വൈകാതെ ആമസോൺ വഴി ബസ്, ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. രാജ്യത്തെ ഓൺലൈൻ ഭീമനായ ആമസോൺ ബസ്, ട്രെയിൻ ടിക്കറ്റുകൾ വാങ്ങാൻ സൗകര്യമൊരുക്കുന്നു. ആമസോൺ പേ മാതൃകയിൽ പുതിയ പേയ്മെന്റ് അധിഷ്ഠിത ആപ്പ് വഴിയാകും ഇത് സാധ്യമാവുക. ഹോട്ടൽ റൂമുകൾ ബുക്ക് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കും. മൊബൈൽ ആപ്പിനൊപ്പം വെബ്‌സൈറ്റിൽ നിന്നും ഉപയോക്താക്കൾക്ക് പുതിയ സേവനങ്ങൾ ആമസോൺ ഉറപ്പുവരുത്തുമെന്നാണ് സൂചന. നിലവിൽ ക്ലിയർട്രിപ്പ് വഴി ഫ്ലൈറ്റ് ബുക്കിങ് സൗകര്യം ആമസോൺ നൽകുന്നുണ്ട്. സിനിമാ ടിക്കറ്റ് ബുക്കുകൾ ചെയ്യാൻ ബുക്ക് മൈ ഷോ വഴിയാണ് കമ്പനി അവസരമൊരുക്കുന്നത്.
ഈ നീക്കങ്ങൾ വിജയം കണ്ട സ്ഥിതിക്ക് ബസ്, ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ പിടിമുറുക്കാനാണ് ആമസോണിന്റെ തീരുമാനം. ഇതിനായി റെഡ്ബസുമായി കമ്പനി സഹകരിക്കും. പെയ്മെന്റ് സേവന രംഗത്ത് വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോൺപേയുമായാണ് ആമസോണിന്റെ പ്രധാന മത്സരം. പ്രചാരമേറിയ അൻപതിലേറെ ആപ്പുകളുമായി (യാത്ര, ഫുഡ് ഡെലിവറി ഉൾപ്പെടെ) ഫോൺപേയ്ക്ക് കരാറുണ്ട്. ഈ അവസരത്തിൽ ആമസോണിന്റെ കടന്നുവരവ് വിപണി ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ഫോൺപേയ്ക്ക് പുറമെ ഗൂഗിൾ പേയും ആമസോണിന് ശക്തമായ വെല്ലുവിളി ഉയർത്തും.
ജ്വല്ലറിക്കാർക്ക് മുട്ടൻ പണി, ജനുവരി ഒന്ന് മുതൽ സ്വർണത്തിന് ഹോൾമാർക്കിംഗ് നിർബന്ധം
മെട്രോ, മെട്രോ ഇതര സ്ഥലങ്ങളിലുള്ളവരെ സ്വന്തം പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരികയാണ് ആമസോണിന്റെ പ്രധാന ലക്ഷ്യം. നിലവിൽ മറ്റൊരു ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്പ്കാർട്ട് ഈ സൗകര്യങ്ങളെല്ലാം ഉപയോക്താക്കൾക്ക് ഉറപ്പുവരുത്തുന്നുണ്ട്. എന്തായാലും മത്സര രംഗത്തു നിന്നും മാറാൻ ആമസോൺ ഒരുക്കമല്ല. ഉപയോക്താക്കളെ ആകർഷിക്കാനായി ആമസോൺ വഴിയുള്ള ബുക്കിങ്ങുകൾക്ക് വർധിച്ച ആനുകൂല്യങ്ങൾ കമ്പനി പ്രഖ്യാപിക്കുമെന്നാണ് സൂചന.