1 ലക്ഷം രൂപ സമ്പാദ്യം 5.5 ലക്ഷം രൂപയാക്കി മാറ്റാം, 10 വര്‍ഷം കൊണ്ട് — അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പാദ്യം എങ്ങനെ വര്‍ധിപ്പിക്കാം? പണം ബാങ്ക് അക്കൗണ്ടില്‍ കിടന്നതുകൊണ്ട് തുച്ഛമായ പലിശ വരുമാനം മാത്രമേ ലഭിക്കുകയുള്ളൂ. കയ്യിലുള്ള പണം സ്ഥിര നിക്ഷേപമായി ഇടുകയാണ് മിക്കവരും പിന്തുടരാറുള്ള ഒരു മാര്‍ഗം. ബാങ്കിലെ ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ക്ക് സുരക്ഷിതത്വമുണ്ട്. പൈസ എവിടെയും നഷ്ടമാകില്ല. എന്നാല്‍ റിസ്‌ക് കുറഞ്ഞ സമ്പാദ്യരീതികളില്‍ റിട്ടേണ്‍ നന്നെ കുറവായിരിക്കും. ഇവിടെയാണ് ഓഹരിയധിഷ്ഠിത സമ്പാദ്യ പദ്ധതികള്‍ക്ക് (ഇഎല്‍എസ്എസ്) പ്രസക്തി കൂടുന്നത്.

 

ഇഎൽഎസ്എസ് നിക്ഷേപം

നികുതി ലാഭിക്കാനുള്ള പ്രധാന മാര്‍ഗങ്ങളില്‍ ഒന്നാണ് ഇഎല്‍എസ്എസ്. പേരു സൂചിപ്പിക്കുന്നതുപോലെ ഇക്വിറ്റി ഫണ്ടുകളാണിവ. ദീര്‍ഘകാലത്തേക്കുള്ള എഎല്‍എസ്എസ് നിക്ഷേപങ്ങള്‍ നിക്ഷേപകന് ഉയര്‍ന്ന സമ്പത്താണ് തിരിച്ചുനല്‍കാറ്. മൂന്നു വര്‍ഷത്തെ നിര്‍ബന്ധിത ലോക്ക് ഇന്‍ കാലാവധി ഓഹരിയധിഷ്ഠിത നിക്ഷേപ പദ്ധതികള്‍ക്കുണ്ട്. ആദായനികുതി നിയമം 80സി വകുപ്പ് പ്രകാരം പരമാവധി ഒന്നരലക്ഷം രൂപ വരെ പ്രതിവര്‍ഷം നികുതി ലാഭിക്കാനും ഇഎല്‍എസ്എസ് നിക്ഷേപം വഴിയൊരുക്കും.

നികുതി

ഇഎല്‍എസ്എസ് പദ്ധതികള്‍ക്ക് പരമാവധി നിക്ഷേപ പരിധിയില്ല. എന്നാല്‍ ഒന്നരലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് മാത്രമേ നികുതിയിളവ് ലഭിക്കുകയുള്ളൂ. ഇതേസമയം, പ്രതിവര്‍ഷം ഇഎല്‍എസ്എസില്‍ നിന്നുള്ള ദീര്‍ഘകാല മൂലധന നേട്ടം 1 ലക്ഷം രൂപയില്‍ കൂടുതലെങ്കില്‍ നിക്ഷേപകന്‍ 10 ശതമാനം നികുതിയൊടുക്കാന്‍ ബാധ്യസ്തനാണ്. എന്നാല്‍ ഭേദപ്പെട്ട നേട്ടമാണ് പദ്ധതിയില്‍ നിന്നും ലഭിക്കുന്നതെങ്കില്‍ 10 ശതമാനം നികുതി വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കില്ല.

ശരാശരി റിട്ടേൺ

നിലവില്‍ സെന്‍സെക്‌സും നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലാണ് ഇടപാടുകള്‍ നടത്തുന്നത്. ഈ സാഹചര്യം ഇഎല്‍എസ്എസ് ഫണ്ടുകളുടെ റിട്ടേണ്‍ കൂടുതല്‍ ആകര്‍ഷമാക്കും. പ്രമുഖ മ്യൂച്വല്‍ ഫണ്ട് ഗവേഷണ വെബ്‌സൈറ്റായ വാല്യൂ റിസര്‍ച്ചിന്റെ പഠനത്തില്‍ ഇഎല്‍എസ്എസ് ഫണ്ടുകളുടെ 10 വര്‍ഷത്തെ റിട്ടേണ്‍ ശരാശരി 13.35 ശതമാനത്തിലാണ് ഇപ്പോഴുള്ളത് (ഫെബ്രുവരിയിലെ കണക്കുപ്രകാരം).

അതായത്, 2011 ഫെബ്രുവരിയില്‍ 1 ലക്ഷം രൂപ ഇഎല്‍എസ്എസ് ഫണ്ടില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ 2021 -ല്‍ ആ സമ്പാദ്യം 3.5 ലക്ഷത്തിന് മുകളില്‍ എത്തിയേനെ.

നിക്ഷേപം തുടരണം

ഫിക്‌സഡ് ഡിപ്പോസിറ്റുകളുടെ ഇടിയുന്ന പലിശ നിരക്കും 80സി വകുപ്പു പ്രകാരമുള്ള ആദായനികുതി ഇളവുകളും മുന്‍നിര്‍ത്തി ഓഹരിയധിഷ്ഠിത സമ്പാദ്യ പദ്ധതികള്‍ ഓരോ നിക്ഷേപകന്റെ പോര്‍ട്ട്‌ഫോളിയോയില്‍ നിര്‍ണായകമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

ഇഎല്‍എസ്എസ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലൂടെ നികുതി മാത്രമല്ല ലാഭിക്കുന്നത്, നിക്ഷേപന് വളരെ ഉയര്‍ന്ന നേട്ടവും കൈപ്പിടിയിലാക്കാന്‍ സാധിക്കും. മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കില്‍ ലോക്ക് ഇന്‍ കാലാവധി കഴിഞ്ഞാലും ഇഎല്‍എസ്എസ് ഫണ്ട് വിറ്റുകളയാതെ നിക്ഷേപം തുടരണം.

ഫ്ളെക്സി ക്യാപ് തന്ത്രം

ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മറ്റു ഇക്വിറ്റി ഫണ്ടുകളെന്ന പോലെ ഇഎല്‍എസ്എസ് പദ്ധതിയും നിങ്ങളെ സഹായിക്കും. ഫ്‌ളെക്‌സി ക്യാപ് തന്ത്രമാണ് മിക്ക ഇഎല്‍എസ്എസ് ഫണ്ടുകളും പിന്തുടരുന്നത്. ഇവിടെ ഫണ്ട് മാനേജരുടെ യുക്തിക്കനുസരിച്ച് നിക്ഷേപം വൈവിധ്യവത്കരിക്കപ്പെടും.

ഇഎല്‍എസ്എസ് ഫണ്ടുകളുടെ 10 വര്‍ഷത്തെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് 13.35 ശതമാനമെങ്കിലും 15 ശതമാനത്തിന് മുകളില്‍ സംയുക്ത വാര്‍ഷിക വളര്‍ച്ച കുറിക്കുന്ന നിരവധി ഇഎല്‍എസ്എസ് ഫണ്ടുകള്‍ ഇന്ന് വിപണിയിലുണ്ട്.

15 ശതമാനത്തിന് മുകളിലും റിട്ടേൺ

അതായത് 1 ലക്ഷം രൂപ നിക്ഷേപം 10 വര്‍ഷം കൊണ്ട് 4 ലക്ഷം രൂപയ്ക്ക് മുകളിലായി വര്‍ധിപ്പിക്കാന്‍ കഴിയുന്ന ഫണ്ടുകളും നിങ്ങള്‍ക്ക് മുന്നിലുണ്ട്. ഈ അവസരത്തില്‍ 10 വര്‍ഷം കാലാവധി കൊണ്ട് 15 ശതമാനത്തിന് മുകളില്‍ നേട്ടം സമര്‍പ്പിക്കുന്ന ഇഎല്‍എസ്എസ് ഫണ്ടുകള്‍ ഏതെല്ലാമെന്ന് ചുവടെ അറിയാം.

ഫണ്ട്ആസ്തി2 വർഷത്തെ സംയുക്ത വാർഷികവളർച്ച5 വർഷത്തെ സംയുക്ത വാർഷികവളർച്ച 10 വർഷത്തെ സംയുക്ത വാർഷികവളർച്ച 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ (2011 ഫെബ്രുവരി)
ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട് 27,181 കോടി രൂപ 15.40 ശതമാനം 16.75 ശതമാനം 18.64 ശതമാനം 5,53,204 രൂപ
ഇൻവെസ്കോ ഇന്ത്യാ ടാക്സ് പ്ലാൻ 1,377 കോടി രൂപ 12.47 ശതമാനം 16.58 ശതമാനം 15.69 ശതമാനം 4,29,890 രൂപ
ഡിഎസ്പി ടാക്സ് സേവർ ഫണ്ട് 7,332 കോടി രൂപ 11.82 ശതമാനം 17.64 ശതമാനം 15.43 ശതമാനം 4,20,492 രൂപ
ബിഎൻപി പാരിബാസ് ലോങ് ടേം ഇക്വിറ്റി ഫണ്ട് 476 കോടി രൂപ 11.63 ശതമാനം 14.23 ശതമാനം 15.28 ശതമാനം 4,15,129 രൂപ
ഐഡിഎഫ്സി ടാക്സ് അഡ്വാന്റേജ് ഫണ്ട് 2,678 കോടി രൂപ 8.38 ശതമാനം 16.74 ശതമാനം 15.05 ശതമാനം 4,06,705 രൂപ

ഈ വിഭാഗത്തില്‍ മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകളില്‍ ഒന്നാണ് ആക്‌സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട്. ആക്‌സിസ് മ്യൂച്വല്‍ ഫണ്ടിന്റെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയാണിത്. 10 വര്‍ഷത്തെ കാലാവധിയില്‍ 18.64 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കുറിക്കാന്‍ ഫണ്ടിന് സാധിച്ചിട്ടുണ്ട്.

അതായത് 10 വര്‍ഷം മുന്‍പ് ഈ ഫണ്ടില്‍ 1 ലക്ഷം രൂപ ഇട്ടിരുന്നെങ്കില്‍ ഇപ്പോള്‍ സമ്പാദ്യം 5.53 ലക്ഷം രൂപയായേനെ. സമാനമായി ഇന്‍വെസ്‌കോ ഇന്ത്യ ടാക്‌സ് പ്ലാന്‍, ഡിഎസ്പി ടാക്‌സ് സേവര്‍ ഫണ്ട്, ബിഎന്‍പി പാരിബാസ് ലോങ് ടേം ഇക്വിറ്റി ഫണ്ട്, ഐഡിഎഫ്‌സി ടാക്‌സ് അഡ്വാന്റേജ് ഫണ്ട് എന്നിവയും 10 വര്‍ഷം കൊണ്ട് 15 ശതമാനത്തിന് മുകളില്‍ വളര്‍ച്ചാ നിരക്ക് കുറിച്ചിട്ടുണ്ട്.

പ്രസ്തുത ലേഖനം ഒരു മ്യൂച്വല്‍ ഫണ്ടിന്റെയും പരസ്യ കാമ്പയിന്റെ ഭാഗമായുള്ളതല്ല. ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: elss investment smart investment
English summary

How To Utilize ELSS Investment Plans: Increase To Rs 5.5 Lakh From Rs 1 Lakh Within 10 Years

How To Utilize ELSS Investment Plans: Increase To Rs 5.5 Lakh From Rs 1 Lakh Within 10 Years. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X