ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വിപണി വീണ്ടും നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. പലിശ നിരക്കുകളില്‍ വര്‍ധന നടപ്പാക്കിയെങ്കിലും വിപണി ആരംഭത്തില്‍ കരസ്ഥമാക്കിയ നേട്ടം കൈവിടാതെ സൂക്ഷിച്ചു.
വ്യാപാരത്തിന്റെ ഇടവേളയില്‍ ചാഞ്ചാട്ടം രൂക്ഷമായിരുന്നെങ്കിലും സൂചികകള്‍ പിടിച്ചുനിന്നു. ഒടുവില്‍ പ്രധാന സൂചികകളായ നിഫ്റ്റി 16 പോയിന്റ് നേട്ടത്തോടെ 17,398-ലും സെന്‍സെക്‌സ് 89 പോയിന്റ് ഉയര്‍ന്ന് 58,388-ലും ക്ലോസ് ചെയ്തു.

റിസര്‍വ് ബാങ്ക് പ്രഖ്യാപനത്തോട് അനുകൂലമായാണ് ഓഹരി വിപണി ആദ്യ ഘട്ടം മുതല്‍ പ്രതികരിച്ചത്. നിഫ്റ്റി 50 പോയിന്റും സെന്‍സെക്‌സ് സൂചിക 200 പോയിന്റും ഒരു ഘട്ടത്തില്‍ മുന്നേറിയിരുന്നു.
പലിശ നിരക്കുകള്‍ ഉയര്‍ത്തിയെങ്കിലും രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ അനുമാനം മുന്‍ നിശ്ചയിച്ച നിരക്കില്‍ തന്നെ നിലനിര്‍ത്തിയതും പണപ്പെരുപ്പ നിരക്കിന്റെ അനുമാനം ഉയര്‍ത്താതിരുന്നതും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നും നാലും പാദങ്ങളില്‍ പണപ്പെരുപ്പം 4 ശതമാനം നിരക്കിലേക്ക് വരുമെന്ന് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നതും വിപണിയെ അനുകൂലമായി സ്വാധീനിച്ചുവെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

നിഫ്റ്റിയില്‍ ഇനിയെന്ത് ?
ഇന്നത്തെ വ്യാപാരത്തില്‍ നിഫ്റ്റി സൂചിക നിശ്ചിത റേഞ്ചിനുള്ളില്‍ തങ്ങിനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൂചികയുടെ ദിവസ ചാര്‍ട്ടില്‍ 'ദോജി പാറ്റേണ്‍' രൂപപ്പെട്ടു. ഇത് വിപണിയിലെ ബുള്ളുകള്‍ക്കും ബെയറുകള്‍ക്കുമുള്ള അനിശ്ചിതാവസ്ഥയെ സൂചിപ്പിക്കുന്നു. അതേസമയം ടെക്‌നിക്കല്‍ സൂചകമായ ആര്‍എസ്‌ഐയില്‍ 'ബുള്ളിഷ് ക്രോസ്ഓവര്‍' പാതയിലാണ്. നിഫ്റ്റി സൂചിക 17,500 നിലവാരത്തിന് താഴെ നില്‍ക്കുന്നിടത്തോളം 'സൈഡ്‌വേയ്‌സ്' രീതിയിലാവും നീക്കം. നിലവിലെ രീതിയില്‍ സൂചികയുടെ സപ്പോര്‍ട്ട് 17,200/ 17,000 നിലവാരങ്ങളില്‍ പ്രതീക്ഷിക്കാമെന്നും എല്‍കെപി സെക്യൂരിറ്റീസ് സൂചിപ്പിച്ചു.

ആര്‍ബിഐ തീരുമാനം
തുടര്‍ച്ചയായ മൂന്നാം പണനയ അവലോകോന യോഗത്തിലും അടിസ്ഥാന പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് വര്‍ധന നടപ്പാക്കി. വായ്പകളെ നേരിട്ട് സ്വാധീനിക്കാവുന്ന റിപ്പോ റേറ്റില്‍ 0.50 ശതമാനം വര്‍ധനയാണ് വരുത്തിയത്. ഇതോടെ റിപ്പോ റേറ്റ് 5.40 ശതമാനമായി ഉയര്‍ന്നു. റിപ്പോ റേറ്റില്‍ വര്‍ധന വരുത്തിയതോടെ സ്റ്റാന്‍ഡിങ് ഡെപോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) റേറ്റും ആനുപാതികമായി ഉയര്‍ന്നു. ഇതോടെ എസ്ഡിഎഫ് റേറ്റ് 4.65 ശതമാനത്തില്‍ നിന്നും 5.15 ശതമാനത്തിലേക്ക് വര്‍ധിച്ചു.
Also Read: ഷോപ്പിങ് പൊടിപൂരമാണെങ്കിലും ലുലു മാളിനും നഷ്ടക്കഥ!

