കൊച്ചി: പ്രമുഖ ടൂ-ത്രീ വീലര്‍ ഉല്‍പ്പാദകരായ ടിവിഎസ് മോട്ടോര്‍ കമ്പനി എല്ലാ ജീവനക്കാര്‍ക്കും തൊട്ടടുത്ത കുടുംബാംഗങ്ങള്‍ക്കും സൗജന്യ കോവിഡ് വാക്സിനേഷന്‍ ലഭ്യമാക്കുന്നു. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള കുത്തിവയ്പ്പ് നേരിട്ടും പരോക്ഷമായും രാജ്യത്തുടനീളമുള്ള 35,000 ജീവനക്കാര്‍ക്ക് ഉപകാരപ്രദമാകും. ആദ്യ ഘട്ടത്തില്‍ 60 വയസിനു മുകളിലൂള്ള ജീവനക്കാര്‍ക്കും 45 വയസിനു മുകളിലുള്ള മറ്റു രോഗ ബാധിതര്‍ക്കുമായിരിക്കും കുത്തിവയ്പ്പ് നല്‍കുക.
ടിവിഎസ് കമ്പനി ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നുവെന്നും പകര്‍ച്ചവ്യാധിയുടെ കാലത്ത് ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഡോക്ടര്‍ ഓണ്‍കോള്‍, ആരോഗ്യ ബോധവല്‍ക്കരണം തുടങ്ങിയ പരിപാടികളിലൂടെ ആവശ്യമായ പിന്തുണ കമ്പനി നല്‍കി പോന്നിരുന്നുവെന്നും കുത്തിവയ്പ്പിലൂടെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യ പരിരക്ഷയിലുള്ള ഉത്തരവാദിത്വം തുടരുമെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി ഹ്യൂമണ്‍ റിസോഴ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആര്‍. അനന്തകൃഷ്ണന്‍ പറഞ്ഞു.
നേരത്തെ, റിലയൻസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, ആക്സെഞ്ചർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവരും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ജീവനക്കാർക്കും അവരുടെ ആശ്രിതർക്കുമുള്ള വാക്സിനേഷൻ ചെലവ് വഹിക്കുന്നുണ്ട്. റിലയൻസിൽ കമ്പനിയുടെ ഓയിൽ, കെമിക്കൽ, റീട്ടെയിൽ യൂണിറ്റ്, ടെലികോം വിഭാഗം ജിയോ, അവരുടെ രജിസ്റ്റർ ചെയ്യപ്പെട്ട ആശ്രിതർ എന്നിവർക്കാണ് ഇതോടെ വാക്സിൻ പരിരക്ഷ ലഭിക്കുക.
ഇന്ത്യയിൽ 60 വയസ്സിനും 45 വയസ്സിനും മുകളിലുള്ളവർക്ക് രണ്ടാംഘട്ടത്തിൽ വാക്സിൻ നൽകി വരുന്നതിനിടെയാണ് കമ്പനികളുടെ പ്രഖ്യാപനം. സർക്കാർ ആശുപത്രികളിൽ സൌജന്യമായി വാക്സിനേഷൻ നൽകി വരുന്നുണ്ടെങ്കിലും സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 250 രൂപാനിരക്കിൽ വാക്സിൻ നൽകാമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.