2021 സാമ്പത്തിക വർഷത്തിലെ കണക്ക് പ്രകാരം ഇന്ത്യയിൽ 62 ദശലക്ഷം ക്രെഡിറ്റ് കാർഡ് ഉടമകളുണ്ട്. അഞ്ച് വർഷം മുൻപ് 24.50 ദശലക്ഷം ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കലാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഇവിടെ നിന്നാണ് ഈ കുതിച്ചു ചാട്ടം. പുതിയ ക്രെഡിറ്റ് കാർഡ് ഹോൾഡർമാർ കാർഡുകളുടെ ഉപയോഗത്തിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ടത്.
ഓഫറുകളും റിവാർഡും ക്യാഷ്ബാക്കുകളും ലഭിക്കുന്നതിനാൽ ചെലവാക്കാനുള്ള ത്വര ക്രെഡിറ്റ് കാർഡ് കയ്യിൽ കിട്ടിയാൽ ഉണ്ടാകും. ക്രെഡിറ്റ് പരിധിയും ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ (ക്രെഡിറ്റ് ഉപയോഗ അനുപാതം) യും ശ്രദ്ധിക്കാതെയുള്ള ചെലവാക്കൽ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. ഭാവിയിൽ വീട് നിർമാണത്തിനോ മറ്റോ വായ്പയ്ക്ക് ശ്രമിക്കുമ്പോഴാണ് ഇവ തിരിച്ചടിയാകുന്നത്.

എന്താണ് ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ
ക്രെഡിറ്റ് കാർഡുകളിലെ റിവോൾവിംഗ് ക്രെഡിറ്റ് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെയാണ് ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ സൂചിപ്പിക്കുന്നത്. ക്രെഡിറ്റ് കാർഡിൽ എത്രത്തോളം ചെലവഴിക്കുന്നുവോ അത്രത്തോളം ക്രെഡിറ്റ് വിനിയോഗം ഉയരും. ഇത് പൊതുവെ ശതമാനത്തിലാണ് കണക്കാക്കുന്നത്. ക്രെഡിറ്റ് സ്‌കോര്‍ കണക്കാക്കാന്‍ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയായ സിബിൽ പോലുള്ള ഏജൻസികൾ ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ ഉപയോഗിക്കുന്നുണ്ട്.
മികച്ച ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ എന്നത് 30 ശതമാനമായാണ് കണക്കാക്കുന്നത്. ഉദാഹരണത്തിന്, നിങ്ങളുടെ കയ്യിലുള്ള 2 ക്രെഡിറ്റ് കാർഡുകളിലെയും ആകെ ക്രെഡിറ്റ് പരിധി 1 ലക്ഷം രൂപയാണെങ്കിൽ എല്ലാ കാർഡിലെയും മൊത്തം കുടിശ്ശിക ഒരു സമയത്തും 30,000 രൂപയിൽ കൂടരുത്.

എങ്ങനെ കണക്കാക്കും
രണ്ട് ക്രെഡിറ്റ് കാര്‍ഡ് സ്വന്തമായുള്ള വ്യക്തിക്ക് രണ്ടിലും കൂടി 1 ലക്ഷം രൂപയാണ് ക്രെഡിറ്റ് ലിമിറ്റ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ആദ്യ കാര്‍ഡില്‍ 50,000 രൂപ അടയ്ക്കാനുണ്ട്. രണ്ടാമത്തെ കാര്‍ഡില്‍ കുടിശ്ശിക തുകയൊന്നുമില്ല. ഈ വ്യക്തിയുടെ ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ പരിശോധിക്കാം.
കാര്‍ഡുകളിലെ കുടിശ്ശിക തുകയെ ക്രെഡിറ്റ് ലിമിറ്റ് കൊണ്ട് ഹരിച്ച് 100 കൊണ്ട് ഗുണിച്ചാലാണ് ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ ലഭിക്കുക. ഇവിടെ (50,000/1,00,000*100) 50 ശതമാനമാണ് ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ.

ക്രെഡിറ്റ് സ്കോറിനെ എങ്ങനെ ബാധിക്കും
കുറഞ്ഞ അളവിൽ വായ്പയെ ഉപയോഗിക്കുന്നു എന്നതാണ് ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ സൂചിപ്പിക്കുന്നത്. വായ്പകൾ പരിധിക്കുള്ളിൽ ഉപയോഗിക്കുന്നവരാണെന്നും വായ്പകൾ കൈകാര്യം ചെയ്യുന്നവരാണെന്നുമുള്ള സൂചന കൂടിയാണിത്. ഇതുവഴി 30 ശതമാനം പരിധിക്കുള്ളിൽ ക്രെഡിറ്റ് കാർഡ് ചെലവാക്കലുകൾ നടത്തുന്നത് ക്രെഡിറ്റ് സ്‌കോര്‍ സുരക്ഷിതമാക്കാന്‍ സഹായിക്കും.

ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ നിലനിർത്തുന്നൊരാൾക്ക് പിന്നീടുള്ള വാഹന വായ്പകള്‍, ഭവന വായ്പകള്‍, വ്യക്തിഗത വായ്പകള്‍ തുടങ്ങിയവയ്ക്കുള്ള യോഗ്യത ഉയർന്നതാണ്. അതേസമയം ക്രെഡിറ്റ് ക്രെഡിറ്റ് യൂട്ടിലൈസേഷൻ കൂടിയ വ്യക്തികൾ സാമ്പത്തിക നിയന്ത്രണം കുറഞ്ഞ വ്യക്തികളാണെന്നാണ് വിലയിരുത്തുന്നത്.

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ
ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ ഒരു ബില്ലിങ് സൈക്കിളിൽ 30 ശതമാനത്തിൽ കൂടിയാൽ ഡ്യൂഡേറ്റ് വരെ കാത്തിരിക്കാതെ ബില്ലുകൾ വേഗത്തിൽ അടച്ച് കുറച്ചു കൊണ്ടുവരാനാകും. ഇതിനൊടപ്പം ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യ സമയത്ത് അടച്ച് മുന്നോട്ട് പോകാൻ ശ്രദ്ധിക്കണം. ക്രെഡിറ്റ് കാർഡുകളുടെ എണ്ണം കൂട്ടുന്നത് ക്രെഡിറ്റ് എക്സ്പോഷർ കൂട്ടുകയും ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയും ചെയ്യും.
ആവശ്യങ്ങൾക്ക് ഉതകുന്ന ഒന്നോ രണ്ടോ ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുക. ഓരോന്നിലും ചെലവാക്കാൻ സാധിക്കുന്നതിനാൽ ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ 30 ശതമാനം മറികടക്കാതെ സൂക്ഷിക്കാം.