ഇതിനോടൊപ്പം മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എംഎസ്എഫ്) റേറ്റും ആനുപാതികമായി 5.15 ശതമാനത്തില്‍ നിന്നും 5.65 ശതമാനത്തിലേക്ക് ഉയര്‍ന്നു. ബാങ്ക് റേറ്റും 5.65 ശതമാനമായി ഉയര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ധനനയ യോഗത്തിലും റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തിയതോടെ കോവിഡിന് മുന്നേയുള്ള നിലവാരത്തിലേക്ക് പലിശ നിരക്കുകള്‍ മടങ്ങിയെത്തി. കഴിഞ്ഞ മൂന്ന് എംപിസി യോഗങ്ങളിലായി പലിശ നിരക്കില്‍ 1.40 ശതമാനം വര്‍ധനയാണ് നടപ്പാക്കിയത്.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇന്നു വ്യാപാരം ചെയ്യപ്പെട്ട 2,143 ഓഹരികളില്‍ 1,016 എണ്ണം നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബാക്കി 819 ഓഹരികള്‍ നഷ്ടത്തോടെയും വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.26 നിലവാരത്തിലേക്ക് മെച്ചപ്പെട്ടു. കഴിഞ്ഞ ദിവസം എഡി അനുപാതം 0.85 നിലവാരത്തിലായിരുന്നു. കഴിഞ്ഞ 3 ദിവസമായി സൂചികയില്‍ കാര്യമായ മാറ്റമില്ലാതെയും എഡി അനുപാതം ക്രമാനുഗതമായി മെച്ചപ്പെടുന്നത് ശുഭലക്ഷണമാണ്.

അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകള്‍ 2 ശതമാനത്തോളം താഴ്ന്ന് 18.92 നിലവാരത്തിലേക്കെത്തി. വിക്സ് നിരക്കുകള്‍ വീണ്ടും താഴ്ന്ന് തുടങ്ങിയത് ബുള്ളുകള്‍ക്ക് അനുകൂല ഘടകമാണ്. അതുപോലെ മിഡ് കാപ്-100 സൂചിക നേട്ടത്തില്‍ അവസാനിച്ചപ്പോള്‍ സ്‌മോള്‍ കാപ്-100 സൂചിക ഫ്‌ലാറ്റ് ക്ലോസിങ്ങായിരുന്നു. എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 8 സൂചികകള്‍ നഷ്ടക്കിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
Also Read: ഓഫീസിലും വീട്ടിലും ഇരുന്നുള്ള പുതിയ തൊഴില്‍ സംസ്കാരം; നേട്ടം കൊയ്യുന്നത് ഈ ടാറ്റ ഓഹരി

നിഫ്റ്റി-50 സൂചികയിലെ 28 ഓഹരികള്‍ നേട്ടത്തിലും 22 എണ്ണം നഷ്ടത്തോടെയുമാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.
- നേട്ടം-: ശ്രീ സിമന്റ് 2.60 %, അള്‍ട്രാടെക് സിമന്റ് 2.44 %, ഐസിഐസിഐ ബാങ്ക് 2.04 %, യുപിഎല്‍ 1.47 %, ഭാരതി എയര്‍ടെല്‍ 1.33 %, ഇന്‍ഫോസിസ് 1.07 %, വീതവും നേട്ടം രേഖപ്പെടുത്തി.
- നഷ്ടം-: ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ് -2.28 %, ഹിന്‍ഡാല്‍കോ -2.22 %, ഐഷര്‍ മോട്ടോര്‍സ് -2.03 %, എം & എം -1.98 %, റിലയന്‍സ് ഇന്‍ഡസ്ട്രീസ് -1.52 %, ഹീറോ മോട്ടോ കോര്‍പ് -1.28 % വീതവും നഷ്ടം കുറിച്ചു.