ഉപ്പ്, കര്‍പ്പൂരം തൊട്ട് വിമാന ബിസിനസ് വരെയുള്ള ടാറ്റ ഇപ്പോള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള അന്വേഷണത്തിലാണ്. പുതിയ കാലത്ത് ഇലക്ട്രോണിക്‌സ് രംഗത്തും ചുവടുറപ്പിക്കാന്‍ ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നു. ഇപ്പോഴത്തെ ചൈനാവിരുദ്ധ വികാരം മുതലെടുത്ത് ആപ്പിളടക്കമുള്ള സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ടാറ്റയ്ക്ക് ഉദ്ദേശ്യമുണ്ട്. ഇതെങ്ങനെ സാധിക്കുമെന്ന സംശയമാണോ?

ഇന്ത്യയില്‍ ആപ്പിളിനായി ഐഫോണ്‍ നിര്‍മിക്കുന്ന മൂന്നു കമ്പനികളില്‍ ഒന്നിനെ വിലയ്‌ക്കെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തായ്‌വാന്‍ കമ്പനിയായ വിസ്‌ട്രോണ്‍ കോര്‍പ്പിന്റെ കര്‍ണാടകശാലയിലാണ് ടാറ്റയുടെ നോട്ടം. വിഷയത്തില്‍ ടാറ്റ ഗ്രൂപ്പ് വിസ്‌ട്രോണ്‍ കോര്‍പ്പുമായി ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു.
ഇന്ത്യയില്‍ ഒരൊറ്റ ശാല മാത്രമാണ് വിസ്‌ട്രോണിനുള്ളത്. 4,000-5,000 കോടി രൂപയ്ക്ക് വിസ്‌ട്രോണിന്റെ ഈ ശാല വാങ്ങുകയാണ് ടാറ്റ ഗ്രൂപ്പിന്റെ ലക്ഷ്യവും. ഏറ്റെടുക്കല്‍ നടന്നാല്‍ ടാറ്റ ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ടിഇപിഎല്‍) മുഖംതന്നെ മാറ്റാന്‍ ടാറ്റ ഗ്രൂപ്പിന് സാധിക്കും. നിലവില്‍ ടാറ്റ സണ്‍സിന് കീഴിലാണ് ടാറ്റ ഇലക്ട്രോണിക്‌സ് പ്രവര്‍ത്തിക്കുന്നത്.
മൊബൈല്‍ ഫോണുകളുടെയും ഘടകങ്ങളുടെയും കരാര്‍ നിര്‍മാണത്തിനായി സ്ഥാപിച്ച ടാറ്റ ഇലക്ട്രോണിക്‌സിന് ചൈനയില്‍ നിന്നും കൂടുമാറുന്ന ആഗോള സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് ടാറ്റ ഗ്രൂപ്പ് കരുതുന്നു. നേരത്തെ, വിസ്‌ട്രോണുമായി സഹകരിച്ച് ഇലക്ട്രോണിക്‌സ് നിര്‍മാണ രംഗത്ത് പിടിമുറുക്കാനായിരുന്നു ടാറ്റ കരുനീക്കിയത്. എന്നാല്‍ ഇപ്പോള്‍, ഈ മേഖലയില്‍ ഒറ്റയ്ക്ക് മുന്നേറാനുള്ള ആലോചനയിലാണ് കമ്പനി. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ നരസപുരയിലാണ് വിസ്‌ട്രോണിന്റെ ശാലയിലുള്ളത്. തമിഴ്‌നാട്ടിലെ ഹോസൂരില്‍ ടാറ്റ ഇലക്ട്രോണിക്‌സിനും ശാലയുണ്ട്.
ആപ്പിള്‍ ഇന്ത്യയില്‍
ഇന്ത്യയില്‍ മൂന്നു കമ്പനികളാണ് ആപ്പിളിനായി ഐഫോണുകള്‍ നിര്‍മിക്കുന്നത്. ഫോക്‌സ്‌കോണ്‍, പെഗാട്രണ്‍, വിസ്‌ട്രോണ്‍ കമ്പനികള്‍ ഇതില്‍പ്പെടും. മുന്‍പ്, മറ്റൊരു ചൈനീസ് കമ്പനിയായ ലക്ഷെയറും ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണത്തിന് ഇറങ്ങിപ്പുറപ്പെട്ടിരുന്നു. എന്നാല്‍ കമ്പനിയുടെ പ്രവര്‍ത്തനത്തിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ല.
ആഗോള നിക്ഷേപക സ്ഥാപനമായ ജെപി മോര്‍ഗന്റെ റിപ്പോര്‍ട്ട് പ്രകാരം 2025 ഓടെ ഐഫോണുകളുടെ 25 ശതമാനം ഉത്പാദനം ഇന്ത്യയില്‍ നിന്നുമാക്കാനാണ് ആപ്പിളിന്റെ ലക്ഷ്യം. നിലവില്‍ ചൈനീസ് ശാലകളില്‍ ആപ്പിളിന് അമിതാശ്രയത്വമുണ്ട്. ഈ സാഹചര്യത്തില്‍ 2022 ഓടെ തന്നെ ഐഫോണുകളുടെ 5 ശതമാനം ഉത്പാദനം ഇന്ത്യയില്‍ നിന്നാക്കുകയാണ് ആപ്പിളിന്റെ പ്രാഥമിക ലക്ഷ്യം.
കഴിഞ്ഞവാരം ഐഫോണ്‍ നഗരമെന്ന് അറിയപ്പെടുന്ന ഷെങ്‌സൂവില്‍ ചൈനീസ് അധികൃതര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വന്‍നഷ്ടമാണ് ആപ്പിളിന് സംഭവിച്ചത്. അഞ്ച് ദിവസം നീണ്ട ലോക്ക്ഡൗണിനെത്തുടര്‍ന്ന് ആപ്പിളിന് ഏകദേശം 1 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന നഷ്ടം സംഭവിച്ചെന്ന് കരുതുന്നു. ഐഫോണ്‍ 14 പ്രോ, 14 പ്രോ മാക്‌സ് മോഡലുകളുടെ നിര്‍മാണമാണ് സാരമായി ബാധിച്ചത്.