റോഡ് അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ നൽകുമെന്ന് സംസ്ഥാന ധനകാര്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങളില്‍ ഒ.പി ഇനി ഉച്ചയ്ക്ക് ശേഷവും ഉണ്ടായിരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ആയൂര്‍വേദ മേഖലയ്ക്ക് ബജറ്റിൽ 78 കോടി രൂപ അനുവദിച്ചു. ഇതില്‍ 30 കോടി ആശുപത്രികളുടെ നവീകരണത്തിന് വേണ്ടി ചെലവഴിക്കും.
ആശുപത്രി, സ്‌കൂള്‍ എന്നിവടങ്ങളില്‍ സോഷ്യല്‍ ഓഡിറ്റിംഗ് നടപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ ആരോഗ്യ വകുപ്പിന്റെ കരുത്ത് ലോക ശ്രദ്ധനേടിയെന്നും ധനമന്ത്രി വ്യക്തമാക്കി. 2021-22ൽ 4000 തസ്തികകൾ ആരോഗ്യ വകുപ്പ് സൃഷ്ടിക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ തന്നെ വ്യക്തമാക്കി.
റീജിയണല്‍ കാന്‍സര്‍ സെന്ററിന് 71 കോടി, മലബാര്‍ കാന്‍സര്‍ സെന്ററിന് 25 കോടി രൂപയും വകയിരുത്തി. കൊച്ചി കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു. വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടിലെത്തിച്ച് നല്‍കാന്‍ കാരുണ്യ @ ഹോം പദ്ധതി നടപ്പാക്കുമെന്നും. ഒരു ശതമാനം അധിക ഇളവ് നല്‍കുമെന്നും മന്ത്രി വിശദീകരിച്ചു.
കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്ക് 2021-22ല്‍ യാഥാര്‍ഥ്യമാകുമെന്നും ഇതിനായുള്ള തറക്കല്ല് ഈ വര്‍ഷം ഇടുമെന്നും മന്ത്രി ഉറപ്പ് നൽകി. ആരോഗ്യസര്‍വകലാശാല ഗവേഷണ വിഭാഗത്തിന് ഡോ പല്‍പ്പുവിന്റെ പേര് നൽകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.