മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായതിന് പിറകെ സ്വര്‍ണവിലയിലും വലിയ വര്‍ദ്ധനയാണ് ഉണ്ടായത്. ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണവിലയും ഇതിനിടെ രേഖപ്പെടുത്തപ്പെട്ടു. എന്നാല്‍ പിന്നീട് സ്വര്‍ണ വില ഇടിയുന്ന കാഴ്ചയും കണ്ടു.
കൊവിഡിനേയും കൊവിഡ് വാക്‌സിനേയും അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇനിയുള്ള സ്വര്‍ണവില എന്നായിരുന്നു വിലയിരുത്തല്‍. വാക്‌സിന്‍ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ സ്വര്‍ണവില കുത്തനെ ഇടിയുമെന്നും പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

ഫൈസര്‍ വാക്‌സിന്‍
ഫൈസര്‍ വാക്‌സിന് ബ്രിട്ടന്‍ അനുമതി നല്‍കിയത് അടുത്തിടെയായിരുന്നു. കൊവിഡ് പ്രതിരോധത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവം ആയിരുന്നു അത്. അതോടെ സ്വര്‍ണ വില ഇടിയാന്‍ തുടങ്ങുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തലുകള്‍.

കുറയുന്നില്ല, കൂടുന്നു
എന്നാല്‍ സ്വര്‍ണ വില കുത്തനെ ഇടിഞ്ഞില്ല എന്ന് മാത്രമല്ല, കൂടിക്കൊണ്ടിരിക്കുകയും ആണ്. വെള്ളിയാഴ്ച കേരളത്തില്‍ പവന് 160 രൂപയാണ് കൂടിയത്. നാല് ദിവസം കൊണ്ട് ഒരു പവന് (8 ഗ്രാം) 1,120 രൂപയാണ് കൂടിയാണ്. ഇത് തന്നെയാണ് അത്ഭുതപ്പെടുത്തുന്നത്.

വാക്‌സിന്‍ വന്നാല്‍
കൊവിഡ് കാലത്ത് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതായിരുന്നു വില വര്‍ദ്ധനയ്ക്കുള്ള കാരണം. വാക്‌സിന്‍ വിജയസാധ്യതകള്‍ വന്നപ്പോള്‍ തന്നെ അത് സ്വര്‍ണ വിലയില്‍ പ്രകടമാവുകയും ചെയ്തു. ഒടുവില്‍ ഒരു വാക്‌സിന്‍ ജനങ്ങളില്‍ പ്രയോഗിക്കാന്‍ തീരുമാനിച്ചപ്പോള്‍ എങ്ങനെ സ്വര്‍ണ വില കൂടി എന്നാണ് സംശയം.

ഡോളര്‍ ചതിച്ചു
ഡോളര്‍ ദുര്‍ബ്ബലപ്പെട്ടതാണ് സ്വര്‍ണ വിലയെ ഇപ്പോള്‍ സഹായിച്ചിരിക്കുന്നത് എന്നാണ് ഒരു വിലയിരുത്തല്‍. അതുപോലെ തന്നെ യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതും ഒരു കാരണമാണ്. കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ സാമ്പത്തിക മേഖലയിലെ തളര്‍ച്ച കൂടുകയാണ്. അപ്പോള്‍ സുരക്ഷിത നിക്ഷേപത്തിന്റെ പരിഗണന സ്വര്‍ണത്തിന് വീണ്ടും ലഭിക്കുകയും ചെയ്തു.

യുഎസ് സ്റ്റിമുലസ് പാക്കേജ്
അമേരിക്കയിലെ ഉത്തേജക പാക്കേജും സ്വര്‍ണ വിലയെ സ്വാധീനിച്ചിട്ടുണ്ട്. 908 ബില്യണ്‍ ഡോളറിന്റെ ഉത്തേജക പാക്കേജ് പാസാക്കാന്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ യുഎസ് സെനറ്റിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവിലയ്ക്ക് കാരണമായി കണക്കാക്കുന്നത്.

എണ്ണവിപണി
എന്തായാലും ആഗോള തലത്തില്‍ അസംസ്‌കൃത എണ്ണ വിലയിലും കുതിപ്പ് തുടരുന്നു എന്നതാണ് പ്രതീക്ഷ നല്‍കുന്ന മറ്റൊരു കാര്യം. തുടര്‍ച്ചയായി അഞ്ചാമത്തെ ആഴ്ചയിലും അസംസ്‌കൃത എണ്ണവിപണി നേട്ടമുണ്ടാക്കുന്നു എന്നതാണ് വാര്‍ത്ത. ബ്രെന്റ് ബാരലിന് 1.04 ഡോളര്‍ ഉയര്‍ന്ന് 49.75 ഡോളര്‍ ആയി. കൊവിഡ് വ്യാപനം ഏറ്റവും അധികം തിരിച്ചടി സൃഷ്ടിച്ചത് എണ്ണവിപണിയ്ക്ക് ആയിരുന്നു. എണ്ണവിപണി തിരിച്ചെത്തുന്നതോടെ സ്വര്‍ണ വില താഴേക്ക് പോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.