കൊവിഡാനന്തര കേരള വികസനത്തിന്റെ രൂപരേഖയാണ് ഇത്തവണത്തെ ബജറ്റെന്ന് ബജറ്റ് അവതരണത്തിന് മുന്നോടിയായി തന്നെ ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. കൊവിഡ് പോരാളികൾക്ക് അഭിനന്ദനം അർപ്പിച്ചു കൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. കൊവിഡ് കാലത്ത് വലിയ സേവനം കാഴ്ചവെച്ച ആശാപ്രവര്‍ത്തകരുടെ അലവന്‍സില്‍ 1000 രൂപയുടെ വര്‍ധവ് വരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
തുച്ഛമായ അലവന്‍സ് ലഭിക്കുമ്പോഴും വിലപ്പെട്ട സേവനമാണ് ഇവർ കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ കാഴ്ച്ച വച്ചതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് സമ്പ്രദായത്തില്‍ നിന്ന് ആരോഗ്യ അഷ്വറന്‍സ് സമ്പ്രദായത്തിലേക്ക് കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമുകളെ ഏകോപിപിച്ചുകൊണ്ട് ആരോഗ്യ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴിയാണ് ഇത് നടത്തുന്നത്.
കൂടാതെ അങ്കണവാടി ടീച്ചര്‍മാര്‍ക്ക് അലവന്‍സ് 2000 രൂപ വര്‍ധിപ്പിച്ചു. ഹെല്‍പ്പര്‍മാര്‍ക്ക് 1000 രൂപ വര്‍ധിപ്പിച്ചു. സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് പ്രതിദിനം 50 രൂപ വര്‍ധിപ്പിച്ചു. സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം ഏപ്രില്‍ മുതല്‍ നടപ്പിലാക്കുമെന്നും കുടിശ്ശിക മൂന്ന് ഗഡുക്കളായി നല്‍കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
ജേണലിസ്റ്റ്, നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ 1000 രൂപ വര്‍ധിപ്പിച്ചു. മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വനിതാ പത്രപ്രവര്‍ത്തകര്‍ക്ക് തലസ്ഥാന നഗരിയില്‍ താമസ സൗകര്യത്തോടെയുള്ള പ്രസ് ക്ലബ് സ്ഥാപിക്കും.