ഒമിക്രോണ്‍ ഭീതി; ലോകവ്യാപാര സംഘടനയുടെ നിര്‍ണായക യോഗം മാറ്റി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ കോവിഡ് വകഭേദം ഒമിക്രോണ്‍ ഉയര്‍ത്തുന്ന ഭീഷണി മുന്‍നിര്‍ത്തി ലോകവ്യാപാര സംഘടനയുടെ ഉന്നതതലയോഗം അവസാന നിമിഷം മാറ്റിവെച്ചു. ജനീവയിലായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. മത്സ്യബന്ധന സബ്‌സിഡി പോലുള്ള നിരവധി പ്രശ്‌നങ്ങള്‍ക്ക് സമവായം കണ്ടെത്താനാകുമെന്ന പ്രതീക്ഷയ്ക്കിടെയാണ് നാലുദിന യോഗം മാറ്റിവെയ്ക്കപ്പെടുന്നത്. നവംബര്‍ ഒന്‍പതിന് ദക്ഷിണാഫ്രിക്കയിലാണ് കോവിഡിന്റെ പുതിയ ഒമിക്രോണ്‍ വകഭേദത്തെ ആദ്യമായി കണ്ടെത്തുന്നത്. ഇതോടെ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ എല്ലാം നിലച്ചു.

 
ഒമിക്രോണ്‍ ഭീതി; ലോകവ്യാപാര സംഘടനയുടെ നിര്‍ണായക യോഗം മാറ്റി

പുതിയ കോവിഡ് വകഭേദം ആഗോള ഓഹരി വിപണികളില്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. എണ്ണവിലയും കുത്തനെ ഇടിഞ്ഞത് കാണാം. ആദ്യ രണ്ട് കോവിഡ് തരംഗങ്ങളുടെ ക്ഷീണത്തില്‍ നിന്നും സമ്പദ്ഘടനകള്‍ സാവധാനം വിട്ടുണരവെയാണ് പുതിയ പ്രതിസന്ധിയുടെ കടന്നുവരവ്. ലോകവ്യാപാര സംഘടന നിശ്ചയിച്ചിരുന്ന യോഗം മാറ്റിവെച്ചതായി ഡബ്ല്യുടിഓ ഡെപ്യുട്ടി ഡയറക്ടര്‍ ജനറല്‍ അനബേല്‍ ഗോണ്‍സാലസാണ് അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ആദ്യ കോവിഡ് തരംഗത്തെ തുടര്‍ന്ന് ഈ യോഗം ഒരുതവണ മാറ്റിവെച്ചിരുന്നു. 2020 ജൂണില്‍ കസാക്കിസ്താന്റെ തലസ്ഥാനമായ നൂര്‍ സുല്‍ത്താനിലായിരുന്നു യോഗം നടക്കേണ്ടിയിരുന്നത്.

ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും ലോകവ്യാപാര സംഘടന ഉന്നതതലയോഗം നടക്കാറുണ്ട്. ഇത്തവണ നൂറിലേറെ മന്ത്രിമാര്‍, രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പെടെ 4,000 -ത്തോളം പ്രതിനിധികള്‍ ജനീവ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ലോകവ്യാപാര സംഘടനയുടെ ആസ്ഥാനവും ജനീവയാണ്. മുന്‍ നൈജീരിയന്‍ വിദേശകാര്യമന്ത്രി എന്‍ഗോസി ഓകാഞ്ചോ ഐവേല മാര്‍ച്ചില്‍ ഡയറക്ടര്‍ ജനറല്‍ പദവിയേറ്റതിന് ശേഷമുള്ള ലോകവ്യാപാര സംഘടനയുടെ ആദ്യ നിര്‍ണായക യോഗമാണ് നടക്കാനിരിക്കുന്നത്. സംഘടനയുടെ തലപ്പത്തേക്ക് വരുന്ന ആദ്യ ആഫ്രിക്കന്‍ പൗരയും ആദ്യ വനിതയുമാണ് ഇവര്‍.

മത്സ്യബന്ധ സബ്‌സിഡികള്‍, കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് തടസമാകുന്ന വ്യാപാര നിബന്ധനകള്‍ തുടങ്ങിയ നിരവധി അടിയന്തര വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. കോവിഡ് വാക്‌സിനുകള്‍ക്കും മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുമുള്ള ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിന് താത്കാലികമായി ഇളവ് നല്‍കാന്‍ ലോകവ്യാപാര സംഘടന ആഹ്വാനം ചെയ്യാനിരിക്കെയാണ് യോഗം മാറ്റിവെയ്ക്കപ്പെടുന്നത്. ഇപ്പോഴുള്ള കോവിഡ് പ്രതിസന്ധി കൂടാതെ ലോകവ്യാപാര സംഘടന നേരിട്ടുകൊണ്ടിരിക്കുന്ന മറ്റു പ്രതിസന്ധികള്‍ക്കും സമവായം കണ്ടെത്താന്‍ യോഗം ലക്ഷ്യമിടുന്നുണ്ട്.

ഇന്ത്യയിലും ഒമിക്രോണിനെതിരെ പ്രതിരോധന നടപടികള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ശനിയാഴ്ച്ച ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുച്ചേര്‍ത്തിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗത്തിന് കാരണമായ ഡെല്‍റ്റ വകഭേദത്തെക്കാള്‍ വിനാശകാരിയാണ് ഒമിക്രോണ്‍ എന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ദക്ഷിണാഫ്രിക്കയടക്കം ഏഴു ദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് അമേരിക്കയടക്കം നിരവധി രാജ്യങ്ങള്‍ വിലക്ക് പ്രഖ്യാപിച്ചുകഴിഞ്ഞു. ബോട്‌സ്വാന, ബെല്‍ജിയം, ഹോങ്കോങ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലും ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.

Read more about: covid 19
English summary

WTO Postpones 12th Ministerial Conference Amid New Omicron Variant Scare

WTO Postpones 12th Ministerial Conference Amid New Omicron Variant Scare. Read in Malayalam.
Story first published: Saturday, November 27, 2021, 11:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X