വൊഡാഫോൺ ഐഡിയ, എയർടെൽ എന്നിവയ്ക്ക് പിന്നാലെ വെള്ളിയാഴ്ച്ച മുതൽ റിലയൻസ് ജിയോയും കോൾ, ഡാറ്റാ താരിഫുകൾ വർദ്ധിപ്പിക്കും. എന്നാൽ ജിയോ സേവനങ്ങൾ ലഭിക്കുന്നതിന് കൂടുതൽ പണം നൽകാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ ഇതാ കമ്പനി ഉപഭോക്താക്കൾക്കായി പുതിയ വാഗ്ദാനവുമായി രംഗത്ത്. ജിയോയുടെ അഡ്വാൻസ് റീചാർജ് പ്ലാനുകളുടെ സഹായത്തോടെ നിങ്ങൾക്ക് ഒരു വർഷത്തേക്ക് താരിഫ് വർദ്ധനവിൽ നിന്ന് രക്ഷപെടാനാകും. എങ്ങനെയെന്ന് നോക്കാം.

ഡിസംബർ ആറിന് മുമ്പ്
ഡിസംബർ 6 മുതൽ നിരക്കുകൾ 40% വരെ ഉയരുന്നതിന് മുമ്പ് പഴയ റീചാർജ് പ്ലാനുകളുടെ മുഴുവൻ ആനുകൂല്യങ്ങളും നേടാനാണ് ജിയോ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബർ 6ന് മുമ്പ് റീചാർജ് ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ നിലവിലെ പ്ലാനിന്റെ സാധുത കാലഹരണപ്പെട്ടതിനുശേഷം മാത്രമേ പുതിയ പ്ലാൻ സജീവമാകൂവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
എയർടെല്ലിനും വോഡഫോണിനും പിന്നാലെ ജിയോയും താരിഫ് ഉയർത്തുമോ?

ചെയ്യേണ്ടത് എന്ത്?
നിങ്ങൾ ജിയോയുടെ 149 രൂപയുടെ പ്ലാൻ റീചാർജ് ചെയ്താൽ 24 ദിവസത്തേക്ക് സാധുതയുണ്ടാകും. 444 രൂപയുടെ പ്ലാനിന് 84 ദിവസം വരെ സാധുതയുണ്ട്. 1,699 രൂപയുടെ പ്ലാനാണ് റീച്ചാർജ് ചെയ്യുന്നതെങ്കിൽ 365 ദിവസത്തേക്ക് പഴയ ഓഫറുകൾ ലഭിക്കും. 336 ദിവസം തടസ്സമില്ലാത്ത സേവനങ്ങൾ ലഭിക്കുന്നതിന്, നിങ്ങൾക്ക് 444 പ്ലാൻ നാല് തവണ റീചാർജ് ചെയ്യാവുന്നതാണ്. പ്രതിദിനം 2 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഓരോ 444 രൂപയുടെ റീചാർജും 84 ദിവസത്തേക്കാണ് കാലാവധിയുള്ളത്. അത്തരം നാല് പ്ലാനുകൾ റീച്ചാർജ് ചെയ്യുന്നത് വഴി നിങ്ങൾക്ക് 336 ദിവസത്തെ സേവനം ലഭിക്കുമെന്ന് ഉറപ്പാക്കാം.

താരിഫ് വർദ്ധനവ്
കഴിഞ്ഞ ഞായറാഴ്ച, മറ്റ് ടെലികോം ഓപ്പറേറ്റർമാരുടെ താരിഫ് വർദ്ധനവ് പ്രഖ്യാപനത്തിന് ഒപ്പം, പരിധിയില്ലാത്ത കോളും ഡാറ്റയും ലഭിക്കുന്ന പുതിയ ഓൾ-ഇൻ-വൺ പ്ലാനുകൾ ആരംഭിക്കുമെന്ന് ജിയോയും പ്രഖ്യാപിച്ചിരുന്നു. താരിഫ് 40% വർദ്ധിപ്പിക്കാൻ ജിയോ തീരുമാനിച്ചിട്ടുണ്ടെങ്കിലും 300% കൂടുതൽ ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് നൽകുമെന്നാണ് ഓപ്പറേറ്റർമാർ അറിയിച്ചിരിക്കുന്നത്. എതിരാളികളായ ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും താരിഫുകൾ ഇന്നലെ മുതൽ വർദ്ധിപ്പിച്ചു.
ജിയോ വരിക്കാർക്ക് ലാൻഡ് ഫോണിൽ വരുന്ന കോൾക്ക് ഇനി നിങ്ങളുടെ മൊബൈലിൽ മറുപടി നൽകാം, എങ്ങനെ?

മറ്റ് കമ്പനികളേക്കാൾ ലാഭം
ജിയോ ഇതുവരെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാർക്കറ്റ് അനലിസ്റ്റുകളുടെ വിലയിരുത്തൽ അനുസരിച്ച് ജിയോയുടെ പ്ലാനുകൾ മറ്റ് കമ്പനികളുടേതിനേക്കാൾ വില കുറഞ്ഞവയായിരിക്കും. ഇന്ത്യയിലെ ടെലികോം മേഖലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ആദ്യത്തെ നിരക്ക് വർദ്ധനവാണിത്. പ്രീപെയ്ഡ് പ്ലാനുകൾക്ക് ശേഷം ഓപ്പറേറ്റർമാർ അവരുടെ പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ വിലയും ഉടൻ തന്നെ വർദ്ധിപ്പിക്കുമെന്നാണ് വിശകലന വിദഗ്ധരുടെ കണക്കുകൂട്ടൽ.
ജിയോ വരിക്കാർ അറിഞ്ഞോ? 149 രൂപയുടെ റീചാർജ് പ്ലാനിൽ മാറ്റം, ഡേറ്റയും വാലിഡിറ്റിയും കുറച്ചു