടനടി റിപ്പോര്ട്ടുചെയ്യുക: അലേര്ട്ടുകള് തിരഞ്ഞെടുക്കുന്നതിലൂടെ ലഭിക്കുന്ന ഒരു നേട്ടം, നടത്തുന്ന ഇടപാടിനെക്കുറിച്ച് നിങ്ങള് ഉടനടി അറിയും എന്നതാണ്. ഇത് തട്ടിപ്പുകള് നടന്നയുടന് ബാങ്ക് / കാര്ഡ് നല്കുന്ന കമ്പനിയില് റിപ്പോര്ട്ടുചെയ്യുന്നതും ഇടപാടും കാര്ഡും തടയാന് അവരോട് ആവശ്യപ്പെടുന്നതും എളുപ്പമാക്കും.

കാര്ഡ് തട്ടിപ്പുകളുടെ എണ്ണം വര്ദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും, ഇതിന് തടയിടാനുള്ള ഒരു ശ്രമവും ബാങ്കിംഗ് മേഖലയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. നിലവിലുള്ള മാഗ്നറ്റിക് സ്ട്രൈപ്പ് പ്ലാസ്റ്റിക് കാര്ഡുകള്ക്ക് പകരം ഇഎംവി ചിപ്പ് ആന്ഡ് പിന് കാര്ഡുകള് നല്കണമെന്ന് റിസര്വ് ബാങ്ക് കഴിഞ്ഞ വര്ഷം ബാങ്കുകള്ക്ക് നിര്ദേശം നല്കി. ഇതിനുശേഷം പണം സംരക്ഷിക്കുന്നതിന് രജിസ്റ്റര് ചെയ്ത ഫോണുകളില് അപരിചിതരുമായി കാര്ഡ് വിവരങ്ങള് പങ്കിടാതിരിക്കുക എന്ന കാര്യം അച്ചടി മാധ്യമങ്ങള്, ടിവി പരസ്യങ്ങള് തുടങ്ങിയവയിലൂടെ ഉപഭോക്തക്കളെ ഓര്മ്മപ്പിക്കുക ശക്തമാക്കിയിരിക്കയാണ് ബാങ്കുകളിപ്പോള്.