തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില എന്നും ചര്‍ച്ചയാണ്. എന്നാല്‍ എത്ര വില കൂട്ടിയാലും മദ്യത്തിന്റെ കാര്യത്തില്‍ സമരമോ പ്രതിഷേധമോ ഉണ്ടാകാറില്ല. പ്രതിപക്ഷമോ രാഷ്ട്രീയ പാര്‍ട്ടികളോ അതൊരു വിഷയമായി ഉന്നയിക്കാറും ഇല്ല.
അതുകൊണ്ട് തന്നെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍, ഏറ്റവും അധികം ആശ്രയിക്കുന്നതും മദ്യവരുമാനത്തെ തന്നെയാണ്. മദ്യനിര്‍മാതാക്കളുടെ ആവശ്യത്തെ തുടര്‍ന്ന് ഫെബ്രുവരി 1 മുതല്‍ ആണ് വില കൂട്ടിയത്. വില വീണ്ടും കുറയുമെന്നാണ് പുതിയ വാര്‍ത്ത. പരിശോധിക്കാം...

രണ്ട് തവണ വില വര്‍ദ്ധന
ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ വിലവര്‍ദ്ധന ആയിരുന്നു മദ്യത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്. കൊവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിനായിരുന്നു ആദ്യത്തെ വിലവര്‍ദ്ധന. അവസാനത്തേത്, മദ്യനിര്‍മാതാക്കളുടെ ആവലാതിയിന്‍മേലും.

എത്രശതമാനം
കേരളത്തില്‍ മദ്യത്തിന്റെ നികുതി എത്രയെന്ന് കേട്ടാല്‍ ആരും മൂക്കില്‍ വിരല്‍ വച്ച് പോകും. കഴിഞ്ഞ മെയ് മാസം വരെ ഇത് 212 ശതമാനം ആയിരുന്നു. മെയ് മാസത്തില്‍ പിന്നേയും എക്‌സൈസ് ഡ്യൂട്ടി കൂട്ടിയപ്പോള്‍ അത് 247 ശതമാനം ആയി.

എങ്ങനെ കുറയ്ക്കും?
മദ്യവില കഴിഞ്ഞ മാസം വര്‍ദ്ധിപ്പിക്കുമ്പോള്‍ തന്നെ, വില കുറയ്ക്കാനുള്ള സാധ്യതകള്‍ ആരായുമെന്ന എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ഏര്‍പ്പെടുത്തിയ അധിക നികുതിയാണ് പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.

35 ശതമാനം
കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 35 ശതമാനം അധിക എക്‌സൈസ് നികുതി ആയിരുന്നു ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഈടാക്കിയിരുന്നത്. ഇത് പിന്‍വലിക്കുന്നതിന് അനുമതി തേടി എക്‌സൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.

തിരഞ്ഞെടുപ്പ് വിജ്ഞാനപത്തിന് മുമ്പേ
മദ്യത്തിന്റെ വില കുറയ്ക്കുന്നത് എത്രയും പെട്ടെന്ന് വേണം എന്ന നിലപാടാണ് എക്‌സൈസ് വകുപ്പിന്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ പിന്നെ വില കുറയ്ക്കുക എന്നത് പെരുമാറ്റച്ചട്ട ലംഘനം ആകും. ഇപ്പോള്‍ മദ്യവില കുറച്ചാല്‍ അത് തിരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

വിലകുറഞ്ഞാല്‍
ഇപ്പോഴത്തെ അവസ്ഥയില്‍ നികുതി ഒഴിവാക്കിയാല്‍ തന്നെ വലിയ വിലക്കുറവുണ്ടാകും. പ്രമുഖ ബ്രാന്‍ഡുകളുടെ വില ബോട്ടിലിന് നൂറ് രൂപ വരെ കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്തായാലും ധനവകുപ്പിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇത് പ്രാവര്‍ത്തികമാകൂ.