അച്ഛനമ്മമാരുടെ മരണ ശേഷം മക്കൾ തീ‍ർച്ചയായും ചെയ്യേണ്ട കാര്യങ്ങൾ

Posted By:
Subscribe to GoodReturns Malayalam

മരണം എന്നും വേദനാജനകമായ ഒരനുഭവമാണ്. എന്നാൽ അത് സ്വന്തം മാതാപിതാക്കളോ പങ്കാളിയോ ആണെങ്കിൽ വേദനയുടെ ആഴം വളരെ കൂടും. എന്നിരുന്നാലും നിങ്ങളുടെ ഉറ്റവരുടെ മരണ ശേഷം അവരുടെ സാമ്പത്തികമായ ചില കാര്യങ്ങൾ പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സ്വന്തം മക്കളോ, പങ്കാളിയോ, ഏറ്റവും അടുത്ത സുഹൃത്തോ ബന്ധുവോ ആകാം അതിന് അനുയോജ്യരായവർ.

സംശയങ്ങൾ നിരവധി

എവിടെയാണ് നിങ്ങൾ യഥാർത്ഥത്തിൽ തുടങ്ങേണ്ടത്? സാമ്പത്തിക രേഖകൾ എവിടെയാണെന്ന് നിങ്ങൾക്ക് അറിയാമോ? നിങ്ങളുടെ മാതാവോ പിതാവോ വിൽ പത്രം തയ്യാറാക്കിയിട്ടുണ്ടോ? മരിച്ചയാളുടെ ബാങ്ക് അക്കൗണ്ട് നോമിനി ആരാണ്? നിങ്ങളുടെ പിതാവിന് വേണ്ടി ടാക്സ് റിട്ടേണുകൾ സമർപ്പിക്കുന്നത് തുടരണോ? ഇത്തരത്തിലുള്ള നിരവധി സംശയങ്ങൾ നിങ്ങൾക്ക് ഉണ്ടായേക്കാം. എന്നാൽ അവയ്ക്കുള്ള ചില ഉത്തരങ്ങൾ ഇതാ...

വിദ​​ഗ്ധോപദേശം

മരിച്ചയാളുടെ സാമ്പത്തിക ഇടപാടുകൾ നിങ്ങൾക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ പറ്റുന്നില്ലെങ്കിൽ തീർച്ചയായും ഒരു വക്കീലിന്റെയോ സാമ്പത്തിക ഉപദേഷ്ടാവിന്റെയോ ഉപദേശം തേടണം. ഇത് നിങ്ങളുടെ പിശകുകൾ കണ്ടെത്താനും കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ഒരു അവബോധമുണ്ടാക്കാനും നിങ്ങളെ സഹായിക്കും.

മരണ സർട്ടിഫിക്കറ്റ്

മരിച്ചയാളുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകൾക്കും മരണസ‍ർട്ടിഫിക്കറ്റ് ആവശ്യമാണ്. അതിനാൽ ആദ്യം തന്നെ മരണ സർട്ടിഫിക്കറ്റിനുള്ള നടപടികൾ ആരംഭിക്കണം. കൂടാതെ ഒന്നിലധികം കോപ്പികൾ കൈയിൽ സൂക്ഷിക്കുകയും ചെയ്യണം.

രേഖകളിലെ പേരുകൾ

മരിച്ചയാളുടെ വിവിധ രേഖകളിലെ പേര് വിവരങ്ങൾ ഒരുപോലെയാണോയെന്ന് പരിശോധിക്കണം. പ്രത്യേകിച്ച് ആധാ‍ർ കാ‍ർഡ്, പാൻ കാർഡ് എന്നിവയിലെ പേരുകൾ. കാരണം പേരുകളിലെ ചില വ്യത്യാസങ്ങൾ പല ബുദ്ധിമുട്ടുകൾക്കും കാരണമാകാം.

