പൂര്‍ണമായും നിര്‍മ്മിച്ച കളര്‍ ടെലവിഷന്‍ സെറ്റുകളുടെ ഇറക്കുമതി നിരോധിച്ച് ഒരു ദിവസത്തിനുശേഷം, ആഭ്യന്തര സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കുള്ള പദ്ധതിയ്ക്ക് അനുസൃതമായി രാജ്യത്തെ ടെലിവിഷന്‍ നിര്‍മ്മാണത്തിന് ആനുകൂല്യങ്ങള്‍ നല്‍കാനുള്ള പദ്ധതിയെ സംബന്ധിച്ച് സര്‍ക്കാര്‍ വെള്ളിയാഴ്ച സൂചന നല്‍കി. 'ടെലിവിഷനുകള്‍ക്കായുള്ള ഫേസ്ഡ് മാനുഫാക്ചറിംഗ് പ്രോഗ്രാം (പിഎംപി) നടക്കുന്നുണ്ട്. ഇതിനായി ഓപ്പണ്‍ സെല്‍, ഫിലിമുകളിലെ ചിപ്പുകള്‍, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ്‌സ് അസംബ്ലി (പിസിബിഎ) തുടങ്ങിയ നിര്‍ദിഷ്ട ഭാഗങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതിനാല്‍, വ്യവസായത്തിന് ആഭ്യന്തര ഉല്‍പാദനങ്ങിലേക്ക് നീങ്ങാന്‍ കഴിയും. മാത്രമല്ല, ഉപയോക്താക്കള്‍ക്ക് വിലക്കയറ്റം നേരിടേണ്ടി വരികയുമില്ല,' വാണിജ്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
പിഎംപിയ്‌ക്കൊപ്പം ഇന്ത്യയിലെ ടെലിവിഷന്‍ സെറ്റുകള്‍ക്കും ഘടകങ്ങള്‍ക്കുമായുള്ള ഉല്‍പാദന ആവാസവ്യവസ്ഥയെ കൂടുതല്‍ ആഴത്തിലാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഓപ്പണ്‍ സെല്‍ അല്ലെങ്കില്‍ ടെലിവിഷന്‍ പാനല്‍, പിസിബിഎ എന്നിവയാണ് രാജ്യത്ത് അസംബ്ള്‍ ചെയ്യുന്നതിനായി ഇറക്കുമതി ചെയ്യുന്ന ടിവി സെറ്റുകളുടെ മറ്റ് രണ്ട് പ്രധാന ഘടകങ്ങള്‍. ഏകദേശം 25,000 കോടി രൂപയുടെ വ്യാപാരം നടക്കുന്നതാണ് ഇന്ത്യയിലെ ടെലിവിഷന്‍ വിപണി. അതില്‍ 30 ശതമാനവും ചൈനയില്‍ നിന്നും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിയാണ്. ബാക്കിയുള്ള രാജ്യത്ത് തന്നെ അസംബ്ള്‍(കൂട്ടിച്ചേര്‍ക്കുന്നു) ചെയ്യുന്നു.
മൊറട്ടോറിയം നീട്ടുന്നതുമായി ബന്ധപ്പെട്ട് റിസര്വ് ബാങ്കുമായി ചര്ച്ചയില്: നിര്മ്മല സീതാരാമന്
എല്‍ജി, സോണി, സാംസങ്, ഷവോമി തുടങ്ങിയ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ടിവി സെറ്റുകള്‍ അസംബ്ള്‍ ചെയ്യുന്നു. രാജ്യത്തെ വിപണി വിഹിതത്തിന്റെ 70 ശതമാനവും ഇവരുടെ പക്കലാണ്, ബാക്കിയുള്ള വിപണി വിഹിതം ചെറിയ കമ്പനികളുടെ പക്കലും. മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ 781 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കളര്‍ ടിവി സെറ്റുകളാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. ഇവയില്‍ മിക്കതും വിയറ്റ്‌നാം (428 ദശലക്ഷം ഡോളര്‍), ചൈന (292 ദശലക്ഷം ഡോളര്‍) എന്നിവിടങ്ങളില്‍ നിന്നാണ്. പ്രധാന ബ്രാന്‍ഡുകള്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ വിലയുള്ള പ്രീമിയം ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഇറക്കുമതി ചെയ്യുന്നുള്ളൂ. മറ്റ് ഇറക്കുമതികള്‍ കൂടുതലും വിലകുറഞ്ഞ ബ്രാന്‍ഡുകളുടേതാണ്. സര്‍ക്കാരിന്റെ നീക്കം ചൈനയില്‍ നിന്നുള്ള അനിവാര്യമില്ലാത്ത ഇറക്കുമതി ലക്ഷ്യമിടുന്നതായി പലരും വിലയിരുത്തുന്നുണ്ടെങ്കിലും, 2018 -ല്‍ മി ടിവികള്‍ ആരംഭിച്ചതുമുതല്‍ ഇന്ത്യയില്‍ സ്മാര്‍ട് ടിവികള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് അറിയിച്ചുകൊണ്ട് ഷവോമി സര്‍ക്കാര്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.