വിൽപ്പത്രം

അടുത്ത ഘട്ടമെന്ന നിലയിൽ മരിച്ചയാൾ വിൽപത്രം എഴുതി സൂക്ഷിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുക. മാതാപിതാക്കളുടെ മരണശേഷം സാമ്പത്തിക കാര്യങ്ങൾ ക്രമപ്പെടുത്തുന്നതിൽ ഇത് വളരെ വലിയ പങ്ക് വഹിക്കും. ആസ്തികൾ എങ്ങനെ വിതരണം ചെയ്യണമെന്ന് നിർവചിക്കുന്ന രേഖ കൂടിയാണ് വിൽപ്പത്രം. ഇത് സ്വത്ത് സംബന്ധിച്ച തർക്കങ്ങൾ ഒരു പരിധി വരെ ഒഴിവാക്കും.

പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ്

വിൽപ്പത്രമോ നോമിനിയോ ഇല്ലാതെ അമ്മയും അച്ഛനും മരണപ്പെട്ടാൽ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് തീർച്ചയായും വാങ്ങണം. ചലിപ്പിക്കാവുന്ന വസ്തു വകകളുടെ മാത്രം അവകാശമേ ഈ സർട്ടിഫിക്കറ്റ് വഴി നേടാനാകൂ. ജില്ലാ കോടതിയിൽ നിന്നാണ് പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുക.

സാമ്പത്തിക രേഖകൾ കണ്ടെത്തുക

മരിച്ചയാളുടെ എല്ലാ സാമ്പത്തിക രേഖകളും കണ്ടെത്തണം. ഇത് അൽപ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. എല്ലാ രേഖകളും കണ്ടെത്തുകയും ക്രമീകരിക്കുകയും ചെയ്യുന്നത് കുറച്ച് ദീർഘവും സങ്കീർണവുമാണ്. ഇത് എളുപ്പമാക്കാൻ രേഖകളെ അസറ്റുകൾ, ബാധ്യതകൾ, ചെലവുകൾ, വരുമാനം എന്നിങ്ങനെ നാലായി തരംതിരിക്കാം. ഇൻഷുറൻസ്, സ്റ്റോക്കുകൾ, മ്യൂച്വൽ ഫണ്ടുകൾ, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, എടിഎം കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, യൂട്ടിലിറ്റി ബില്ലുകൾ, ഇഎംഐ രേഖകൾ ഇവയെല്ലാം ഇതിൽപ്പെടുന്നു.

തൊഴിൽ രേഖകൾ

മരണപ്പെട്ടയാൾ ജോലി ചെയ്ത് കൊണ്ടിരുന്ന ആളാണെങ്കിൽ തൊഴിലുടമയുമായി ബന്ധപ്പെടാനും ഇൻഷുറൻസും മറ്റ് ആനുകൂല്യങ്ങളും നേടാനും മറക്കരുത്.

ബാധ്യതകളുടെ ലിസ്റ്റ് തയ്യാറാക്കുക

ബാധ്യതകളുടെ ലിസ്റ്റ് തയ്യാറാക്കി ഉടനടി വീട്ടേണ്ട കടങ്ങൾ എത്രയും വേ​ഗം വീട്ടുക. ചില പെയ്മെന്റുകൾ ഇസിഎസ് വഴിയുള്ളതാവാം. അത്തരം തിരിച്ചടവുകൾക്ക് നിരീക്ഷണം ആവശ്യമില്ല. ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾ, ഓവർഡ് ഡ്രാഫ്റ്റ്, വായ്പകൾ ഇവയെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഇവ സംബന്ധിച്ച് വിവരങ്ങൾ മെയിൽ വഴിയോ എസ്എംഎസ് വഴിയോ ആകും ലഭിക്കുക.

സാമ്പത്തിക സ്ഥാപനങ്ങളെ അറിയിക്കുക

അടുത്ത സുപ്രധാന കാര്യം മരണ വിവരം മരിച്ചയാളുമായി ബന്ധപ്പെട്ട എല്ലാ ധനകാര്യ സ്ഥാപനങ്ങളെയും അറിയിക്കുക എന്നതാണ്. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ടാക്സ് ഡിപ്പാർട്ട്മെന്റ് തുടങ്ങിയവ ഇതിൽ ഉൾപ്പെടും. കൂടാതെ ഹൗസ് ലോൺ, പേഴ്സണൽ ലോൺ തുടങ്ങിയവ എടുത്തിട്ടുള്ള വായ്പക്കാരെയും വിവരം അറിയിക്കേണ്ടതാണ്.

അക്കൗണ്ടുകൾ പിൻവലിക്കുക അല്ലെങ്കിൽ ട്രാൻസ്ഫർ ചെയ്യുക

മരിച്ചയാൾക്ക് ഒരു ജോയിന്റ് അക്കൗണ്ടാണ് ഉണ്ടായിരുന്നതെങ്കിൽ ആ അക്കൗണ്ട് പിൻവലിച്ച് നോമിനിയുടെ പേരിൽ മാത്രമായി ആ അക്കൗണ്ട് നിലനിർത്താം. ഇത് ഒരു സങ്കീർണ്ണമായ പ്രക്രിയയല്ല, മരണ സർട്ടിഫിക്കറ്റും നോമിനിയുടെ അഡ്രസ് പ്രൂഫും മാത്രമേ ഇതിന് ആവശ്യമുള്ളൂ.

വാഹന ഉടമസ്ഥത

ബന്ധപ്പെട്ട അധകൃതർക്ക് അപേക്ഷ സമർപ്പിച്ച് വാഹനത്തിന്റെ രജിസ്ട്രേഷൻ മരിച്ചയാളിൽ നിന്ന് അവകാശികളുടെ പേരിലേയ്ക്ക് മാറ്റണം. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ​ഗതാഗത വകുപ്പിന്റെ വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്.

വരുമാനവും നിക്ഷേപവും പരിശോധിക്കുക

മരിച്ചയാളുടെ വരുമാനവും നിക്ഷേപവും സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ശേഖരിക്കണം. അത് എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തിലും വ്യക്തമായ തീരുമാനം എടുക്കേണ്ടതാണ്.

മരിച്ചയാൾക്ക് വേണ്ടി ടാക്സ് റിട്ടേൺ സമ‍ർപ്പിക്കുക

അവഗണിക്കാനാകാത്ത ഒരു കാര്യമാണ് ടാക്സ് റിട്ടേൺ സമ‍ർപ്പിക്കൽ. അതിനാൽ മരണമടഞ്ഞയാളുടെ ആ സാമ്പത്തിക വർഷത്തെ ടാക്സ് റിട്ടേൺ നിയമപരമായ പ്രതിനിധികൾ സമർപ്പിക്കേണ്ടതാണ്. ഇതിനായി മരണ സർട്ടിഫിക്കറ്റ്, നിങ്ങളുടെയും മാതാപിതാക്കളുടെ PAN കാർഡുകളുടെയും നിയമപരമായ അവകാശി സർട്ടിഫിക്കറ്റും കൂടാതെ രേഖാമൂലമുള്ള സത്യവാങ്മൂലവും നൽകണം. റിട്ടേൺ സമ‍ർപ്പിച്ച ശേഷം ആദായ നികുതി ഓഫീസിലെത്തി പാൻ കാർഡ് കാൻസൽ ചെയ്യണം.

മാതാപിതാക്കളുടെ വ്യക്തിത്വം സംരക്ഷിക്കുക

മരിച്ചയാളുമായി ബന്ധപ്പെട്ട എല്ലാ പ്രധാന രേഖകളും അതായത് എടിഎം, ക്രെഡിറ്റ് കാർഡ് തുടങ്ങിവ പിൻവലിക്കുക. കൂടാതെ ഇ-മെയിലുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ക്ലോസ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം പിന്നീട് പല ദുരുപയോ​ഗങ്ങൾക്കും ഇത് കാരണമായേക്കാം.

malayalam.goodreturns.in

English summary

financial tasks to do when a parent dies

Goodbyes are the hardest when they are final. It’s worse if it involves one of your parents. Taking stock of the finances is an overwhelming task and it’s easy to be stumped by the maze of formalities. Where do you start?
Story first published: Wednesday, August 9, 2017, 11:12 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns